നമ്മുടെ ആളാണോ നന്മയുടെ ആളാണോ..?
വിവാഹം കഴിഞ്ഞ് രണ്ടു ദിവസമായതേയുള്ളൂ. ആമുഖങ്ങളൊന്നുമില്ലാതെ പെണ്ണ് പറഞ്ഞു:
''എത്രയും വേഗം എന്നെ മൊഴിചൊല്ലിയൊഴിവാക്കണം...!''
ഭര്‍ത്താവ് ഞെട്ടിത്തരിച്ചുപോയി. സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത സ്‌ഫോടനം..
അദ്ദേഹം കേണു ചോദിച്ചു: ''എന്താണ് നീ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്..?''
അവള്‍ പറഞ്ഞു: ''നിങ്ങളില്‍ നിന്ന് നിങ്ങളുടെ ഉമ്മയ്ക്കു ലഭിക്കുന്നത് എന്റെ ഭാവിപുത്രനില്‍നിന്ന് എനിക്കു ലഭിക്കാന്‍ ഇഷ്ടമില്ലാത്തതുകൊണ്ടുതന്നെ..''
അവള്‍ തുടര്‍ന്നു: ''എനിക്കു നല്‍കുന്ന പരിഗണനയുടെ പത്തിലൊരംശം പോലും നിങ്ങള്‍ നിങ്ങളുടെ ഉമ്മയ്ക്കു നല്‍കുന്നില്ല. എനിക്കു നിങ്ങള്‍ സ്‌നേഹത്തോടെ ഭക്ഷണം വിളമ്പിത്തരുന്നു. ഉമ്മയെ കണ്ടഭാവം പോലും നടിക്കുന്നില്ല. എന്നോട് കൊഞ്ചിക്കുഴഞ്ഞ് സംസാരിക്കുമ്പോള്‍ ഉമ്മയോട് പരുഷ സ്വഭാവത്തില്‍ പെരുമാറുന്നു. എന്തിനും ഞാന്‍ കഴിഞ്ഞിട്ടാണു നിങ്ങള്‍ക്ക് അവരുള്ളൂ. പുത്രന്‍ പിതാവിന്റെ പൊരുളാണെങ്കില്‍ നിങ്ങളിലൂടെ എനിക്കുണ്ടാകുന്ന പുത്രനിലും ഈ സ്വഭാവമല്ലേ കാണുക. അവന്‍ നിങ്ങളെയോ എന്നെയോ വിലവയ്ക്കുമോ..?''
കൂടെനില്‍ക്കുന്നവരെയെല്ലാം കൂടെകൂട്ടാമെന്ന തീരുമാനം വിവേകപരമല്ല. ലഭിക്കുന്ന സ്‌നേഹമെല്ലാം കണ്ണടച്ചു സ്വീകരിക്കാമെന്നു ചിന്തിക്കുന്നത് ഖേദത്തിലേക്കുള്ള വഴി എളുപ്പമാക്കും. കിട്ടുന്ന പിന്തുണയേതും ആശ്വാസംപകരുന്ന തണലായി ഗണിക്കുന്നതില്‍ ചെറുതല്ലാത്ത അപകടമുണ്ട്. എല്ലാ കൈയടികളെയും പ്രോത്സാഹനമായി കാണുന്നത് വലിയ അടിയായി മാറിയേക്കും. ഭാഗം നില്‍ക്കാന്‍ വരുന്നവര്‍ എപ്പോഴും ഭാഗ്യനക്ഷത്രങ്ങളാകില്ല. പക്ഷംചേരാനെത്തുന്നവര്‍ മുഴുവന്‍ ശരിപക്ഷക്കാരാണോ എന്ന പരിശോധന ദുരന്തങ്ങളൊഴിവാക്കാന്‍ സഹായിക്കുന്നതാണ്.
അന്ധമായ പിന്തുണ കൊടുക്കുന്നവര്‍ക്ക് തെറ്റുകളെ കാണാന്‍ കഴിയില്ല. തെറ്റായ വഴിക്കു സഞ്ചരിക്കുമ്പോഴും പിന്തുണ പിന്‍വലിക്കാതെ അവര്‍ പിന്നാലെ കൂടും. അവസാനം പരാജയഗര്‍ത്തത്തില്‍ അകപ്പെടുമ്പോള്‍ രക്ഷയ്‌ക്കെത്താന്‍ അവര്‍ക്കൊട്ട് കഴിയുകയുമില്ല. അതിനാല്‍, നമ്മുടെ പക്ഷത്ത് നില്‍ക്കുന്നവരെയല്ല, നന്മയുടെ പക്ഷത്തു നില്‍ക്കുന്നവരെയാണു കൂട്ടിനുവയ്ക്കാന്‍ എപ്പോഴും നല്ലത്. നമുക്കു തെറ്റിയോ ഇല്ലെയോ എന്നറിയാന്‍ അതു വലിയ സഹായംചെയ്യും.
തന്റെ ഏതു നെറികേടുകളെയും ന്യായീകരിച്ചു രക്ഷപ്പെടുത്തുന്ന അനുയായികളല്ല, തെറ്റുകള്‍ വരുമ്പോള്‍ താങ്കള്‍ക്കു തെറ്റിയിരിക്കുന്നു എന്ന് ഭയലേശമന്യേ മുഖത്തുനോക്കി പറയാന്‍ കെല്‍പുള്ള ചുണക്കുട്ടികളാണ് ഒരു നേതാവിന്റെ ഏറ്റവും വലിയ സമ്പത്ത്. തെറ്റു ചെയ്താല്‍ നിയമക്കുരുക്കുകളില്‍നിന്നു രക്ഷപ്പെടുത്തുകയും സംരക്ഷണം നല്‍കുകയും ചെയ്യുന്ന പാര്‍ട്ടികളിലല്ല, പാഠം പഠിപ്പിക്കുന്ന നേതൃത്വത്തിലാണു വിശ്വാസമര്‍പ്പിക്കേണ്ടത്. പകര്‍ന്നുകൊടുക്കുന്നതേതും അണ്ണാക്കുതൊടാതെ വിഴുങ്ങുന്ന ആജ്ഞാനുവര്‍ത്തികളല്ല, നേരിയൊരു അവ്യക്തതയെ പോലും പൊറുപ്പിക്കാത്ത വിദ്യാര്‍ഥികളാണ് ഒരധ്യാപകന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്. തനിക്കുവേണ്ടി സ്വന്തം മാതാപിതാക്കളെപോലും അരികുവല്‍ക്കരിക്കാന്‍ തയാറുള്ള പുരുഷനല്ല, ആദരിക്കേണ്ടവരെ ആദരിക്കാനറിയുകയും ആദരിക്കുകയും ചെയ്യുന്ന ഭര്‍ത്താവാണ് ഒരു പെണ്ണിന്റെ മൂല്യമേറിയ കൈമുതല്‍.
തനിക്കുവേണ്ടി സ്വന്തം മാതാപിതാക്കളോടുപോലും തര്‍ക്കിക്കാനിറങ്ങുമ്പോള്‍ ഭര്‍ത്താവിനെ തന്റെ പക്ഷത്തുനില്‍ക്കുന്നവനായി കാണാം; നേരിന്റെ പക്ഷക്കാരനായി കാണരുത്. അവിടെ സ്‌നേഹനിധിയായ ഭര്‍ത്താവിനെയല്ല, മാതാപിതാക്കളെ വെറുപ്പിക്കുന്ന പുത്രനെയാണു പക്വതയുണ്ടെങ്കില്‍ കാണേണ്ടത്. മാതാപിതാക്കളുടെ അനിഷ്ടം സമ്പാദിച്ച പുത്രനെ ഭര്‍ത്താവായി തനിക്കുവേണ്ടാ എന്നു ചങ്കൂറ്റത്തോടെ പറയാന്‍ കഴിയുന്നിടത്ത് അവളുടെ ഭാവി സുരക്ഷിതമാകും. സ്വന്തം മാതാപിതാക്കള്‍ക്കു കൊടുക്കാത്ത സ്‌നേഹമല്ല തനിക്കുവേണ്ടതെന്നു തുറന്നടിക്കാനുള്ള ത്രാണി വേണം. അവിടെയാണ് ഒരു സ്ത്രീ വിശുദ്ധയായി മാറുന്നത്.
അഗാധമായ സ്‌നേഹത്താല്‍ നമുക്കുവേണ്ടി എന്തിനും സന്നദ്ധത കാണിക്കുന്ന ആളുകളുണ്ടാകും. നമ്മുടെ ലാഭത്തിനായി അവര്‍ മൂല്യങ്ങളെ ബലികഴിച്ചേക്കാം. മറ്റൊരാളുടെ നീതി നിഷേധിച്ചേക്കാം. ആരോടും തര്‍ക്കിക്കാനും കലഹിക്കാനും മുന്നിട്ടിറങ്ങിയേക്കാം. നിരപരാധിയുടെ തലയറുക്കുകപോലും ചെയ്‌തേക്കാം. പ്രത്യക്ഷത്തില്‍ അവര്‍ നമുക്കുവേണ്ടി മരിക്കാന്‍ വരെ തയാറാവുകയാണെങ്കിലും കൂടെകൂട്ടാന്‍ കൊള്ളാത്തവരാണവര്‍. കാരണം, നന്മയുടെ പക്ഷത്തല്ല, നമ്മുടെ പക്ഷത്തുമാത്രമാണവര്‍ നിലകൊള്ളുന്നത്. നന്മ നിങ്ങളുടെ മറുഭാഗത്താണെങ്കില്‍ ഞാന്‍ ആ ഭാഗത്തായിരിക്കും എന്നു പറയുന്ന കൂട്ടുകാരനാണ് യഥാര്‍ഥ ഗുണകാംക്ഷി. അവനെ കൂട്ടിനു കൂട്ടിയാല്‍ വഴിതെറ്റില്ല.
അധികാരമേറ്റ ശേഷം പ്രഥമഖലീഫ സിദ്ധീഖുല്‍ അക്ബര്‍ നടത്തിയ ഒരു പ്രസംഗമുണ്ട്. ഭരണാധികാരികളടക്കം ഏതൊരാളും ജീവിതത്തില്‍ മാതൃകയാക്കേണ്ട പാഠങ്ങള്‍ ഉള്‍കൊള്ളുന്ന ഗംഭീരമായൊരു പ്രസംഗം. അതില്‍ അദ്ദേഹം സൂചിപ്പിച്ച ഒരു കാര്യമിതായിരുന്നു: ''ജനങ്ങളെ, നിങ്ങള്‍ക്കുമേല്‍ ഞാന്‍ അധികാരമേല്‍പ്പിക്കപ്പെട്ടിരിക്കുകയാണ്. ഞാനാകട്ടെ നിങ്ങളില്‍ അത്യുത്തമനുമല്ല. അതിനാല്‍, നന്മ ചെയ്താല്‍ നിങ്ങളെന്നെ പിന്തുണയ്ക്കുക. തെറ്റു ചെയ്താല്‍ നേരെയാക്കുകയും ചെയ്യുക..''
മക്കള്‍ മാതാപിതാക്കളോട് പറയുക: നിങ്ങളെ അനുസരിക്കാന്‍ ഞങ്ങള്‍ തയാറാണ്; നിങ്ങള്‍ നന്മയുടെ പക്ഷത്തായിരിക്കുന്ന കാലത്തോളം.
മാതാപിതാക്കള്‍ മക്കളോട് പറയുക: നിങ്ങള്‍ക്കുവേണ്ടി കൂടെനില്‍ക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണ്; നിങ്ങള്‍ നേര്‍വഴിയിലായിരിക്കുന്ന കാലത്തോളം.
നേതാക്കള്‍ അനുയായികളോട് പറയുക: നിങ്ങള്‍ക്കുവേണ്ടി ശബ്ദിക്കാനും നേടിയെടുക്കാനും ഞങ്ങള്‍ ഒരുക്കമാണ്. നിങ്ങള്‍ ശരിയുടെ ചേരിയിലായിരിക്കുന്ന കാലത്തോളം.
അനുയായികള്‍ നേതാക്കളോട് പറയുക: നിങ്ങള്‍ക്കു പിന്തുണയുമായി ഞങ്ങളുണ്ടാകും. നിങ്ങള്‍ ശരിയായ ദിശയിലായിരിക്കുന്ന കാലത്തോളം.
ദമ്പതിമാര്‍ പരസ്പരം പറയുക: നിഴലായ് എപ്പോഴും ഞാനുണ്ടാകും. നിങ്ങള്‍ സത്യമാര്‍ഗത്തിലായിരിക്കുന്ന കാലത്തോളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."