കോൺസൽ ജനറലിന് ഹജ്ജ് വെൽഫെയർ ഫോറം സ്വീകരണം നൽകി
ജിദ്ദ: ജിദ്ദ കോൺസുലേറ്റിൽ പുതുതായി നിയമിതനായ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിന് ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ നസീർ വാവക്കുഞ്ഞു കോൺസൽ ജനറലിനു പൂച്ചെണ്ട് നൽകി. ഉപദേശക സമിതി അംഗം അബ്ബാസ് ചെമ്പൻ, കോ-ഓർഡിനേറ്റർ സി.എച്ച് ബഷീർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ ആശംസകളും സന്നദ്ധ പ്രവർത്തനങ്ങൾക്കുള്ള പിന്തുണയും അറിയിച്ചു കൊണ്ടുള്ള പത്രവും കോൺസൽ ജനറലിനു സമർപ്പിച്ചു. ജിദ്ദയിലെ വിവിധ മത - രാഷ്ട്രീയ - സാമൂഹ്യ സംഘടനകളുടെ പൊതു കൂട്ടായ്‌മയാണ് ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം.
കാൽ നൂറ്റാണ്ടായി ഹജ്ജ് സേവന രംഗത്ത് പ്രവർത്തിക്കുന്ന ഹജ്ജ് വെൽഫെയർ ഫോറത്തിന്റെ പ്രവർത്തനങ്ങൾ ശ്ളാഘനീയമാണെന്നു കോൺസൽ ജനറൽ പറഞ്ഞു. ഹജ്ജിനെത്തുന്ന ജന ലക്ഷങ്ങൾക്ക് സന്നദ്ധ സേവകരുടെ സേവനം ലഭിക്കുന്നത് മഹത്തായ കർമ്മമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺസുലേറ്റുമായി ബന്ധപ്പെട്ട ഇന്ത്യൻ സമൂഹത്തിന്റെ സേവനങ്ങൾ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അനായാസം ലഭ്യമാക്കാനുള്ള യജ്ഞത്തിലാണ് കോൺസുലേറ്റ് എന്ന് കോൺസൽ ജനറൽ ഹജ്ജ് വെൽഫെയർ ഫോറം ഭാരവാഹികളെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."