കൂട്ടുകക്ഷിഭരണത്തിന് ശ്രീലങ്കയെ രക്ഷിക്കാനാകുമോ?
ശ്രീലങ്കയുടെ ചരിത്രത്തിൽ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലത്തിലൂടെയാണ് ഇപ്പോൾ രാജ്യം കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഒഴികെയുള്ള 26 മന്ത്രിമാരും രാജിവച്ചൊഴിഞ്ഞു. പാർലമെന്റിൽ പ്രാതിനിധ്യമുള്ള പ്രതിപക്ഷകക്ഷി അംഗങ്ങളെയെല്ലാം തന്റെ പുതിയ മന്ത്രിസഭയിൽ ചേരാൻ മഹിന്ദ രാജപക്സെ ക്ഷണിച്ചിട്ടുണ്ട്. മഹിന്ദയുടെ മകനും യുവജനകാര്യ, കായിക മന്ത്രിയുമായ നമൽ രാജപക്സെയാണ് ആദ്യം രാജിവച്ചത്.
മഹിന്ദ രാജപക്സെയുടെ കൂട്ടുമന്ത്രിസഭ ദിവസങ്ങൾക്കുള്ളിൽ യാഥാർഥ്യമാകും. എന്നാൽ, ജനങ്ങൾ അതുകൊണ്ട് തൃപ്തരാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ശ്രീലങ്കയെ നശിപ്പിച്ച മഹിന്ദ കുടുംബത്തെ നാടുകടത്തണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. പ്രക്ഷോഭത്തിന് പ്രതിപക്ഷ പാർട്ടികൾ നേതൃത്വം നൽകുന്നില്ലെന്നതാണ് ഏറെ കൗതുകരം. അക്രമ പ്രക്ഷോഭത്തിന് തങ്ങളില്ലെന്നാണ് ശ്രീലങ്കയിലെ പരമ്പരാഗത പ്രതിപക്ഷ രാഷ്ട്രീയപാർട്ടികളുടെ നിലപാട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ പല സ്ഥലങ്ങളിലും അക്രമാസക്തരായ ജനക്കൂട്ടമാണ് തെരുവിൽ ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രസിഡന്റ് ഗോട്ടബായയുടെ വീട് ആക്രമിക്കുന്നതിലേക്ക് വരെ ജനക്കൂട്ടം എത്തി. ഫ്രാൻസ് ഭരിച്ചിരുന്ന ലൂയി പതിനാറാമന്റെ കൊട്ടാരത്തിലേക്ക് പട്ടിണി കിടന്നിരുന്ന ജനത ഇരച്ചുകയറിയതിനെയാണ് ഈ സംഭവം ഓർമിപ്പിച്ചത്.
പ്രതിപക്ഷ പാർട്ടികളെ കൂട്ടി ഭരണം നടത്തുകയെന്നത് ഏതൊരു രാജ്യത്തും അത്യപൂർവ സംഭവമായിരിക്കും. അതാണ് ശ്രീലങ്കയിൽ നടക്കാൻ പോകുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ രാജപക്സെ ഭരണകൂടത്തിന് രാജ്യത്തെ ശരിയായ വിധം നയിക്കാൻ പ്രാപ്തിയില്ലെന്ന സന്ദേശവും കൂടിയാണ് കൂട്ടുമന്ത്രിസഭാ രൂപീകരണത്തിലൂടെ ശ്രീലങ്ക ലോകത്തിന് നൽകുന്നത്.
ഭക്ഷ്യസാധനങ്ങളുടെ കുറവ്, പവർകട്ട്, ഇന്ധനക്ഷാമം തുടങ്ങി പലവിധ കാരണങ്ങളാണ് ശ്രീലങ്കയെ പ്രതിസന്ധികളുടെ നിലയില്ലാ കയത്തിലേക്ക് തള്ളിവിട്ടത്. 40,000 ടൺ ഡീസൽ ഇന്ത്യ അയച്ചുകൊടുത്തതിനാലാണ് പവർകട്ടിന് അൽപമെങ്കിലും കുറവുണ്ടായത്. ഇന്ത്യയേക്കാൾ വാർഷിക വരുമാനമുള്ള കൊച്ചുരാജ്യമാണ് ശ്രീലങ്ക. അവിടെയാണ് മനുഷ്യർ ഭക്ഷണത്തിനും ഇന്ധനത്തിനും വെളിച്ചത്തിനും വേണ്ടി തെരുവിൽ ഇറങ്ങിയിരിക്കുന്നത്.
അമിതമായ വിദേശ വായ്പയെടുത്തതാണ് ശ്രീലങ്കയുടെ ഇന്നത്തെ തകർച്ചയ്ക്ക് പ്രധാന കാരണങ്ങളിൽ ഒന്ന്. ചെറിയ ശതമാനം പലിശയ്ക്കായിരുന്നു ശ്രീലങ്ക വിദേശ രാഷ്ട്രങ്ങളിൽ നിന്നും ലോകബാങ്കിൽ നിന്നും വായ്പ എടുത്തിരുന്നത്. വലിയ പദ്ധതികൾ ആസൂത്രണം ചെയ്തു. അതു നടപ്പാക്കാൻ വൻതോതിൽ വിദേശ വായ്പ സ്വീകരിക്കുകയും നടപ്പാക്കിയ പദ്ധതികളിൽനിന്ന് പ്രതീക്ഷിച്ച ലാഭമുണ്ടാകാതെവരികയും ചെയ്യുമ്പോൾ ഏതൊരു രാജ്യത്തിനുമുണ്ടാവുന്ന ആപത്താണ് ശ്രീലങ്കയെയും പിടികൂടിയിരിക്കുന്നത്.
വികസന പദ്ധതികൾ വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ കടം വാങ്ങിയതിന്റെ പലിശ കൊടുക്കാൻ സർക്കാർ പിന്നെയും കടം വാങ്ങിക്കൊണ്ടിരുന്നു. ഈ രീതിയിൽ ഏതൊരു രാജ്യത്തിനും ഏറെക്കാലം മുന്നോട്ടുപോകാനാവില്ല. ഇപ്പോൾ വീണ്ടും കടത്തിനായി ലോകബാങ്കിനെ സമീപിച്ചിരിക്കുകയാണ് ശ്രീലങ്ക. മൂക്കറ്റം കടത്തിൽ മുങ്ങിക്കിടക്കുന്ന രാജ്യത്തിന് കടം കൊടുക്കാൻ ലോകബാങ്ക് സന്നദ്ധവുമല്ല.
2019ലെ കൊളംബോ ഭീകരാക്രമണം ശ്രീലങ്കയുടെ ടൂറിസം മേഖലയെയാണ് ഗുരുതരമായി ബാധിച്ചത്. ടൂറിസം മേഖലയിൽനിന്ന് കിട്ടേണ്ട വരുമാനം അതോടെ നിലച്ചു. തുടർന്നുണ്ടായ കൊവിഡ് രാജ്യത്തെ പാടെ തളർത്തി.
2021ൽ ലോകം പതുക്കെ കൊവിഡിൽനിന്ന് മുക്തമായിക്കൊണ്ടിരുന്നപ്പോൾ ശ്രീലങ്ക രാസവളം നിരോധിച്ചുകൊണ്ടുള്ള നടപടിക്ക് തുടക്കമിട്ടു. കർഷകരോട് ജൈവവളം ഉപയോഗിക്കാൻ പറഞ്ഞു. ജൈവവളം സർക്കാർ നൽകുമെന്ന് പറഞ്ഞുവെങ്കിലും കൊടുത്തില്ല. ഫലത്തിൽ ഭക്ഷ്യധാന്യത്തിൽ പാതിപോലും ഉൽപാദിപ്പിക്കാൻ ശ്രീലങ്കയ്ക്ക് കഴിഞ്ഞില്ല. ഇതോടെ ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഇറക്കുമതി ചെയ്യാൻ ശ്രീലങ്ക നിർബന്ധിതമായി. ഇറക്കുമതി ചെയ്യുമ്പോൾ വിദേശനാണ്യ ശേഖരത്തിൽ സ്വാഭാവികമായും കുറവുവന്നുകൊണ്ടിരിക്കും. ഉൽപാദനമാന്ദ്യം നേരിട്ടതിനാൽ കയറ്റുമതിയിൽ നിന്നുള്ള വരുമാനം നിലയ്ക്കുകയും ചെയ്തിരുന്നു. ഇൗ അവസ്ഥ തരണം ചെയ്യാനാണ് ശ്രീലങ്കൻ സർക്കാർ മറ്റൊരു മണ്ടത്തരം കൂടി ചെയ്തത്. കമ്മട്ടത്തിലൂടെ ഇഷ്ടം പോലെ നോട്ട് അടിച്ചിറക്കുക എന്നതായിരുന്നു അത്.
ഇറക്കുമതി ചെയ്യുമ്പോൾ വിദേശനാണയ ശേഖരത്തിലാണ് കുറവുവരിക. അമിതമായ ഇറക്കുമതിയാണ് ശ്രീലങ്കയെ തകർക്കാൻ മറ്റൊരു കാരണമായത്. 2012നും 2020നും ഇടയ്ക്ക് ശ്രീലങ്കയുടെ വിദേശ വ്യാപാരം ഓരോ വർഷവും 6 ബില്യൺ ഡോളർ കമ്മിയായിരുന്നു.
വികസനത്തിന്റെ പേരിൽ വീണ്ടുവിചാരമില്ലാതെ, വിദേശ രാജ്യങ്ങളിൽനിന്ന് കടമെടുക്കുകയും പ്രതീക്ഷിച്ച വരുമാനം അത്തരം പദ്ധതികളിൽനിന്ന് ലഭിക്കാതെ വരികയും തിരിച്ചടവ് മുടങ്ങുകയും ചെയ്യുന്ന രാഷ്ട്രങ്ങൾക്കുള്ള മുന്നറിയിപ്പും കൂടിയാണ് ശ്രീലങ്കയുടെ ഇന്നത്തെ പതനം. കൂട്ടുകക്ഷി മന്ത്രിസഭ അധികാരത്തിൽ വന്നാലും രാജ്യത്തെ ഇന്നത്തെ പരിതാപകരമായ അവസ്ഥയിൽനിന്ന് കരകയറ്റാൻ അവരുടെ കൈയിൽ പ്രത്യേക മാന്ത്രിക വടിയൊന്നുമില്ല. ജനം തെരുവിൽനിന്ന് പിന്മാറുമോ എന്നതിനും ഉറപ്പില്ല. ഇനിയും വായ്പ ചോദിച്ചുകൊണ്ടിരിക്കുന്ന ശ്രീലങ്കയ്ക്ക് നേരെ മുഖം തിരിച്ചിരിപ്പാണ് ലോകബാങ്കും മറ്റു വിദേശ രാഷ്ട്രങ്ങളും. ഇത്തരമൊരവസ്ഥയിൽ ശ്രീലങ്കയുടെ ഭാവി എന്തായിരിക്കുമെന്ന് പ്രവചനാതീതമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."