ട്വന്റി 20 ക്ക് വീണ്ടും തിരിച്ചടി; വീണാ നായര്‍ക്കും വോട്ടില്ല, ലക്ഷ്മി പ്രിയക്ക് പകരം ജിബി വര്‍ഗീസ്
കൊച്ചി: ഏറ്റുമാനൂരിലെ ട്വന്റി 20 സ്ഥാനാര്‍ത്ഥി നടി വീണ നായര്‍ക്കും വോട്ടില്ല. വീണയുടെ പേര് വോട്ടര്‍ പട്ടികയിലില്ലാത്തതിനാല്‍ മത്സരിക്കാനാവില്ല.വീണയ്ക്ക് പകരം സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമം ട്വന്റി 20 തുടങ്ങിയെന്നാണ് വിവരം.
ട്വന്റി 20 യുടെ പെരുമ്പാവൂരിലെ സ്ഥാനാര്‍ത്ഥിയായ നടി ലക്ഷ്മിപ്രിയക്ക് വോട്ടില്ലെന്ന വിവരം ഇന്നലെ പുറത്തുവന്നിരുന്നു. നാളെ നാമനിര്‍ദേശ പത്രിക നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന വിവരം മനസിലാകുന്നത്.
മുന്‍പ് താമസിച്ചിരുന്ന ചങ്ങനാശ്ശേരി മണ്ഡലത്തില്‍ വോട്ട് ഉണ്ടെന്നാണ് നടി വീണ നായര്‍ കരുതിയിരുന്നത്. അവിടെ വോട്ട് ചെയ്തിരുന്നു എന്ന് വീണ നായര്‍ നേതാക്കളോട് പറഞ്ഞിട്ടുണ്ട്. പത്രിക സമര്‍പ്പിക്കുമ്പോള്‍ വോട്ടര്‍പട്ടികയിലെ ക്രമനമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇതിനായി വോട്ടര്‍പട്ടിക പരിശോധിച്ചപ്പോഴാണ് പേരില്ലെന്ന് വ്യക്തമായത്.
'ഏറെ പ്രതീക്ഷയോടെയാണ് താന്‍ മത്സരിക്കാന്‍ തീരുമാനമെടുത്തത്, വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് അറിഞ്ഞത് ഇന്നലെ മാത്രമാണ് , മറ്റു സാധ്യതകള്‍ ഉണ്ടോ എന്ന് പരിശോധിച്ചെങ്കിലും ഇത് സംബന്ധിച്ചു ഉറപ്പുകള്‍ ഒന്നും ലഭ്യമല്ല' -വീണ പറഞ്ഞു.
അതേസമയം, പെരുമ്പാവൂരില്‍ ലക്ഷ്മിപ്രിയക്ക് പകരം ജിബി വര്‍ഗീസ് പാത്തിക്കലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. വീണാ നായര്‍ക്ക് പകരമുള്ള സ്ഥാനാര്‍ഥിയെയും ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."