ഖാദി ഓണം - ബക്രീദ് മേള ഇന്ന് തുടങ്ങും
മലപ്പുറം: കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഖാദി ഓണം-ബക്രീദ് മേളയുടെ ജില്ലാതല ഉദ്ഘാടനം ഇന്നു രാവിലെ 9.30ന് കോട്ടപ്പടി നഗരസഭ ബസ്റ്റാഡ് ബില്‍ഡിങ് പരിസരത്ത് നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. പി. ഉബൈദുള്ള എംഎല്‍എ അധ്യക്ഷനാവും. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല ആദ്യ വില്‍പന നടത്തും.
വൈവിധ്യമാര്‍ന്ന ഖാദി തുണിത്തരങ്ങളുടെയും ഗ്രാമവ്യവസായ ഉത്പന്നങ്ങളുടെയും വിപുലമായ ശേഖരം മേളയിലുണ്ടാകും. കേരളത്തിലെ വിവിധ ജില്ലകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട പട്ടുസാരികള്‍, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഖാദി സില്‍ക്ക് സാരികള്‍, കോട്ടണ്‍, പോളിവസ്ത്രം, സില്‍ക്ക്, വൂളന്‍ തുണിത്തരങ്ങള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ഉന്നക്കിടക്കകള്‍, ബെഡ്ഷീറ്റുകള്‍, കുപ്പടം മുണ്ടുകള്‍ എന്നിവയും ലഭ്യമാണ്. പരിശുദ്ധമായ തേന്‍, സോപ്പുകള്‍, പ്രകൃതിദത്തമായ ചന്ദനത്തൈലം, കരകൗശല വസ്തുക്കള്‍ എന്നിവയും ഖാദിബോര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിവിധ യൂനിറ്റുകളുടെ ഉല്‍പ്പന്നങ്ങളും വില്‍പ്പനയ്ക്കുണ്ട്.
മേളയോടനുബന്ധിച്ച് സെപ്റ്റംബര്‍ 13വരെയുള്ള ഓരോ 1000 രൂപയുടെ പര്‍ച്ചേസിനും പ്രതിവാര നറുക്കെടുപ്പിലൂടെ 3000 രൂപ വിലയുള്ള ഖാദി പട്ടുസാരി സമ്മാനമായി നല്‍കും. സ്വര്‍ണ സമ്മാന പദ്ധതിയുടെ ഭാഗമായി ഒന്നാം സമ്മാനമായി 25 പവന്‍ സ്വര്‍ണം (അഞ്ച് പേര്‍ക്ക് മൂന്നു പവന്‍ വീതം), മൂന്നാം സമ്മാനമായി ഒരു പവന്‍ വീതം 14 പേര്‍ക്ക് നല്‍കും.
സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ക്ക് 35,000 രൂപവരെയുള്ള തുണിത്തരങ്ങള്‍ക്ക് തവണകളായുള്ള പലിശരഹിത ക്രെഡിറ്റ് പര്‍ച്ചേസ് സൗകര്യമുണ്ട്. ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം ഗവ. റിബേറ്റും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."