ഹണിട്രാപ്പിൽപ്പെടുത്തി ഹോംസ്റ്റേ ഉടമയെ മർദ്ദിച്ചു; പത്ത് ലക്ഷം തട്ടാൻ ശ്രമിച്ച യുവതി അറസ്റ്റിൽ
ആലപ്പുഴ: ഹണിട്രാപ്പിൽപ്പെടുത്തി പണം ആവശ്യപ്പെട്ട് ഹോംസ്റ്റേ ഉടമയെ മർദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ. തൃശൂർ മോനടി വെള്ളികുളങ്ങര മണമഠത്തിൽ സൗമ്യ (35) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ് സംഭവം.
ഒന്നര വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാരാരിക്കുളം വാറാൻകവല ഭാഗത്തെ ഹോംസ്റ്റേ ഉടമയെ ഹണിട്രാപ്പിൽപ്പെടുത്തി പത്ത് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം ആവശ്യപ്പെട്ട് ഹോംസ്റ്റേ ഉടമയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഇതോടെ ഹോംസ്റ്റേ ഉടമ പോലീസിൽ പരാതിപ്പെടുകയായിരുന്നു.
കേസിലെ ഒന്നാം പ്രതിയും മുഖ്യ ആസൂത്രകയുമായ തൃശൂർ സ്വദേശിയായ സൗമ്യ സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്നിരുന്നു. ഇതേതുടർന്ന് മണ്ണഞ്ചേരി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിദേശത്തെത്തിയ പ്രതി ഒന്നരവർഷത്തോളം ഒളിവിലായിരുന്നു. ഇന്ന് വിദേശത്തുനിന്ന് മടങ്ങിവരുന്ന വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് സൗമ്യയെ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."