ആശങ്ക ഒഴിഞ്ഞു; റേഡിയോ ആക്ടീവ് ക്യാപ്‌സ്യൂള്‍ ഓസ്‌ട്രേലിയയുടെ പുറമ്പോക്കില്‍ കണ്ടെത്തി
സിഡ്‌നി: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ മരുഭൂമിയിലൂടെയുള്ള 1,400 കിലോമീറ്റര്‍ ഹൈവേയില്‍ വച്ച് നഷ്ടപ്പെട്ട റേഡിയോ ആക്ടീവ് ക്യാപ്‌സ്യൂള്‍ കണ്ടെത്തി. തീവ്രമായ റേഡിയേഷന് ഇടയാക്കുന്ന സീസിയം 137 അടങ്ങിയ അപകടകരമായ ക്യാപ്‌സ്യൂള്‍ ട്രക്കില്‍ നിന്ന് യാത്രക്കിടെ അബദ്ധത്തില്‍ നഷ്ടപ്പെടുകയായിരുന്നു.
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ന്യൂമാന്‍ പട്ടണത്തിനടുത്തുള്ള റോഡരികില്‍ നിന്നാണ് മനുഷ്യന്റെ നഖത്തേക്കാള്‍ ചെറുതായ കാപ്‌സ്യൂള്‍ കണ്ടെടുത്തതെന്ന് സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വിസ് അറിയിച്ചു. ഇത് പെര്‍ത്തിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ഇരുമ്പയിരിന്റെ സാന്ദ്രത അളക്കാന്‍ ഉപയോഗിക്കുന്ന ഗേജിന്റെ ഭാഗമാണ് കാപ്‌സ്യൂള്‍.
റിയോ ടിന്റോയിലെ ഗുഡായിദാരി ഇരുമ്പയിര് ഖനിയില്‍ നിന്ന് ശേഖരിച്ച ക്യാപ്‌സൂള്‍ തെക്കുപടിഞ്ഞാറന്‍ നഗരമായ പെര്‍ത്തിലേക്ക് കൊണ്ടുപോയപ്പോഴാണ് നഷ്ടമായത്. ജനുവരി പകുതിയോടെ ഗ്രേറ്റ് നോര്‍ത്തേണ്‍ ഹൈവേയിലൂടെ സഞ്ചരിക്കുന്ന ട്രക്കില്‍ നിന്ന് ഇവ നഷ്ടപ്പെട്ട വിവരം മാസാവസാനം വരെ ശ്രദ്ധിക്കപ്പെടാതെ പോയി.
കഴിഞ്ഞ ഒരാഴ്ചയായി, നൂറ് കണക്കിന് കിലോമീറ്ററുകള്‍ ദൂരത്ത് അരിച്ചുപെറുക്കുകയായിരുന്നു. ക്യാപ്‌സൂള്‍ കണ്ടെത്തിയതിലുള്ള സന്തോഷം മന്ത്രി സ്റ്റീഫന്‍ ഡോസണ്‍ പങ്കുവച്ചു. ''വൈക്കോല്‍ കൂനയില്‍ സൂചി തിരയുന്ന പോലെയായിരുന്നു ഇത്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് ഇന്ന് രാത്രി നന്നായി ഉറങ്ങാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു''-അദ്ദേഹം പറഞ്ഞു.
ഉപകരണം എങ്ങനെ നഷ്ടപ്പെട്ടുവെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായി വെസ്റ്റേണ്‍ ഓസ്‌ട്രേലിയ ചീഫ് ഹെല്‍ത്ത് ഓഫിസര്‍ ആന്‍ഡ്രൂ റോബര്‍ട്ട്‌സണ്‍ പറഞ്ഞു. അശ്രദ്ധ തെളിഞ്ഞാല്‍ കുറ്റം ചുമത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."