വളരേണ്ടത് സഹിഷ്ണുതാമനോഭാവം
ഡോ. അരുൺ കരിപ്പാൽ
ജനാധിപത്യത്തിന്റെ അടിസ്ഥാന സവിശേഷതകളിൽ ഒന്നാണ് അത് വിഭാവനം ചെയ്യുന്ന സഹിഷ്ണുത. ഒരു സമൂഹത്തിലെ ജനങ്ങൾ ജാതി -മത, ഭാഷാ- രാഷ്ട്രീയ ആശയങ്ങൾ വ്യത്യസ്തമായി പിന്തുടരുമ്പോഴും പരസ്പരം സഹിഷ്ണുതാ മനോഭാവത്തോടെ ഇടപഴകുന്നു. അതുപോലെ ഭരണകൂടവും തങ്ങളെ വിമർശിക്കുന്നവരോടും സഹിഷ്ണുതയോടെ വർത്തിക്കുന്നു. വിയോജിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുന്ന സഹിഷ്‌ണുതയാൽ ആവരണം ചെയ്യപ്പെട്ട ജനാധിപത്യ ഭരണഘടനയാണ് ഇന്ത്യയുടേത്. സ്വാതന്ത്ര്യം ലഭിച്ചു 75 വർഷങ്ങൾ പിന്നിടുമ്പോൾ ജനങ്ങൾക്കിടയിൽ സഹിഷ്ണുതാ ബോധം വളർന്നുവോ ? വിയോജിപ്പുകളെ ഉൾക്കൊള്ളാനുള്ള സഹിഷ്ണുതാമനോഭാവം പിന്തുടരുന്നതിലേക്കു ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം ഉയർത്തപ്പെട്ടിട്ടുണ്ടോ ? തുടങ്ങിയ ചോദ്യങ്ങൾ വിശകലനം ചെയ്യൽ അനിവാര്യമാണ്.
കഴിഞ്ഞ എട്ടര വർഷത്തെ ചരിത്രമെടുത്താൽ ഇല്ല എന്നാകും ഈചോദ്യങ്ങൾക്കുള്ള ഉത്തരം. ഈ കാലയളവിൽ ഇന്ത്യയിൽ ഏറ്റവും അധികം ഉച്ചരിക്കപ്പെട്ട വാക്ക് അസഹിഷ്ണുത എന്നതാകും. ഓരോ ഭാഷയിലും ഇതിന്റെ സമാന വാക്കുകൾ അനുകൂലമായും പ്രതികൂലമായും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്. ഒറ്റ വാക്കിൽ പറഞ്ഞാൽ അസഹിഷ്‌ണുത പ്രകടിപ്പിക്കുന്ന ആളുകളുടെ എണ്ണത്തിലും പ്രകടിപ്പിക്കുന്ന രീതിയിലും വലിയ മാറ്റങ്ങൾ ഉണ്ടായി കൊണ്ടിരിക്കുന്നു. വിയോജിപ്പുകളെ ഉൾക്കൊള്ളേണ്ട ഭരണകൂടത്തിനും സഹിഷ്ണുത നഷ്ടപ്പെട്ടിരിക്കുന്നു.
ജനാധിപത്യത്തിൽ മത്സരിക്കുന്ന ബി.ജെ.പി ഉയർത്തി പിടിച്ച ആദ്യ മുദ്രാവാക്യം തന്നെ ജനാധിപത്യപരമായി പ്രവർത്തിക്കുന്ന മറ്റൊരു പാർട്ടി മുക്ത ഭാരത് എന്നതാണ്. അതുപിന്നീട് പാർലമെൻ്ററി ജനാധിപത്യത്തിന്റെ അടിസ്ഥാനമായ ശക്തമായ പ്രതിപക്ഷം എന്ന സംവിധാനത്തെ ഇല്ലാതാക്കുന്ന പ്രതിപക്ഷ മുക്ത ഭാരത് എന്ന നിലയിൽ സംസ്ഥാനങ്ങളിൽ നടപ്പിലാക്കി വരുന്നു. വിമർശനാത്മമാകമായി പ്രതികരിച്ചതിന്റെ പേരിൽ കൊല ചെയ്യപ്പെടുന്നവരും രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്നവരും വർധിച്ചുവരുന്നു.
സ്വാതന്ത്ര്യാനന്തരമുള്ള ആദ്യ പതിറ്റാണ്ടുകളിൽ ഇത്തരം വിയോജിപ്പുകളോട് ഭരണകൂടവും അതിനെ പിന്തുണക്കുന്നവരും എങ്ങനെയാണ് സമീപിച്ചതെന്ന് ജവഹർലാൽ നെഹ്റുവിന്റെ ഏറ്റവും വലിയ വിമർശകനായിരുന്ന കന്നട സാഹിത്യകാരൻ യു.ആർ അനന്തമൂർത്തി തന്റെ അവസാന കാലഘട്ടത്തിൽ പങ്കുവച്ച വാക്കുകളിൽ നിന്നും വ്യക്തമാണ്.
'ഞാൻ ചെറുപ്പകാലത്ത് പ്രധാനമന്ത്രി നെഹ്റുവിനെ വിമർശിക്കുക പതിവായിരുന്നു പക്ഷെ, അദ്ദേഹത്തിന്റെ അനുയായികൾ ഒരിക്കലും ഞങ്ങളെ ആക്രമിച്ചിട്ടില്ല. അവർ എപ്പോഴും ഞങ്ങളുടെ ആശയത്തെ ബഹുമാനിച്ചിരുന്നു. എന്നാൽ മോദിയുടെ അനുയായികൾ ഫാസിസ്റ്റുകളെ പോലെയാണ് പെരുമാറുന്നത് ' എന്ന് 2013ൽ നരേന്ദ്ര മോദി പ്രധാന മന്ത്രി പദത്തിലെത്തുന്നതിനു മുൻപ് തന്നെ യു.ആർ അനന്തമൂർത്തി വ്യക്തമാക്കിയിട്ടുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിനു ശേഷം അഭിപ്രായ പ്രകടനത്തിന്റെ പേരിൽ എത്ര രാജ്യദ്രോഹ കുറ്റങ്ങളും അക്രമങ്ങളും ഞെട്ടിപ്പിക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളുമാണ് രാജ്യത്ത് സംഭവിച്ചതെന്നും ഭരണഘടനാ സ്ഥാപനങ്ങൾ എത്രമാത്രം അട്ടിമറിക്കപ്പെട്ടുവെന്നതും പരിശോധിച്ചാൽ യു.ആർ അനന്തമൂർത്തിയുടെ നിരീക്ഷണം കൃത്യമായിരുന്നുവെന്ന് കാണാൻ സാധിക്കും.
സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഡോ. അമർത്യ സെൻ കേന്ദ്ര ഭരണകൂടത്തിന്റെ പ്രവർത്തികൾക്കെതിരേ വിമർശനം ഉയർത്തുന്നതിന്റെ പേരിൽ അദ്ദേഹത്തിന്റെ നിയമപ്രകാരമുള്ള ഭൂമിക്കെതിരേ വിശ്വഭാരതി സർവകലാശാല വൈസ് ചാൻസലർ നോട്ടിസ് അയച്ചതാണ് അസഹിഷ്ണുതയുടെ പുസ്തകത്തിലെ പുതിയ അധ്യായം. പ്രധാനമന്ത്രി ചാൻസലറായ വിശ്വഭാരതി സർവകലാശാലയുടെ വൈസ് ചാൻസലർ സ്വയം ഇത്തരുമൊരു പ്രവർത്തിക്കുമുതിരും എന്നു വിശ്വസിക്കാൻ വയ്യ. ഇതിന്റെ പിന്നിലുള്ള കാര്യങ്ങൾ സുവ്യക്തമാണ്. ലോകം ആദരിക്കുന്ന വ്യക്തിയെ പറ്റി അഭിമാനിക്കുന്നതിനു പകരം, അദ്ദേഹം ഉയർത്തുന്ന വിമർശനങ്ങളെ സ്വീകരിക്കുകയോ ആശയപരമായോ മറുപടി നൽകുന്നതിനോ പകരം ലോകത്തിനു മുന്നിൽ അപമാനിക്കുന്നതിനും ഭീഷണിയിലൂടെ അദ്ദേഹത്തിന്റെ ശബ്ദത്തെ നിശബ്ദമാക്കാനുമാണ് അധികാരികൾ ശ്രമിക്കുന്നതെന്നത് സുവ്യക്തം. ഭൂമി സർവകലാശാലയുടെതാണെങ്കിൽ അവർ കോടതിയെ സമീപിക്കട്ടെ അവിടെ ഭൂമിയുടെ കൈവശാവകാശ വിവരങ്ങൾ ബോധിപ്പിച്ചു കൊള്ളാം എന്ന അമർത്യ സെന്നിന്റെ മറുപടി കുറിക്കുകൊള്ളുന്നതാണ്.
ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട അമർത്യ സെന്നിന്റെ രേഖകൾ അദ്ദേഹത്തിൻ്റെ ഭവനത്തിൽ പോയി കൈമാറാനും പിന്തുണ നൽകാനും സുരക്ഷാ വർധിപ്പിക്കാനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കാണിച്ച സമയോചിത ഇടപെടൽ അസഹിഷ്ണുതയുടെ കാലത്തു പോസിറ്റീവായ കാര്യമാണ്.
സ്വാതന്ത്ര്യസമര പോരാട്ടങ്ങളോട് പല ഘട്ടങ്ങളിലും ബ്രിട്ടിഷുകാർ അസഹിഷ്ണുത പ്രകടിപ്പിച്ചിട്ടുണ്ട്. ജാലിയൻ വാലാബാഗ് സംഭവവും ധരാസന ഉപ്പു കേന്ദ്രത്തിലേക്ക് നടത്തിയ സമരത്തെ നേരിട്ടതും പോലുള്ള നിരവധി ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട്. ഇതിനോടൊപ്പം ഇന്ത്യൻ ജനതയുടെ ഐക്യത്തെ തകർക്കാൻ ഹിന്ദു - മുസ് ലിംകൾക്കിടയിൽ ബോധപൂർവം അസഹിഷ്ണുത വളർത്താൻ ബ്രിട്ടിഷുകാർ ശ്രമിക്കുകയുണ്ടായി. പക്ഷെ രാജ്യത്തെ ഹിന്ദുക്കളും മുസ് ലിംകളും തങ്ങളുടെ ഇടം കണ്ണും വലം കണ്ണുമാണെന്ന് പ്രഖ്യാപിച്ച് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മതേതര ദേശീയ പ്രസ്ഥാനം അതിനെ അതിജീവിച്ചു.
ഇന്ത്യാ വിഭജനകാലത്തെ മുറിവുകൾ ഭരണഘടനയിലൂടെയും ഭരണകൂടങ്ങളുടെ നീതിപൂർവമായ കരുതലുകളോടെയും ഉണക്കപ്പെട്ടു. ഇന്ത്യ പല കഷണങ്ങളായി ഛിന്നഭിന്നമാകുമെന്ന വിധിയെഴുതിയ ആളുകൾ വിസ്മൃതിയിലേക്കു പോയെങ്കിലും ഇന്ത്യ എന്നത് ലോകരാഷ്ട്രങ്ങൾക്കിടയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ശക്തിയായി മാറി.
ദേശീയ പ്രസ്ഥാനകാലത്ത് അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും ദേശീയ നേതാക്കൾ കാണിച്ച പരസ്പര ബഹുമാനവും എടുത്ത് പറയേണ്ടതാണ്. മഹാത്മാ ഗാന്ധിയുടെ സമര രീതികളോട് യോജിപ്പുണ്ടായിരുന്ന വ്യക്തിയായിരുന്നില്ല സുഭാഷ് ചന്ദ്രബോസ്. പക്ഷെ സുഭാഷ് ചന്ദ്രബോസാണ് മഹാത്മാ ഗാന്ധിയെ ഇന്ത്യയുടെ രാഷ്ട്ര പിതാവാണെന്ന് വിശേഷിപ്പിച്ചത്. അതുപോലെ തന്നെ തന്റെ ശൈലികളെ രൂക്ഷമായി വിമർശിക്കുന്ന സുഭാഷ് ചന്ദ്രബോസ് ദേശ സ്നേഹികളിലെ രാജകുമാരനാണെന്ന് മഹാത്മാ ഗാന്ധി ഹൃദയപൂർവം വിശേഷിപ്പിക്കുകയുണ്ടായി. രാഷ്ട്ര പിതാവിന്റെ 75ാം രക്തസാക്ഷിത്വ വർഷത്തിൽ, നേതാജിയുടെ 126ാം ജൻമ വാർഷികമാഘോഷിക്കപ്പെടുന്ന വേളയിൽ സഹിഷ്ണുതയെന്തെന്ന് മനസിലാക്കാൻ ഈ രണ്ട് ദേശീയ നേതാക്കളുടെ പരസ്പര ബഹുമാനം നല്ല ഉദാഹരണമാണ്.
ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണ കൂടം പിന്തുടരേണ്ടത് വിമർശനങ്ങളെ ഉൾക്കൊള്ളാനുള്ള സഹിഷ്ണുതാ മനോഭാവമാണ്. ജനങ്ങൾക്കിടയിൽ സഹിഷ്ണുത വളർത്താൻ ഉതകുന്ന കർമ പരിപാടികളാണ് ഭരണകൂടം ആവിഷ്കരിക്കേണ്ടത്. ഭരണകൂടം തന്നെ അസഹിഷ്ണുത പ്രോത്സാഹിപ്പിച്ചാൽ അവരെ പിന്തുടരുന്നവർക്ക് അത് വളമായി മാറും. വെറുപ്പ് ഉൽപാദിപ്പിക്കുന്ന ഫാക്ടറികളാവരുത് ഭരണകൂടം, മറിച്ച് സഹിഷ്ണുതയാണ് ഉൽപാദിപ്പിക്കേണ്ടത്.
വർത്തമാന ഇന്ത്യയിൽ വർധിച്ചുവരുന്ന അസഹിഷ്ണുത ജനാധിപത്യ ഇന്ത്യക്ക് ഭൂഷണമല്ല, അത് ഇല്ലാതാക്കപെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
(തൃശൂർ ശ്രീ കേരളവർമ്മ കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകനും കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗവുമാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."