'കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന കേരള പൊലിസ്' പി.എഫ്.ഐ കണ്ടുകെട്ടലില്‍ ആളുമാറി ജപ്തിക്കെതിരെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമങ്ങളിലുണ്ടായ നഷ്ടം ഈടാക്കാന്‍ ഹൈക്കോടതി ഉത്തരവ് പ്രകാരം നടത്തിയ ജപ്തി നടപടികളില്‍ ആളുമാറിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടുന്ന രീതിയാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. നിരപരാധികളുടെ മേല്‍ കുതിരകയറുന്ന പൊലിസ് നയം വെച്ചു പൊറുപ്പിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
ഫേസ്‌പോസ്റ്റിന്റെ പൂര്‍ണരൂപം
കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന രീതിയാണ് ഇപ്പോള്‍ സ്വത്ത് കണ്ടെത്തല്‍ നടപടികളില്‍ കേരള പൊലിസ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താല്‍ ജനാധിപത്യവിരുദ്ധവും നിയമ വാഴ്ചയോടുള്ള വെല്ലുവിളിയും ആയിരുന്നു എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ അതിന്റെ പേരില്‍ ഏതൊരാളുടെ മേലിലും കുതിര കയറാമെന്ന പോലീസ് നയം വെച്ചുപൊറുപ്പിക്കാനാവില്ല.
കോടതി നിയമം നടപ്പാക്കാനാണ് ആവശ്യപ്പെട്ടത്, അല്ലാതെ നിരപരാധികളുടെ മേല്‍ അക്രമം കാണിക്കാനല്ല. പോപ്പുലര്‍ ഫ്രണ്ടും, മുസ്‌ലിം ലീഗും ഇരു ദ്രുവങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രസ്ഥാനങ്ങള്‍ ആണ്. ഈ പ്രാഥമിക വിവരം പോലും ഇല്ലാത്തവരാണോ കേരള പൊലിസിലുള്ളത് ?
പോപ്പുലര്‍ ഫ്രണ്ട്കാരന്റെ സ്വത്ത് കണ്ടുകെട്ടുന്നു എന്ന വ്യാജേന മുസ്‌ലിം ലീഗിന്റെയും, പോപ്പുലര്‍ ഫ്രണ്ട് ഇതര സംഘടനകളുടെയും പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം കാണിച്ച പോലീസ് നടപടി സര്‍ക്കാറിന്റെ നയം തന്നെയാണോ എന്നത് സര്‍ക്കാര്‍ വ്യക്തമാക്കണം. എന്ത് തലതിരിഞ്ഞ നയമാണിത് ?
പോലീസിന്റെ അനീതിയില്‍ അധിഷ്ടിഷ്ഠിതമായ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."