'ഞാനെന്താ വിജയ് മല്യയാണോ' സ്വത്ത് കണ്ടു കെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് നീക്കത്തിനെതിരെ സഞ്ജയ് റാവത്ത്
മുംബൈ: 1,034 കോടി രൂപയുടെ പത്ര ചൗള്‍ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിനെതിരെ ശിവസേനയുടെ സഞ്ജയ് റാവത്ത്. ഒളിച്ചോടിയ വ്യവസായികളായ വിജയ് മല്യയെയും നീരവ് മോദിയെയും പോലെയാണോ തന്നെയും പരിഗണിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
രണ്ട് വര്‍ഷമായി ഇത് തുടരുകയാണെന്ന് പറഞ്ഞ റാവത്ത്, ഇക്കാര്യം രാജ്യസഭാ അധ്യക്ഷന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ അറിയിച്ചിരുന്നുവെന്നും റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.
'ഇത് രാഷ്ട്രീയ പകപോക്കലിന്റെ കാര്യമാണെങ്കില്‍, ഇക്കാര്യം ഞാന്‍ നേരത്തെ രാജ്യസഭാ ചെയര്‍മാനെ അറിയിച്ചിരുന്നു. മഹാരാഷ്ട്ര സര്‍ക്കാരിനെ താഴെയിറക്കാന്‍ ആ സമ്മര്‍ദം എന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. അല്ലാത്തപക്ഷം കേന്ദ്ര അന്വേഷണ ഏജന്‍സികളെ നേരിടേണ്ടി വരും' അദ്ദേഹം പറഞ്ഞു. 'അവര്‍ ഈ വീട്ടില്‍ വന്ന് എന്നെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നടപടി ആരംഭിച്ചു' റാവത്ത് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജനുവരിയില്‍ ചില മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ വന്ന് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും അദ്ദേഹം തുറന്നടിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ സ്വത്തുക്കളില്‍ റൗത്തിന്റെ അലിബാഗ് പ്ലോട്ടും മുംബൈയിലെ ദാദറിലെ ഒരു ഫ്‌ളാറ്റും ഉള്‍പ്പെടുന്നു.
'ഞാന്‍ വിജയ് മല്യയോ ഞാന്‍ മെഹുല്‍ ചോക്‌സിയോ ഞാന്‍ നീരവ് മോദിയോ അംബാനി അദാനിയോ ഞാന്‍ താമസിക്കുന്നത് ഒരു ചെറിയ വീട്ടിലാണ്. എന്റെ നാട്ടില്‍ എനിക്ക് ഒരു ഏക്കര്‍ ഭൂമിയില്ല. ഉള്ളത് എന്താണെങ്കിലും ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ചതാണ്. എന്തെങ്കിലും കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നതായി അന്വേഷണ ഏജന്‍സിക്ക് തോന്നുന്നുണ്ടോ നിങ്ങള്‍ എന്നെ ആരുമായാണ് ബന്ധിപ്പിക്കുന്നത്' റാവത്ത് ചേദിച്ചു.
അവര്‍ക്ക് എന്നെ ഭയപ്പെടുത്താന്‍ കഴിയില്ല. അവര്‍ എന്റെ സ്വത്ത് പിടിച്ചെടുത്താലും എന്നെ വെടിവെച്ചാലും ജയിലിലേക്ക് അയച്ചാലും. സഞ്ജയ് റാവത്ത് ബാലാസാഹെബ് താക്കറെയുടെ അനുയായിയും ശിവസൈനികനുമാണ്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വേറെയും ശിവസേനാ നേതാക്കള്‍ക്കു നേരെ ഇഡി അന്വേഷണം ഉണ്ടായിട്ടുണ്ട്. മാര്‍ച്ചില്‍ ഉദ്ദവ് താക്കറെയുടെ ഭാര്യാ സഹോദരന്റെ 6.45 കോടിയുടെ സ്വത്തുക്കള്‍ മരവിപ്പിച്ചിരുന്നു. മഹാരാഷ്ട്രാ മന്ത്രി നവാബ് മാലിക്കിനെ അഴിമതിക്കേസില്‍ പെടുത്തി അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനേയും കേസില്‍ പെടുത്തി അറസ്റ്റ് ചെയ്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."