'തക്കതായ മറുപടി നൽകും'; ബലൂൺ വെടിവച്ചിട്ട സംഭവത്തിൽ അതൃപ്തിയുമായി ചൈന
ബെയ്ജിങ്: യുഎസിന്റെ ആകാശത്ത് കണ്ട കൂറ്റൻ ബലൂൺ വെടിവച്ചിട്ടതിനു പിന്നാലെ ശക്തമായ മുന്നറിയിപ്പുമായി ചൈന. യുഎസിന്റെ ആകാശത്തേക്കു വഴിതെറ്റി പറന്നതെന്ന് ചൈന അവകാശപ്പെടുന്ന ബലൂൺ കാരലൈന തീരത്താണ് യുഎസ് പോർവിമാനങ്ങൾ വെടിവെച്ചിട്ടത്. യുഎസ് നടപടിയിൽ അതൃപ്തി രേഖപ്പെടുത്തിയ ചൈന, തക്കതായ മറുപടി നൽകുമെന്ന് താക്കീത് നൽകി.
രാജ്യത്തിന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റമാണ് യുഎസ് നടപടിയെന്നു ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. തക്കതായ മറുപടി നൽകുമെന്ന് ചൈന വ്യക്തമാക്കി.
യുഎസ് സംസ്ഥാനമായ മോണ്ടാനയിലാണ് ബലൂൺ പ്രത്യക്ഷപ്പെട്ടത്. ആണവ മിസൈൽ കേന്ദ്രങ്ങളുള്ള തന്ത്രപ്രധാന യുഎസ് സംസ്ഥാനമാണ് മോണ്ടാന. ജനവാസമേഖലയിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ വെടിവച്ചു താഴെയിട്ടാൽ അവശിഷ്ടങ്ങൾ പതിച്ച് അപകടമുണ്ടായേക്കുമെന്നതിനാൽ ബലൂൺ അറ്റ്ലാന്റിക് സമുദ്രത്തിനു മുകളിലെത്തിയപ്പോഴാണ് വെടിവച്ചു വീഴ്ത്തിയത്.
വെടിവച്ചു വീഴ്‌ത്താൻ പ്രസിഡന്റ് ജോ ബൈഡൻ അനുമതി നൽകിയിരുന്നു. കടലിൽ വീണ ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പരിശോധിക്കാനാണ് യുഎസ് പ്രതിരോധവകുപ്പിന്റെ തീരുമാനം. എഫ്–22 വിമാനത്തിൽനിന്ന് മിസൈൽ വർഷിച്ചാണ് ബലൂൺ നശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."