നിങ്ങളുടെ കെട്ടുകഥകളിലൊന്നാണോ ഈ ഭരണഘടന?; ബി.ജെ.പിയുടെ ജന്മദിനത്തില്‍ ട്രോളി ശശി തരൂര്‍
ബി.ജെ.പി പാര്‍ട്ടിയുടെ 42ാം ജന്മദിനം ആഘോഷിക്കുന്ന വേളയില്‍ പാര്‍ട്ടിയെ കടന്നാക്രമിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. നിങ്ങളുടെ സ്വന്തം ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇതല്ലേ പറ്റിയ സമയം എന്നു ചോദിച്ചുകൊണ്ട് തുടങ്ങുന്ന കുറിപ്പിനൊപ്പം ബി.ജെ.പിയുടെ തന്നെ ഭരണഘടനയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
നിങ്ങളുടെ ഭരണഘടനയുടെ ആദ്യപേജില്‍ പറഞ്ഞതൊന്നും നിങ്ങള്‍ ഇന്ന് വിശ്വസിക്കുകയോ പ്രാവര്‍ത്തികമാക്കുകയോ ചെയ്യുന്നില്ല എന്ന് എല്ലാവര്‍ക്കുമറിയാം. പാര്‍ട്ടി ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഇതല്ലേ പറ്റിയ സമയം. അതോ നിങ്ങളുടെ പതിവുപോലെ പൊള്ളയായ വാഗ്ദാനങ്ങളില്‍ ഒന്നാണോ ഈ പാര്‍ട്ടി ഭരണഘടനയെന്നുമാണ് തരൂര്‍ ചോദിക്കുന്നത്.
ബി.ജെ.പി ഭരണഘടനയില്‍ പ്രതിപാതിക്കുന്നത്
ആധുനികവും പുരോഗമനപരവും കാഴ്ചപ്പാടില്‍ പ്രബുദ്ധവും ഇന്ത്യയുടെ പൗരാണിക സംസ്‌കാരത്തില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും അഭിമാനപൂര്‍വ്വം പ്രചോദനം ഉള്‍ക്കൊണ്ട് ഫലപ്രദമായ പങ്ക് വഹിക്കുന്ന ഒരു വലിയ ലോകശക്തിയായി ഉയര്‍ന്നുവരാന്‍ കഴിയുന്ന ശക്തവും സമ്പന്നവുമായ ഒരു രാഷ്ട്രമായി ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ പാര്‍ട്ടി പ്രതിജ്ഞയെടുക്കുന്നു. ജാതി, മത, ലിംഗഭേദമില്ലാതെ എല്ലാ പൗരന്മാര്‍ക്കും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക നീതി, അവസര സമത്വം, വിശ്വാസത്തിന്റെയും ആവിഷ്‌കാരത്തിന്റെയും സ്വാതന്ത്ര്യം എന്നിവ ഉറപ്പുനല്‍കുന്ന ഒരു ജനാധിപത്യ രാഷ്ട്രം സ്ഥാപിക്കുകയാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.
നിയമപ്രകാരം ഇന്ത്യന്‍ ഭരണഘടനയിലും സോഷ്യലിസത്തിന്റെ തത്വങ്ങളിലും പാര്‍ട്ടി യഥാര്‍ത്ഥ വിശ്വാസവും വിധേയത്വവും പുലര്‍ത്തും. മതേതരത്വവും ജനാധിപത്യവും ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കും.
ബേസിക് ഫിലോസഫി
സമഗ്രമായ മാനവികത പാര്‍ട്ടിയുടെ അടിസ്ഥാന തത്വശാസ്ത്രമായിരിക്കും.
പ്രതിബദ്ധതകള്‍
ദേശീയത, ദേശീയോദ്ഗ്രഥനം, ജനാധിപത്യം, സാമൂഹ്യസാമ്പത്തിക വിഷയങ്ങളോടുള്ള ഗാന്ധിയന്‍ സമീപനം എന്നിവയില്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമായിരിക്കും. സാമ്പത്തികവും രാഷ്ട്രീയവുമായ അധികാര വികേന്ദ്രീകരണത്തിനുവേണ്ടിയാണ് പാര്‍ട്ടി നിലകൊള്ളുന്നത്.
ഇവയില്‍ ഒന്നുപോലും പാലിക്കപ്പെടുന്നില്ല എന്നതാണ് വസ്തുത. ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഭരണഘടന ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളില്‍ ഒന്നെങ്കിലും പാലിച്ചിരുന്നെങ്കില്‍ എത്രമാത്രം പുരോഗതി കൈവരിക്കുമായിരുന്നു.
അതേസമയം ഇന്ത്യ മാറ്റത്തിന്റെ പാതയിലെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം പുരോഗതിയിലേക്ക് വേഗം കുതിക്കുന്നു. ബിജെപി ലക്ഷ്യങ്ങള്‍ തീരുമാനിക്കുകയും അത് നേടുകയും ചെയ്യുന്നു. പ്രതിക്ഷത്തെ രൂക്ഷമായി വിമര്‍ശിക്കാനും മോദി മറന്നില്ല. ചിലര്‍ക്ക് വോട്ട് ബാങ്കിന്റെ രാഷ്ട്രീയമാണെന്ന് മോദി കുറ്റപ്പെടുത്തി. കുടുംബ രാഷ്ട്രീയം രാജ്യത്തെ നശിപ്പിച്ചു. ജനാധിപത്യത്തിലെ ഏറ്റവും അപകടകരമായ അവസ്ഥയാണ് കുടുംബ വാഴ്ചയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ വോട്ട് ബാങ്ക് രാഷ്ട്രീയം അവസാനിച്ചതായും മോദി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."