ചാരക്കേസില്‍ രമണ്‍ശ്രീ വാസ്തവക്കെതിരേ ഗുരുതര ആരോപണവുമായി ഫൗസിയ ഹസന്‍: നമ്പി നാരായണനെതിരേ വ്യാജമൊഴി നല്‍കിയില്ലെങ്കില്‍ മകളെ മുന്നിലിട്ടു ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി മുഴക്കി; ക്രൂരമായി മര്‍ദിച്ചു
കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ രമണ്‍ശ്രീ വാസ്തവക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായി കേസില്‍ പ്രതിയായിരുന്ന ഫൗസിയ ഹസ്സന്‍. രമണ്‍ ശ്രീവാസ്തവ ഉള്‍പ്പടെയുള്ളവരാണ് നമ്പി നാരായണനെതിരെ വ്യാജമൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചതെന്ന് ഫൗസിയ സ്വകാര്യചാനലിനോട് വെളിപ്പെടുത്തി. നമ്പി നാരായണനും ശശികുമാറിനുമെതിരെ മൊഴി വേണമെന്നാണ് ഭീഷണിപ്പെടുത്തിയത്. എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചു. മംഗലാപുരത്ത് പഠിക്കുകയായിരുന്ന മകളെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ചാരക്കേസില്‍ ഡി.കെ ജയിന്‍ സമിതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം ആദ്യമായാണ് മാലി സ്വദേശിനിയായ ഫൗസിയ ശ്രീലങ്കയിലെ കൊളംബോയില്‍ നിന്ന് പ്രതികരിക്കുന്നത്.
ഗതികെട്ടാണ് ക്യാമറയ്ക്ക് മുന്നില്‍ വ്യാജമൊഴി നല്‍കിയത്. എല്ലാവരും ചേര്‍ന്ന് തന്നെ ചാരവനിതയാക്കി'', ഫൗസിയ പറയുന്നു. തനിക്ക് നമ്പി നാരായണന്റെ പേര് പോലും അറിയില്ലായിരുന്നു. കുറ്റസമ്മതമൊഴി വീഡിയോയില്‍ പകര്‍ത്തിയിരുന്നു. അപ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ നിന്ന് നമ്പി നാരായണന്റെ പേര് എഴുതിക്കാണിച്ചു. അത് നോക്കിയാണ് താന്‍ ആ പേര് വായിച്ചത്. അപ്പോഴൊക്കെ അത് നിരീക്ഷിച്ച് രമണ്‍ ശ്രീവാസ്തവ അവിടെ ഉണ്ടായിരുന്നു. നമ്പി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയില്‍ വച്ചാണ്'' എന്ന് ഫൗസിയ വെളിപ്പെടുത്തുന്നു.
ഐ.എസ്.ആര്‍.ഒ രഹസ്യങ്ങള്‍ ചോര്‍ത്തിക്കിട്ടാന്‍ താന്‍ നമ്പി നാരായണനും ശശികുമാറിനും ഡോളര്‍ നല്‍കിയെന്ന് വ്യാജമൊഴി നല്‍കണമെന്നാണ് രമണ്‍ ശ്രീവാസ്തവ ആവശ്യപ്പെട്ടതെന്ന് ഫൗസിയ വ്യക്തമാക്കുന്നു.
നമ്പി നാരായണന് ലഭിച്ചത് പോലെയുള്ള നഷ്ടപരിഹാരം തനിക്കും വേണമെന്ന് ഫൗസിയ ആവശ്യപ്പെടുന്നു. മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്നുള്ള കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ തനിക്കുണ്ടെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."