HOME
DETAILS

റഷ്യക്ക് ഉക്രൈന് മേല്‍ വിജയം നേടാനാകില്ല, പുടിന്‍ ഉടന്‍ അധികാരമൊഴിയേണ്ടി വരുമെന്നും ബൈഡന്‍

  
backup
March 27 2022 | 05:03 AM

world-after-joe-biden-says-putin-cant-remain-in-power-white-house-clarifies-2022

വാഷിങ്ടണ്‍: ഉക്രൈന്‍ അധിനിവേശത്തില്‍ റഷ്യയുടെ യുദ്ധ തന്ത്രങ്ങള്‍ പരാജയപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യക്ക് ഉക്രൈന് മേല്‍ വിജയം നേടാനാകില്ലെന്നും റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്ത് പുടിന് അധികം നാള്‍ തുടരാന്‍ സാധിക്കില്ലെന്നും ബൈഡന്‍ പറഞ്ഞു. പോളണ്ട് സന്ദര്‍ശനത്തിനിടെയാണ് ബൈഡന്റെ വിമര്‍ശനം.

പലായനം ചെയ്യുന്ന ഉക്രൈന്‍ ജനതയെ റഷ്യന്‍ സൈന്യം തടയുന്നതായും ആളുകള്‍ കുടുങ്ങിക്കിടക്കുമ്പോള്‍ അവരെ പട്ടിണിയിലാക്കുകയും ചെയ്യുന്നതായി അദ്ദേഹം ആരോപിച്ചു. സമാധാനം ആഗ്രഹിക്കുന്ന ഉക്രൈനിലെ ധീരരായ പൗരന്മാര്‍ക്കൊപ്പം അമേരിക്കന്‍ ജനത നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പുടിന്‍ അധികനാള്‍ അധികാരത്തില്‍ തുടരില്ലെന്ന ബൈഡന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി വൈറ്റ് ഹൗസ് രംഗത്ത് എത്തി. റഷ്യക്ക് പുറത്ത് പുടിന് അധികാരമുണ്ടാകില്ലെന്നാണ് ബൈഡന്‍ ഉദ്ദേശിച്ചതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. അല്ലാതെ റഷ്യയിലെ ഭരണമാറ്റത്തെക്കുറിച്ചല്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വിശദീകരിക്കുന്നു.

യുദ്ധം വിലയിരുത്തുന്നതിനായി ബൈഡന്‍ പോളണ്ടിലെ നാറ്റോ സേനാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പോളണ്ടിലെ അഭയാര്‍ഥി പ്രശ്‌നം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. അമേരിക്കന്‍ പ്രസിഡന്റിന്റെ പോളണ്ട് സന്ദര്‍ശനത്തെ ഏറെ ശ്രദ്ധേയോടെയാണ് ലോക രാജ്യങ്ങള്‍ നോക്കിക്കാണുന്നത്. റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് രണ്ട് മില്യണിലധികം അഭയാര്‍ഥികള്‍ പോളണ്ടില്‍ എത്തിയതായാണ് കണക്ക്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ഥി പ്രതിസന്ധി യൂറോപ്പ് നേരിടുന്ന ഘട്ടത്തില്‍ പോളണ്ട് വലിയ സഹായമാണ് ചെയ്തതെന്ന് ബൈഡന്‍ വ്യക്തമാക്കിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."