ഊതിവീർപ്പിക്കപ്പെട്ട അദാനി ഗ്രൂപ്പ്
കഴിഞ്ഞ കുറെ ദിവസങ്ങളായി അദാനി ഗ്രൂപ്പിൻ്റെ ഓഹരി മൂല്യത്തകര്‍ച്ച കേട്ടാണ് പ്രഭാതങ്ങള്‍ പൊട്ടി വിടര്‍ന്നുകൊണ്ടിരിക്കുന്നത്. അത് ഇപ്പോഴും ശമനമില്ലാതെ തുടരുകയാണ്. പരുക്കുകള്‍ ഭേദപ്പെടുത്താന്‍ തുടക്കത്തില്‍ അദാനിയുടെ ഭാഗത്തുനിന്ന് ചില ശ്രമങ്ങള്‍ നടന്നുവെങ്കിലും അതെല്ലാം പരാജയപ്പെടുകയായിരുന്നു. അദാനി ഗ്രൂപ്പിൻ്റെ അനുബന്ധ ഒാഹരി വിൽപന(എഫ്.പി.ഒ) നീക്കം കഴിഞ്ഞ ദിവസം ഉപേക്ഷിച്ചിരുന്നു. എന്നാൽ തകർച്ച ഇവിടെയും നിൽക്കാതെ അദാനി എന്റർപ്രൈസസ് ഓഹരി വില ഇന്നലെ 26 ശതമാനത്തോളം ഇടിഞ്ഞിരുന്നു. കൂടാതെ, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഗ്രീന്‍, അദാനി ടോട്ടല്‍ ഗ്യാസ് എന്നീ ഓഹരികളും പത്തുശതമാനത്തോളം ഇടിഞ്ഞു. അദാനി പോര്‍ട്സ്, അദാനി പവര്‍ തുടങ്ങിയ ഓഹരികള്‍ അഞ്ചു ശതമാനത്തിലേറെ നഷ്ടത്തിലാണ്. അദാനി ഗ്രൂപ്പിന് വായ്പ നല്‍കിയിട്ടുണ്ടെങ്കില്‍ അറിയിക്കാന്‍ റിസര്‍വ് ബാങ്ക്, ബാങ്കുകളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ഏഴര ലക്ഷം കോടിയോളം രൂപയാണ് അദാനി ഗ്രൂപ്പിന്റെ മൂല്യത്തില്‍ ഇടിവുണ്ടായത്.
അദാനി ഗ്രൂപ്പിനെതിരേ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷമാണ് തകർച്ച ആരംഭിച്ചത്. കണക്കുകളില്‍ കൃത്രിമം കാണിച്ചാണ് അദാനി ഗ്രൂപ്പ് നേട്ടമുണ്ടാക്കുന്നതെന്നായിരുന്നു ഹിൻഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. അദാനി കമ്പനികളുടെ പ്രകടനം മോശമാണെങ്കിലും 85 ശതമാനത്തോളം പെരുപ്പിച്ച തുകയിലായിരുന്നു വ്യാപാരം നടന്നിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 12,000 കോടി ഡോളറിന്റെ ആസ്തിയുള്ള അദാനി 10,000 കോടി നേടിയത് ഇങ്ങനെ കള്ളത്തരത്തിലൂടെയായിരുന്നു.
ഹിന്‍ഡന്‍ബർഗ് റിപ്പോര്‍ട്ട് ഇന്ത്യക്ക് നേരെയുള്ള ആക്രമണമാണെന്ന് പറഞ്ഞ് തട്ടിപ്പിനെ ദേശീയത പുതപ്പിക്കാന്‍ അദാനി ഗ്രൂപ്പ് വൃഥാശ്രമിച്ചുവെങ്കിലും വിലപ്പോയില്ല. തട്ടിപ്പ് നടത്തിയിട്ട് ദേശീയതയെ കൂട്ടുപിടിച്ചാലൊന്നും സത്യം ഇല്ലാതാവുകയില്ലെന്ന് ഹിന്‍ഡന്‍ബര്‍ഗ് തിരിച്ചടിക്കുകയും ചെയ്തു. അദാനിയുടെ തകര്‍ച്ചയോടെ ഇന്ത്യന്‍ സമ്പദ്‌രംഗവും തകരുമെന്ന നിലയിലാണിപ്പോള്‍. എസ്.ബി.ഐയുടെ ആസ്തിയിലെ നാല്‍പ്പത് ശതമാനവും അദാനിയുടെ കൈയിലാണുള്ളത്. എസ്.ബി.ഐക്ക് നല്‍കാനുള്ള ശതകോടികളും കേന്ദ്ര സര്‍ക്കാര്‍ എഴുതിത്തള്ളുകയാണെങ്കില്‍ പലിശയില്‍ പടുത്തുയര്‍ത്തുന്ന സ്ഥാപനങ്ങളുടെ അനിവാര്യ പതനമായി അതിനെ വിലയിരുത്താവുന്നതാണ്. അത്തരം സ്ഥാപനങ്ങളുടെ സ്വാഭാവിക നാശത്തിലേക്ക് എസ്.ബി.ഐയും മൂക്കുകുത്തിവീഴും. എല്‍.ഐ.സിയുടെ മുഖ്യ ഓഹരികളും അദാനി ഗ്രൂപ്പിലാണ് നിക്ഷേപിച്ചിരിക്കുന്നത്.
നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷക പലിശ വാഗ്ദാനം ചെയ്തുകൊണ്ട് നാട്ടില്‍ അനുദിനം ധനകാര്യ സ്ഥാപനങ്ങള്‍ മുളച്ചുപൊന്തുകയും ക്രിമിനലുകള്‍ കോടികള്‍ തട്ടിയെടുത്തു നിക്ഷേപകരെ കുത്തുപാളയെടുപ്പിക്കുകയും ചെയ്യുന്നതിന്റെ വലിയൊരു രൂപമാണ് ഗൗതം അദാനിയെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. വ്യാജ ധനകാര്യ സ്ഥാപനങ്ങള്‍ സാധാരണക്കാരെ ഉയര്‍ന്ന പലിശ കാണിച്ച് മോഹിപ്പിച്ച് കെണിയില്‍ പെടുത്തുകയും ആയിരം പതിനായിരമായി സ്വപ്നം കാണുന്നവര്‍ ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ കെണിയില്‍ തലവച്ചു കൊടുക്കുകയും അത്യാഗ്രഹത്താല്‍ സര്‍വതും നഷ്ടപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന പുതിയ കാലത്തിന്റെ രൂപമാണ് ഗൗതം അദാനി. ഇവിടെയാകട്ടെ എല്‍.ഐ.സിയും എസ്.ബി.ഐയും പോലുള്ള ഇന്ത്യയിലെ വമ്പന്‍ സ്ഥാപനങ്ങളാണ് അദാനിക്ക് തലവച്ചുകൊടുത്തത്. കരീബിയന്‍ ദ്വീപിലും മൗറീഷ്യസിലും യു.എ.ഇയിലും കമ്പനികള്‍ ഉണ്ടാക്കിയെന്നവകാശപ്പെട്ട് ആ കമ്പനികളുടെ പേരില്‍ നികുതി വെട്ടിപ്പുകളും അദാനി ഗ്രൂപ്പ് നടത്തിയെന്നാണ് ഹിഡന്‍ബര്‍ഗ് വെളിപ്പെടുത്തുന്നത്.
അദാനിയുടെ വളര്‍ച്ചയ്ക്കു പിന്നില്‍ എന്‍.ഡി.എ സര്‍ക്കാരിന്റെ ശക്തമായ പിന്തുണയുണ്ട്. അദാനിയുടെ സമ്പാദ്യം 50000 കോടിയായിരുന്നത് മോദി പ്രധാനമന്ത്രിയായി ആദ്യ ടേം അവസാനിക്കുമ്പോള്‍ ഇരട്ടിയായി. രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്ത് മൂന്നുവര്‍ഷംകൊണ്ട് പത്തിരട്ടിയായി വര്‍ധിച്ചു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിച്ച ശേഷം പ്രധാനമന്ത്രി പദവിയേറ്റെടുക്കാൻ നരേന്ദ്രമോദി അഹമ്മദാബാദിൽ നിന്ന് ഡൽഹിയിലേക്ക് പറന്നത് അദാനിയുടെ വിമാനത്തിലായിരുന്നു.
കോടികള്‍ തട്ടിച്ച് വിദേശത്ത് സസുഖം കഴിയുന്ന വിജയ് മല്യയെപ്പോലുള്ളവര്‍ ബ്രിട്ടിഷ് കോടതിയാല്‍ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഈ കാലത്ത് അവരുടെ നിരയിലേക്ക് പുതിയ അവതാരമായി നാളെ ഗൗതം അദാനിയും വന്നുകൂടായ്കയില്ല. വിജയ് മല്യയടക്കം 63 പേരുടെ 7016 കോടിയാണ് എസ്.ബി.ഐ എഴുതിത്തള്ളിയത്. മോദി ഭരണകാലത്ത് 11.5 ലക്ഷം കോടിയുടെ കോര്‍പറേറ്റ് വായ്പയാണ് എഴുതിത്തള്ളിയത്. പാവപ്പെട്ടവര്‍ ഒരു ലക്ഷം ലോണെടുത്താല്‍ അവരുടെ വീടുകള്‍ ജപ്തി ചെയ്യുന്ന രാജ്യത്താണ് ഈ വിരോധാഭാസം അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
ഇന്നത്തെ സാഹചര്യത്തില്‍ ഗൗതം അദാനിയെ നാളെ പാപ്പരായി പ്രഖ്യാപിക്കപ്പെട്ടാലും അത്ഭുതപ്പെടേണ്ടതില്ല. ആഗോള സാമ്പത്തിക മാന്ദ്യം അരികിലെത്തിയിരിക്കുകയാണെന്ന് അന്തര്‍ദേശീയ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം പരിതസ്ഥിതിയില്‍ അദാനിയെ കോടികള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും സഹായിക്കുകയാണെങ്കില്‍, അല്ലെങ്കില്‍ എസ്.ബി.ഐയും എല്‍.ഐ.സിയും അദാനിയുടെയും കോടികള്‍ എഴുതിത്തള്ളുകയാണെങ്കില്‍ ഇന്ത്യന്‍ സമ്പദ്‌രംഗത്തിന്റെ പൂര്‍ണ തകര്‍ച്ചയായിരിക്കും സംഭവിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."