പത്താം ക്ലാസുകാരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലിട്ട യുവതിയുടെ ഫോട്ടോ മോർഫ്‌ചെയ്ത് അശ്ലീല വെബ്‌സൈറ്റിലിട്ടു; സഹപാഠിക്കെതിരേ പരാതി നൽകിയിട്ടും കേസെടുക്കാതെ കാട്ടാക്കട പൊലിസ്
തിരുവനന്തപുരം: വീട്ടമ്മയുടെ ചിത്രവും വിവരങ്ങളും ഫോൺനമ്പറും അശ്ലീല വെബ്‌സൈറ്റിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ കാട്ടാക്കട പൊലിസ് ഇൻസ്‌പെക്ടർ കേസെടുക്കാൻ വിസമ്മതിച്ചതായും ഒത്തുതീർപ്പിന് ശ്രമിച്ചതായും ആരോപണം. പത്താം ക്ലാസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പിലിട്ട യുവതിയുടെ ഫോട്ടോ മോർഫ്‌ചെയ്ത് അശ്ലീല സൈറ്റിലിട്ട സഹപാഠിക്കെതിരായ പരാതിയിൽ കാട്ടാക്കട പൊലിസിൽ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ റൂറൽ എസ്.പിയെ സമീപിച്ചെന്നും യുവതി പറഞ്ഞു.
ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്ത്യയിൽ നിരോധിച്ചതും ഗൾഫ് അടക്കമുള്ള വിദേശരാജ്യങ്ങളിൽ പ്രചാരത്തിലുള്ളതുമായ അശ്ലീല വെബ്‌സൈറ്റിൽ യുവതിയുടെ ഫോട്ടോയും വയസും ഫോൺ നമ്പറും ഉൾപ്പെടെ അശ്ലീല പദങ്ങൾ എഴുതി പ്രതി പോസ്റ്റ് ചെയ്യുകയായിരുന്നു.
അടുത്തദിവസം മുതൽ പല രാജ്യങ്ങളിൽനിന്നും യുവതിയുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് അശ്ലീല മെസേജുകൾ വന്നു. ആദ്യം നമ്പർ തെറ്റി വന്നതാകാമെന്ന് കരുതി. കുറെ നമ്പറുകൾ യുവതി ബ്ലോക്ക് ചെയ്‌തെങ്കിലും വീണ്ടും ഇത്തരം സന്ദേശങ്ങൾ വന്നുകൊണ്ടിരുന്നു. തുടർന്ന് വെബ്‌സൈറ്റിൽ ഫോട്ടോ പ്രദർശിപ്പിച്ചിരിക്കുന്നത് കണ്ടെത്തി.
സുഹൃത്തിന്റെ മകളുടെ വിവാഹത്തിന് പോയപ്പോൾ എടുത്ത ചിത്രമാണ് പ്രതി മോർഫ്‌ചെയ്ത് ഉപയോഗിച്ചത്. എട്ടുപേർക്കൊപ്പ ംചേർന്നുള്ള ഗ്രൂപ്പ് ഫോട്ടോയിൽനിന്ന് യുവതിയുടെ മുഖം മാത്രം കട്ട്‌ചെയ്‌തെടുത്ത് മുൻവൈരാഗ്യംതീർക്കാൻ പ്രചരിപ്പിച്ചെന്നാണ് പരാതി.
ജനുവരി 31നാണ് സൈബർ പൊലിസിലും ഫെബ്രുവരി ഒന്നിന് കാട്ടാക്കട പൊലിസിലും ഇതു സംബന്ധിച്ച് യുവതി പരാതി നൽകിയത്. ഗ്രൂപ്പ് ഫോട്ടോയിലെ മറ്റ് ഏഴ് പേരെയും ചോദ്യം ചെയ്യണമെന്നും യുവതി കാട്ടാക്കട പൊലിസിനോട് ആവശ്യപ്പെട്ടു. ഇക്കൂട്ടത്തിൽ ഒരാളെ സംശയിക്കുന്നതായി അറിയിച്ച പരാതിക്കാരി അയാളുടെ പേരും ഫോൺ നമ്പറും നൽകി. എന്നാൽ ഒന്നാം തീയതി നൽകിയ പരാതിയിൽ ആറാം തീയതിയാണ് പ്രതിയെ വിളിച്ചുവരുത്താൻ പോലും പൊലിസ് തയ്യാറായത്.
പരാതിക്കാരിയെയും പ്രതിയായ ആലമുക്ക് സ്വദേശിയെയും വിളിച്ചുവരുത്തിയ സി.ഐ, പരാതി ഒത്തുതീർപ്പാക്കി കൂടെ എന്നാണ് ചോദിച്ചതെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. പ്രതി കുറ്റസമ്മതം നടത്തിയിട്ടും കേസ് ഒത്തുതീർക്കാൻ ശ്രമിച്ച കാട്ടാക്കട സി.ഐക്കെതിരെ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് യുവതിയുടെ ബന്ധുക്കൾ അറിയിച്ചു. തനിക്ക് 16 വയസുള്ള മകളുണ്ടെന്നും ഇത് അവളുടെ ഭാവിയെ ബാധിക്കുമെന്നും യുവതി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."