സഊദിയിൽ ഏഴ് പ്രൊഫഷനുകൾ കൂടി സ്വദേശിവത്കരിച്ചു
റിയാദ്: സഊദിയിൽ ഏഴ് പ്രൊഫഷനുകളിലെ സ്വദേശി വത്കരണം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. പ്രാദേശിക വിതരണ കേന്ദ്രങ്ങളിലെയും സൂപ്പർമാർക്കറ്റുകളിലെയും രണ്ടാം ഘട്ട സഊദി വത്കരണമാണ് നാളെ മുതൽ നടപ്പിലാകുന്നത്. സെയിൽസ് ഔട്ട്‌ലെറ്റുകളിലെ സെക്ഷൻ സൂപ്പർവൈസർ തൊഴിലുകൾ 100 ശതമാനം സഊദികൾക്ക് മാത്രമായി ജോലി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഡിപ്പാർട്ട്‌മെന്റ് സൂപ്പർവൈസർ, അക്കൗണ്ടിംഗ് ഫണ്ട് സൂപ്പർവൈസർ, ഉപഭോക്തൃ സേവനം, ഉപഭോക്തൃ അക്കൗണ്ടന്റ് എന്നിവയിൽ 100 ശതമാനവും ഡിപ്പാർട്ട്മെന്റ് മാനേജർ, ബ്രാഞ്ച് മാനേജർ, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ എന്നീ പ്രൊഫഷനുകളിൽ 50 ശതമാനവും നടപ്പിലാക്കും.
ഒരു വർഷം മുമ്പ് സഊദി മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമ മന്ത്രി എഞ്ചിനീയർ അഹമദ് അൽ രാജ്ഹി പ്രഖ്യാപിച്ച സ്വദേശിവത്ക്കരണ പദ്ധതികളുടെ ഭാഗമാണിത്. 360 ദിവസത്തെ ഗ്രേസ് പിരീഡിന് ശേഷമാണ് രണ്ടാം ഘട്ടം നടപ്പിലാക്കുന്നത്. 300 ചതുരശ്ര മീറ്ററിൽ കുറയാത്ത വിസ്തീർണ്ണമുള്ള എല്ലാ സപ്ലൈകളും 500 ചതുരശ്ര മീറ്ററിൽ കുറയാത്ത സൂപ്പർമാർക്കറ്റുകളും ഈ തീരുമാനത്തിൽ ഉൾപ്പെടുന്നു.
പുതിയ തീരുമാനം നടപ്പിലാകുന്നതോടെ ഈ മേഖലകളിൽ നിന്നുള്ള മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾ മറ്റു തൊഴിൽ മേഖല തേടുകയോ നാടണയുകയോ ചെയ്യേണ്ടി വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."