വയലാര്‍ രവി; പിന്നെ ആന്റണിയും ഉമ്മന്‍ചാണ്ടിയും
രാഷ്ട്രീയ നേതാവും മന്ത്രിയും മുഖ്യമന്ത്രിയും ഭരണഘടനാ നിര്‍മാണ സഭാംഗവും പത്രാധിപരും എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയും കെ.പി.സി.സി പ്രസിഡന്റും ഒക്കെയായിരുന്നു ആര്‍. ശങ്കര്‍. എല്ലാറ്റിനുമപ്പുറത്ത് എസ്.എന്‍ ട്രസ്റ്റ് എന്ന സ്ഥാപനവും അതിനു കീഴിലുള്ള അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളും സൃഷ്ടിച്ച മഹത്‌വ്യക്തിയും. ഇപ്പറഞ്ഞ ഉന്നതസ്ഥാനങ്ങളോടൊപ്പം ചേര്‍ന്നുപോവുന്ന തലയെടുപ്പും ഗാംഭീര്യവും. കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആര്‍. ശങ്കറിന് അദ്ദേഹത്തിന്റേതായ ഒരു ഇടം ശരിയാംവണ്ണം മാറ്റിവച്ചിട്ടുണ്ട്.
1971-ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍ മത്സരിക്കാനൊരുങ്ങുകയാണ് ശങ്കര്‍. അന്ന് 62 വയസ്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട് - ശങ്കറിനെ കേന്ദ്രത്തില്‍ ആവശ്യമുണ്ട്. ആര്‍ക്കും ഒരു തര്‍ക്കവുമില്ല. ശങ്കറിനു ചിറയിന്‍കീഴ് തന്നെ. പക്ഷേ വയലാര്‍ രവിക്കു സീറ്റ് വേണം. യൂത്ത് കോണ്‍ഗ്രസിന്റെ ചൂടന്‍ നേതാവാണ്. എ.കെ ആന്റണിയും ഉമ്മന്‍ചാണ്ടിയുമൊക്കെയാണ് സമശീര്‍ഷരായ മറ്റു നേതാക്കള്‍. യൂത്ത് കോണ്‍ഗ്രസിനു സീറ്റു കിട്ടിയേ മതിയാവൂ. അതും വയലാര്‍ രവിക്ക്. പൊതുതെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പാണ് രവി കല്യാണം കഴിച്ചത്. ഭാര്യ മേഴ്‌സി. യാഥാസ്ഥിതിക, കത്തോലിക്കാ കുടുംബക്കാരി. വയലാര്‍ രവിയാകട്ടെ, വയലാറിലെ ഒരു ഈഴവ സമുദായക്കാരനും. വലിയ കുടുംബക്കാരായ മേഴ്‌സിയുടെ കുടുംബം കല്യാണത്തിനു സമ്മതിക്കുന്ന പ്രശ്‌നമേയില്ല. കൊച്ചി മഹാരാജാസ് കോളജില്‍ പഠിക്കുന്ന കാലത്തു തുടങ്ങിയ പ്രണയമാണ്. മൂത്ത പ്രണയം. അവസാനം ഒളിച്ചോടാന്‍ തന്നെ തീരുമാനിച്ചു. ഒരു കാര്‍ സംഘടിപ്പിച്ച് രവി കാമുകിയെ കാത്തുനിന്നു. പള്ളിയില്‍ പോവുന്നുവെന്നു പറഞ്ഞ് മേഴ്‌സി വീട്ടില്‍ നിന്നിറങ്ങി. ഇരുവരും അതിവേഗം നാടുവിട്ടു. വീട്ടുകാര്‍ പുറകേ കൂടിയെങ്കിലും 'പ്രതികളെ' കിട്ടിയില്ല.
പെട്ടെന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നത്. ഇന്ദിരാഗാന്ധി നേരിട്ടുതന്നെ വയലാര്‍ രവിയോട് മത്സരിക്കാന്‍ പറഞ്ഞു. സീറ്റുകള്‍ ഇഷ്ടം പോലെ. ആലപ്പുഴ വളരെ നല്ല സീറ്റ്. രവിയുടെ സാമ്രാജ്യം എന്നുതന്നെ പറയാം. പക്ഷേ രവിക്കു പേടിയായി. ഭാര്യവീട്ടുകാര്‍ ഓടിച്ചിട്ടു തോല്‍പ്പിക്കും, തീര്‍ച്ച. കത്തോലിക്കാ വിശ്വാസികളൊക്കെയും അതൊരു പ്രസ്റ്റീജ് പ്രശ്‌നമായെടുത്തിരിക്കുകയാണ്. കത്തോലിക്കരും കത്തോലിക്കാ പള്ളിയുമില്ലാത്ത ലോക്‌സഭാ സീറ്റ് വല്ലതുമുണ്ടോ? രവി പരക്കെ പരതി. ഉണ്ട്, ഒരു മണ്ഡലമുണ്ട്. സാക്ഷാല്‍ ചിറയിന്‍കീഴ്. കത്തോലിക്കാ പള്ളിയൊന്നും മണ്ഡലത്തിലില്ല. എന്നാല്‍ പിന്നെ ചിറയിന്‍കീഴ് തന്നെ, രവിയും യുവാക്കളുടെ സെറ്റും തീരുമാനിച്ചു. പിന്നീടാണു ഗുരുതരമായ തടസം കണ്ടത്. അവിടെ ആര്‍. ശങ്കര്‍ നേരത്തെ തന്നെ സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങിയിരുന്നു. കോണ്‍ഗ്രസിലെ തലമൂത്ത നേതാവാണ് ആര്‍. ശങ്കര്‍. വയലാര്‍ രവിക്ക് 32 വയസ് മാത്രം. എന്തു ചെയ്യും. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒത്തുകൂടി. ചിറയിന്‍കീഴ് വയലാര്‍ രവിക്ക് തന്നെ - യുവനേതാക്കള്‍ പ്രഖ്യാപിച്ചു. പിന്നൊരു മുന്നേറ്റമായിരുന്നു. ചിറയിന്‍കീഴില്‍ നിന്നതും ജയിച്ചതും വയലാര്‍ രവി. കോണ്‍ഗ്രസിലെ യുവനിര കേരള രാഷ്ട്രീയത്തില്‍ അവരുടെ മുന്നേറ്റത്തിനു തുടക്കം കുറിച്ചിരുന്നു. വയലാര്‍ രവി, എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, പി.സി ചാക്കോ, വി.എം സുധീരന്‍... കെ.എസ്.യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും കേരള രാഷ്ട്രീയത്തിലേയ്ക്കും അതുവഴി ഇന്ത്യന്‍ രാഷ്ട്രീയത്തിലേയ്ക്കും വളര്‍ന്ന നേതാക്കള്‍ എത്രയെത്ര. അതില്‍ വയലാര്‍ രവി ഇപ്പോഴും രാജ്യസഭാംഗം. ഉടന്‍ തന്നെ അവിടെനിന്ന് പിരിയുകയാണ്. ഇക്കഴിഞ്ഞ ദിവസം രാജ്യസഭ യാത്രയയപ്പ് നല്‍കുകയും ചെയ്തു. മറ്റൊരംഗമായ എ.കെ ആന്റണി അധികം താമസിയാതെ റിട്ടയര്‍ ചെയ്യും.
വീണ്ടുമൊരു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് വയലാര്‍ രവിയുടെ റിട്ടയര്‍മെന്റ് പ്രസക്തമാവുന്നത്. 1970-ല്‍ എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി എന്നിങ്ങനെ കോണ്‍ഗ്രസിലെ വിദ്യാര്‍ഥി - യുവജന നേതാക്കള്‍ നിയമസഭയിലെത്തിയത് സുവര്‍ണ ചരിത്രമായി. അന്ന് എം.എ ജോണ്‍ ആയിരുന്നു കെ.എസ്.യുവിനെയും യൂത്ത് കോണ്‍ഗ്രസിനെയും രൂപപ്പെടുത്തി, പരുവപ്പെടുത്തി, പതം വരുത്തിയെടുത്തത്. ആദര്‍ശശുദ്ധിയുടെ ഒരു വലിയ പരിവേഷം അദ്ദേഹം ഈ രണ്ടു സംഘടനകള്‍ക്കും പകര്‍ന്നുനല്‍കി. അതൊരു വലിയ ശക്തിയായിരുന്നു. രണ്ടു സംഘടനകളും വളരുന്ന തലമുറയ്ക്കുവേണ്ടി പഠന ക്ലാസുകള്‍ സംഘടിപ്പിച്ചു. യുവ മനസുകളെ ആകര്‍ഷിക്കുന്ന തരത്തില്‍ പുതിയ തലമുറയുടെ പുത്തന്‍ രാഷ്ട്രീയം എം.എ ജോണ്‍ അവരെ പഠിപ്പിച്ചു. ആ കൂട്ടത്തില്‍നിന്ന് ആദ്യം ഉയര്‍ന്നു പറന്ന പക്ഷിയാണ് എ.കെ ആന്റണി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കോഴിക്കോട്ടെത്തി ബിഷപ്പുമാരെ കാണാനൊരുങ്ങിയപ്പോള്‍ അങ്ങോട്ടേയ്ക്കു പോകാതെ തിരുവനന്തപുരത്തിരുന്നു എ.കെ ആന്റണി. ജനങ്ങളൊന്നടങ്കം ആന്റണിക്കു കൈയടിച്ച കാര്യം ഓര്‍ക്കണം.
കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് പുതിയൊരു ഇടവും പ്രസക്തിയും നേടിയെടുത്തത് ഈ യുവനിരയാണ്. അവര്‍ക്കു നേതൃത്വം കൊടുത്ത എം.എ ജോണ്‍ പക്ഷേ കോണ്‍ഗ്രസില്‍ത്തന്നെ അപ്രസക്തനാവുകയും ചെയ്തു, തന്നെ കൈപിടിച്ചുയര്‍ത്തിയ ജോണിന് ഒരു കൈ സഹായം നല്‍കാന്‍ എ.കെ ആന്റണി തയാറായില്ലെന്നതും കോണ്‍ഗ്രസ് ചരിത്രത്തിലെ ഒരേട്.
എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, വയലാര്‍ രവി - മിന്നിത്തിളങ്ങുന്ന ഈ മൂന്നു പേരും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ, പ്രത്യേകിച്ച് ചെറുപ്പക്കാരെ വളരെയധികം പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. 1957 ലെ ഇ.എം.എസ് സര്‍ക്കാരിനെതിരേ ആദ്യം വിരല്‍ ചൂണ്ടിയത് കത്തോലിക്കാ സഭയാണ്. വിദ്യാഭ്യാസ നിയമം കൊണ്ടുവരാന്‍ ഒരുങ്ങിയതാണ് സഭയ്ക്കിഷ്ടപ്പെടാതെ പോയത്. സ്വകാര്യ സ്‌കൂളുകളില്‍ നല്ലൊരു പങ്കും അന്ന് കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലായിരുന്നു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരേ ആദ്യം നടന്നത് രാഷ്ട്രീയ സമരമല്ലെന്നര്‍ഥം. പിന്നീട് കത്തോലിക്കാ സഭയോടൊപ്പം എന്‍.എസ്.എസും ചേര്‍ന്നു. അതിനുശേഷം അതായത് 1972 ല്‍ കെ.എസ്.യു വിദ്യാഭ്യാസ സമരം നടത്തിയതും ആ സമരം കത്തോലിക്കാ സഭയ്‌ക്കെതിരായതും ചരിത്രത്തിന്റെ മറ്റൊരു തിരിവ്. കെ.എസ്.യുവും യൂത്ത് കോണ്‍ഗ്രസും എ.കെ ആന്റണിയുടെ പൂര്‍ണ പിന്തുണയോടെ സമരം കടുപ്പിച്ചപ്പോള്‍ ബിഷപ്പുമാരും പുരോഹിതന്മാരും വിശ്വാസികളും കോണ്‍ഗ്രസിനെതിരേ തെരുവിലിറങ്ങുകയായിരുന്നു. എന്നാല്‍, വിദ്യാഭ്യാസസമരം കോണ്‍ഗ്രസിനു വലിയൊരു രാഷ്ട്രീയ നേട്ടം തന്നെയായിരുന്നു.
കേരള രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിനു വളരാന്‍ പുതിയൊരു വഴി വെട്ടിത്തെളിച്ചു എന്നതാണ് എ.കെ ആന്റണിയുടെ സംഭാവന. കേരളത്തിന്റെ രാഷ്ട്രീയ മനസ് അല്‍പം ഇടതു ചരിഞ്ഞതാണെന്നു നേരത്തേ തന്നെ മനസിലാക്കി ആന്റണി. രാഷ്ട്രീയത്തില്‍ സ്വയം അല്‍പം ഇടത്തോട്ടു ചരിയുകയായിരുന്നു അദ്ദേഹം. ഇതു പാര്‍ട്ടിയില്‍ വലിയ സംഘര്‍ഷങ്ങളുണ്ടാക്കി. കെ. കരുണാകരന്‍ ബദ്ധശത്രുവായി തലയുയര്‍ത്തിനിന്നു. കരുണാകരനും ആന്റണിയും തമ്മിലുള്ള പോരാട്ടവും കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി. ഗ്രൂപ്പു പ്രവര്‍ത്തനം ഒരു തരത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനം തന്നെയായി മാറുകയായിരുന്നു. എ.കെ ആന്റണിയുടെ സ്വന്തം വിവാഹം പോലും രാഷ്ട്രീയമായി എന്നു പറയാം. കത്തോലിക്കനായ എ.കെ ആന്റണി എസ്.ബി.ടി ഉദ്യോഗസ്ഥയായ എലിസബത്തിനെ കല്യാണം കഴിച്ചത് പള്ളിയിലായിരുന്നില്ല. വിവാഹം ഉമ്മന്‍ചാണ്ടിയുടെ വീട്ടിലായിരുന്നു. രജിസ്ട്രാര്‍ വീട്ടിലെത്തി വിവാഹം രജിസ്റ്റര്‍ ചെയ്ത് ചടങ്ങ് ഔദ്യോഗികമാക്കിയപ്പോള്‍ ആന്റണി കേരള സമൂഹത്തിന് ഒരു വലിയ രാഷ്ട്രീയ സന്ദേശമാണ് നല്‍കിയത്. കോണ്‍ഗ്രസിന് ഒരു പുതിയ ദിശാബോധം നല്‍കാനും ആന്റണിക്കു കഴിഞ്ഞു.
അതേസമയം തന്നെ ഈ മൂന്നു നേതാക്കളും - ആന്റണി, ഉമ്മന്‍ചാണ്ടി, വലയാര്‍ രവി - അവരുടെ സംഭാവനയ്ക്കു പകരമായി വലിയ പങ്കും പറ്റി. മൂവരും ഇതാ, ഇപ്പോഴും അധികാരത്തില്‍ തുടരുന്നു. 1970 -ല്‍ നിയമസഭാംഗമായ എ.കെ ആന്റണി കേരളത്തില്‍ ഏറ്റവും ചെറുപ്രായത്തില്‍ മുഖ്യമന്ത്രിയാവുന്ന നേതാവായി. അതേ വര്‍ഷം നിയമസഭാംഗമായ ഉമ്മന്‍ചാണ്ടി ഇപ്പോഴും നിയമസഭാംഗമായി തുടരുന്നു. ഇപ്പോഴിതാ, തെരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ചെയ്യുന്നു. അരനൂറ്റാണ്ടിലേറെക്കാലമായി അദ്ദേഹം പുതുപ്പള്ളി എന്ന ഒരേയൊരു മണ്ഡലത്തെ പ്രതിനിധീകരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കിയിരിക്കുന്നു. വയലാര്‍ രവി എത്രയെത്ര പദവികളില്‍ എത്തി. സംഘടനാപരമായും ഔദ്യോഗികമായും.
കഴിഞ്ഞ അരനൂറ്റാണ്ടിലേറെക്കാലമായി കേരളത്തിലെ കോണ്‍ഗ്രസിന്റെ തലപ്പത്ത് ഉയര്‍ന്നുനില്‍ക്കുന്ന മൂന്നു നേതാക്കളാണിവര്‍ - എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി, വയലാര്‍ രവി. ഏറെ താരശോഭയുള്ള നേതാക്കള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരണത്തുടര്‍ച്ച എന്നു പറയുന്നതുപോലെ ഇവരാരും എന്താ കോണ്‍ഗ്രസിലെ 'നേതൃത്വ തുടര്‍ച്ച'യെപ്പറ്റി പറയാത്തത്? കോണ്‍ഗ്രസിനു വളരെ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പില്‍ പോലും അതിനു കാര്യമായ ശ്രമം നടന്നിട്ടുണ്ടെന്ന് പറയാനാവില്ല. ഒരു നല്ല പങ്കു സീറ്റും ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതംവയ്ക്കുകയായിരുന്നു എന്ന കാര്യം വളരെ വ്യക്തം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് നല്‍കുന്ന ചിത്രം കോണ്‍ഗ്രസിനെ സംബന്ധി ച്ചെടുത്തോളം ശുഷ്‌കം തന്നെയായിരുന്നു എന്ന കാര്യവും ഓര്‍ക്കണം. ആന്റണിയും ഉമ്മന്‍ചാണ്ടിയും വയലാര്‍ രവിയും സജീവമായി കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തിളങ്ങിനില്‍ക്കുമ്പോഴാണിതെന്നും കാണുക. ഇനി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരട്ടെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."