സഊദിയില്‍ സൗജന്യ സ്റ്റോപ്പ് ഓവര്‍ ട്രാന്‍സിറ്റ് വിസ അനുവദിച്ചുതുടങ്ങി; ഉംറ നിര്‍വഹിക്കാനും അനുമതി
റിയാദ്: സഊദി അറേബ്യയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വിമാനമാര്‍ഗം രാജ്യത്തെത്തുന്നവര്‍ക്ക് ഇലക്ട്രോണിക് സ്റ്റോപ്പ്ഓവര്‍ ട്രാന്‍സിറ്റ് വിസ നല്‍കുന്ന സേവനം ജനുവരി 30 തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. വിസയുള്ളവര്‍ക്ക് നാല് ദിവസം രാജ്യത്ത് തങ്ങാം. വിസയുടെ കാലാവധി മൂന്ന് മാസമാണ്. വിസ സൗജന്യമാണെന്നും വിമാന ടിക്കറ്റിനൊപ്പം തല്‍ക്ഷണം നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ചും സഊദി ദേശീയ വിമാനക്കമ്പനികളുടെ സഹകരണത്തോടെയുമാണ് മന്ത്രാലയം സര്‍വിസ് ആരംഭിച്ചത്. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീനയിലെ പ്രവാചകന്റെ മസ്ജിദ് സന്ദര്‍ശിക്കാനും രാജ്യത്തിനകത്ത് യാത്ര ചെയ്യാനും ടൂറിസം പരിപാടികളില്‍ പങ്കെടുക്കാനും അനുവാദമുണ്ട്.
സഊദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെയും ഫ്‌ളൈ നാസിന്റെയും ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകള്‍ വഴി ട്രാന്‍സിറ്റ് വിസയ്ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം. ഇത് സ്വയമേവ വിദേശകാര്യ മന്ത്രാലയത്തിലെ ഏകീകൃത ദേശീയ വിസ പ്ലാറ്റ്‌ഫോമിലേക്ക് കൈമാറും. ഡിജിറ്റല്‍ വിസ ഉടനടി പ്രോസസ്സ് ചെയ്യാനും ഇഷ്യൂ ചെയ്യാനും ഇ-മെയില്‍ വഴി ഗുണഭോക്താവിന് അയക്കാനും കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."