തുടർഭരണം എന്തും ചെയ്യാനുള്ള ലൈസൻസാണോ?
പ്രൊഫ. കെ. അരവിന്ദാക്ഷൻ
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന നാടൻ ചൊല്ല് ഉണ്ടല്ലോ. കേരള സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റുരേഖ പരിശോധിക്കുമ്പോൾ മനസിൽ പെട്ടെന്ന് ഓടിയെത്തുക ഇതിനു സമാന മറ്റൊരു നാടൻ ശൈലിയായിരിക്കും- കേന്ദ്ര സർക്കാരിനോട് തോറ്റതിന് കേരളജനതയോട്.
തന്റെ മുൻഗാമിയും സാമ്പത്തികശാസ്ത്ര വിദഗ്ധനുമായ ഡോ. തോമസ് ഐസക്കിന്റേതിൽനിന്ന് വ്യത്യസ്തമായ സാമ്പത്തികരേഖയാണ് കെ.എൻ ബാലഗോപാൽ തയാറാക്കിയിരിക്കുന്നതെന്ന് വ്യക്തമാണ്. കഥയും കവിതയും ഒന്നും ഇല്ല, വസ്തുതകളും കണക്കുകളും നേരിട്ടുതന്നെ നിരത്തി ബജറ്റവതരണം. കേൾവിക്കാരുടെ ക്ഷമ പരിശോധിക്കപ്പെടാൻ ഇടയാവാത്തവിധം സഭയിൽ അവതരിപ്പിച്ചു. നിയമസഭയിലെ ഘടികാരം പരിശോധിച്ച മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബജറ്റവതരണം പൂർത്തിയാക്കാൻ വേണ്ടിവന്നത് 2 മണിക്കൂർ 17 മിനിറ്റ് സമയം മാത്രമായിരുന്നു എന്നാണ്. ബജറ്റ് നിർദേശങ്ങളിൽ ചിലതെങ്കിലും സാധാരണക്കാരന്റെ സാമ്പത്തികബാധ്യത ഉയർത്താനിടയാക്കുമെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് അതിനെതിരേ ഒച്ചവച്ച് പ്രതിഷേധിച്ച പ്രതിപക്ഷത്തെ അവഗണിച്ചുകൊണ്ടുതന്നെ ബാലഗോപാൽ കടമ പൂർത്തിയാക്കുകയായിരുന്നു. രണ്ടാം പിണറായി സർക്കാർ ഏറ്റെടുത്തതിനുശേഷമുള്ള രണ്ടാം ബജറ്റവതരണമായിരുന്നു തന്റേതെന്ന് ഒരുനേരിയ സംശയംപോലും സഭാംഗങ്ങളിലും കേൾവിക്കാരിലും ഉയർത്താതെയുള്ള അവതരണശൈലിയായിരുന്നു ബാലഗോപാലന്റേതെന്ന് പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും മുൻകാലങ്ങളിൽ ബജറ്റ് അവതരണം നടത്തുന്ന ധനമന്ത്രിമാർ ഇടക്കിടെ വെള്ളം കുടിക്കാറുണ്ടല്ലോ. സംസ്ഥാന ധനമന്ത്രി ബോലഗോപാലും ഇതുതന്നെയാണ് ചെയ്തത്. എന്നാൽ അദ്ദേഹം മറ്റൊന്നുംകൂടി ചെയ്തു. നിരാലംബരായ കേരള ജനതയെ അക്ഷരാർഥത്തിൽ അകാരണമായി വെള്ളം കുടിപ്പിക്കാൻ ക്രൂരമായ നികുതി നിർദേശങ്ങൾ അവതരിപ്പിച്ചു എന്നതാണിത്.
ഒറ്റവാചകത്തിൽ പറഞ്ഞാൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റിലൂടെ ജനങ്ങളുടെ നട്ടെല്ല് തകർക്കുന്ന പ്രക്രിയക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ബജറ്റിന് മുമ്പ് പുറത്തിറക്കിയ സാമ്പത്തിക അവലോകനരേഖ കണ്ടപ്പോൾ വരാനിരിക്കുന്ന സാമ്പത്തികഭാരത്തെപ്പറ്റി ഏതാനും ചില ധാരണകൾ നമുക്കെല്ലാം ഉണ്ടായിരുന്നെങ്കിലും കാര്യങ്ങൾ ഇത്രയേറെ കഠിനമായിരിക്കുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. കൊവിഡിന് മുമ്പുണ്ടായ ഓഖി ദുരന്തത്തിനും തുടർച്ചയായി രണ്ടു ഘട്ടങ്ങളിലായുണ്ടായ വെള്ളപ്പൊക്ക കെടുതികൾക്കുംശേഷം സംസ്ഥാനത്തെ സാധാരണക്കാരൻ ഒന്നു നിവർന്നുനിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിന്റെ പേരിൽ അധിക സാമ്പത്തികഭാരം കേരള ജനതക്കുമേൽ ബജറ്റ് നിർദേശങ്ങളിലൂടെ അടിച്ചേൽപ്പിക്കുന്നത്.
സിൽവർലൈൻവിരുദ്ധ നിലപാടിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തിയിട്ടില്ലെന്നതിന്റെ വൈരാഗ്യം കേന്ദ്രത്തിനെതിരേ വിമർശനശരം തൊടുത്തുവിടുന്നതിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭക്കകത്തും പുറത്തും മറച്ചുവെക്കുന്നില്ല. തന്ത്രശാലിയായ കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവാണെങ്കിൽ പ്രശ്‌നം ചൂടാറാതെ നിലനിർത്തിവരുകയുമാണ്. പുതിയ റെയിൽവേ ബജറ്റിൽ 3000ൽ പരം കോടിയുടെ വിഹിതം സംസ്ഥാനത്തിനായി നീക്കിവച്ചിട്ടുണ്ടെങ്കിലും വന്ദേഭാരത് എക്‌സ്പ്രസ് ആരംഭിക്കുമെന്ന് പറയുമ്പോഴും കെ റെയിൽ-സിൽവർലൈൻ പദ്ധതി അനിശ്ചിതത്വത്തിൽ തന്നെയാണ് നിർത്തിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ തമ്മിലുള്ള ഏതാനും കൊടുക്കൽ വാങ്ങൽ ഇടപാടുകളുടെ ഭാഗമായിട്ടാണ് ഈ അനിശ്ചിതത്വം നിലവിലുള്ളതെന്ന് ദുർവ്യാഖ്യാനം ചെയ്യുന്നവരുമുണ്ട്. അതേതുമായാലും പെട്രോൾ, ഡീസൽ എന്നീ അവശ്യ ഇന്ധനങ്ങൾക്ക് ലിറ്റർ ഒന്നിന് രണ്ടുരൂപ നിരക്കിൽ സാമൂഹിക സുരക്ഷാസെസ് എന്ന ഓമനപ്പേരിൽ പുതിയ നികുതി ചുമത്തിയിട്ടുമുണ്ട്. ഇത് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ ഒന്നായിട്ടാണോ കരുതേണ്ടതെന്ന് വ്യക്തമല്ല. കേന്ദ്ര സർക്കാരിന്റെ സെസ് ചുമത്തൽ നയം ധനകാര്യകമ്മിഷൻ നിർദേശാനുസരണം കേന്ദ്ര നികുതിവരുമാനം സംസ്ഥാന സർക്കാരുകളുമായി ഒരു നിശ്ചിത അനുപാതത്തിൽ പങ്കുവയ്ക്കേണ്ടതാണെന്ന വ്യവസ്ഥ മറികടക്കാനാണെന്ന് വിമർശിക്കുമ്പോൾതന്നെയാണ് സംസ്ഥാന ധനമന്ത്രി സൗകര്യാർഥം ഈ വസ്തുത ഈ ബജറ്റിൽ വിസ്മരിച്ചിരിക്കുന്നത്.
വാഹനങ്ങൾ, വീടുകൾ, ഫ്‌ളാറ്റുകൾ കൂടിവെള്ളം തുടങ്ങിയവയുടെ നികുതിവർധനവും ഭൂമിയുടെ ന്യായവില ഉയർത്തലും സാധാരണക്കാരെ ദ്രോഹിക്കുമെന്നതിൽ സംശയമില്ല. കെട്ടിടനിർമാണം, കെട്ടിട നികുതി അനുമതിക്കുള്ള പ്രാഥമിക ചെലവുകൾ - അപേക്ഷാ ഫീസ്, പരിശോധനാ ചാർജ്, പെർമിറ്റ് ഫീസുകൾ തുടങ്ങിയവയും ഉയരാതിരിക്കില്ല. അതിന്റെയെല്ലാം ആഘാതം പുറമെ വരുമെന്നുതന്നെ കരുതാം. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ചുമതലയിൽ നടക്കാൻ പോകുന്ന ഈ വിക്രിയകളിലൂടെ അവർക്ക് 1000 കോടി രൂപയുടെ തനതു ഫണ്ടാണ് ലഭിക്കുക എന്ന ആകർഷണീയതകൂടിയുണ്ട്. വ്യത്യസ്ത കാരണങ്ങളാൽ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന വീടുകൾ, ഫ്‌ളാറ്റുകൾ തുടങ്ങിയവയ്ക്കും അധിക നികുതി ചുമത്തപ്പെടും. ചുരുക്കത്തിൽ ഭൂമിവാങ്ങൽ, ഭൂമിയുടെയും കെട്ടിടങ്ങളുടെയും നിർമാണങ്ങളും സൂക്ഷിപ്പും മാത്രമല്ല, ആർഭാടപൂർവ ഗൃഹപ്രവേശനവും കഠിനപരീക്ഷണങ്ങളാകും.
സർക്കാരിൽനിന്ന് നീതി കിട്ടാതെവന്നാൽ കോടതിയെ സമീപിക്കാൻ നേരത്തെ കഴിയുമായിരുന്നു. ഇനിമേൽ കോടതി ചെലവും കുത്തനെ ഉയരുകയാണ്. അപ്പോൾ സാധാരണക്കാരന് നീതി ലഭിക്കാൻ ഇനി എന്തുണ്ട് മാർഗം? ഇന്നത്തെ നിലയിൽ ഒന്നുംതന്നെ നമുക്കു മുന്നിലില്ല. ഏതോ ഒരു സരസൻ പറഞ്ഞതുപോലെ ധനമന്ത്രിയുടെ പ്രസംഗത്തിൽ ഉടനീളം കേൾക്കാൻ കഴിഞ്ഞത് 'അത് കൂട്ടി ഇത് കൂട്ടി എന്നൊക്കെയാണെങ്കിലും ഒന്നു മാത്രം -ക്ഷേമപെൻഷൻ കൂട്ടിയിട്ടില്ല. ഇത് കേരള ജനതയോടുള്ള സർക്കാരിൻ്റെ വാഗ്ദാന ലംഘനമല്ലേ?
ഭാവിയിൽ ആർക്കെങ്കിലും ഏതെങ്കിലുംവിധത്തിൽ ജനദ്രോഹ നടപടികൾ തയാറാക്കുന്ന സമയത്ത് മന്ത്രിമാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും അടക്കം നോട്ടപ്പിശക് ഉണ്ടാവാതിരിക്കാൻ മുഴുവൻ കേരളീയ ജനതക്കും നേർക്കാഴ്ച പദ്ധതി പൊതു ആരോഗ്യസംരക്ഷണ പരിപാടിയുടെ ഭാഗമായി നടപ്പാക്കിയിരിക്കും. ഇതിലേക്കായി കൃത്യമായ പരിശോധനക്കും കണക്കെടുപ്പിനുമായി ആരോഗ്യപ്രവർത്തകരെ ചുമതലപ്പെടുത്തും. അവർ വഴി സൗജന്യപരിശോധനയും മരുന്നും ലഭ്യമാക്കും. ഇതിനെല്ലാം പുറമെ സമൂഹത്തിൽ സാമ്പത്തിക പരാധീനമുള്ളവർക്ക് കണ്ണടകൾ സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുമത്രെ! പോരെ...ആനന്ദ ലബ്ധിക്ക് ഇനി എന്തുവേണം.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."