HOME
DETAILS

ബദൽ സാധ്യത കോൺഗ്രസ് നേതൃത്വത്തിനു മാത്രം

  
backup
April 07 2022 | 05:04 AM

89563123-2022-april-todays-article

കെ. സുധാകരൻ എം.പി

ഉപാധിവച്ച് കോൺഗ്രസുമായി സഖ്യമാകാമെന്ന സി.പി.എം പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയ സംഘടനാറിപ്പോർട്ട് അടുത്തകാലത്തെ ഏറ്റവും വലിയ തമാശയാണ്. എത്ര കൊണ്ടാലും തങ്ങൾ പഠിക്കില്ല എന്നതിന് തെളിവാണ് ഈ സംഘടനാറിപ്പോർട്ട്. ബി.ജെ.പി വിരുദ്ധ പോരാട്ടത്തിൽ കോൺഗ്രസിനെ ചാപ്പകുത്തി മാറ്റിനിർത്താൻ ശ്രമിക്കുന്ന സി.പി.എം, സ്വന്തം മുഖത്തിന്റെ വൈകൃതം കാണാതെ പോകുകയാണ്. ദേശീയതലത്തിൽ ഉപ്പുവച്ച കലം പോലെയായ സി.പി.എമ്മിന് കോൺഗ്രസിനെ ദേശീയനയവും നിലപാടും പഠിപ്പിക്കാൻ എങ്ങനെയാണ് സാധിക്കുന്നത്. സ്വന്തം നിലനിൽപ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലഘട്ടത്തിലൂടെയാണ് സി.പി.എം കടന്നുപോകുന്നത്. കോൺഗ്രസിന് സാരോപദേശം നൽകുന്ന സി.പി.എം സ്വന്തം അപചയത്തെ തിരിച്ചറിയണം.


ദേശീയതലത്തിൽ പത്തുശതമാനം വോട്ട് വിഹിതമുണ്ടായിരുന്ന സി.പി.എമ്മിന് ഇന്ന് 1.65 ശതമാനം വോട്ട് വിഹിതമാണുള്ളത്. നിലപാടുകളിലെ കാപട്യം; അതാണ് സി.പി.എമ്മിനെ ജനം വിസ്മരിക്കാൻ കാരണം. സി.പി.എമ്മിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ലോക്‌സഭാംഗങ്ങളെ(43) വിജയിപ്പിച്ചത് 2004ലാണ്. 2009ൽ ഇത് 16 സീറ്റുകളിലേക്ക് കുത്തനെ പതിച്ചു. 2019ൽ അത് മൂന്നായി പിന്നെയും ചുരുങ്ങി. കേരളം എന്ന തുരുത്തിൽ അവശേഷിക്കുന്ന സി.പി.എം സംസ്ഥാന ഘടകമാകട്ടെ അന്ധമായ കോൺഗ്രസ് വിരോധം കൊണ്ടുനടക്കുന്നവരുമാണ്. ബി.ജെ.പിയുടെ കോൺഗ്രസ് മുക്തഭാരതമെന്ന മുദ്രാവാക്യത്തിന്റെ ഫലപ്രാപ്തിക്കായി അഹോരാത്രം പണിയെടുക്കുന്ന കേരള സി.പി.എം നേതാക്കൾക്ക് എങ്ങനെയാണ് ദേശീയതലത്തിൽ മതേതര ചേരിയിലെ ബി.ജെ.പിക്കെതിരായ കോൺഗ്രസിന്റെ സാന്നിധ്യം ഉൾക്കൊള്ളാനാവുക.
സി.പി.എമ്മിന്റെ മാത്രം നിലപാട് അനുസരിച്ചല്ല ദേശീയതലത്തിൽ പ്രതിപക്ഷസഖ്യം രൂപവത്കരിക്കുന്നത്. മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, സ്റ്റാലിന്റെ ഡി.എം.കെ, ശരദ് പവാറിന്റെ എൻ.സി.പി തുടങ്ങിയ കക്ഷികൾ കോൺഗ്രസ് നയിക്കേണ്ടതിന്റെ പ്രാധാന്യം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബി.ജെ.പി വിരുദ്ധ സഖ്യത്തിൽ ഉൾപ്പെടാതിരിക്കാനാണ് സി.പി.എം നേതാക്കളായ കോടിയേരിയും എസ്.ആർ.പിയും സഹനേതാക്കളും നിബന്ധനകൾ മുന്നോട്ടുവയ്ക്കുന്നത്.
കേരളത്തിൽ മാത്രമാണ് സി.പി.എം അധികാരത്തിലുള്ളത്. കോൺഗ്രസിന്റെ സ്ഥിതി അങ്ങനെയല്ല. ദേശീയകക്ഷിയായ കോൺഗ്രസ് പാർലമെന്റിന്റെ ഇരുസഭകളിലും ശക്തമായി സാന്നിധ്യം അറിയിക്കുന്നുണ്ട്. ദേശീയ കാലികപ്രസക്തമായ വിഷയങ്ങളിൽ ജനങ്ങളുടെ ശബ്ദമാകാൻ കോൺഗ്രസിന് സാധിക്കുന്നുമുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭകളിലായി 688 ജനപ്രതിനിധികളുണ്ട്. കോൺഗ്രസിനോട് കിടപിടിക്കുന്ന മറ്റൊരു പ്രതിപക്ഷ കക്ഷി ഇല്ലെന്നതാണ് യാഥാർഥ്യം. കോൺഗ്രസ് നേതൃത്വത്തിൽ മാത്രമേ ബി.ജെ.പി വിരുദ്ധ മതേതര രാഷ്ട്രീയ ബദൽ സാധ്യമാകൂ.


തെരഞ്ഞെടുപ്പ് പരാജയങ്ങളിൽനിന്ന് ശക്തമായ തിരിച്ചുവരവ് നടത്തിയ പ്രസ്ഥാനമാണ് കോൺഗ്രസ്. വിമർശനങ്ങളെ ഉൾക്കൊണ്ട് ആവശ്യമായ മാറ്റംവരുത്താൻ പാർട്ടിക്കു സാധിക്കും. എന്നാൽ സി.പി.എമ്മിന്റെ അവസ്ഥ അതല്ല. അധികാരത്തിലുണ്ടായിരുന്ന ത്രിപുരയിലും ബംഗാളിലും ഇപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ സ്ഥാനാർഥികളെ കിട്ടാനില്ല. മുൻപ് സംഘടനാപരമായി ശക്തിയുണ്ടായിരുന്ന പല സംസ്ഥാനങ്ങളിലും നിന്ന് സി.പി.എം തുടച്ചുനീക്കപ്പെട്ടു. നിലവിൽ ലോക്‌സഭയിൽ ആകെയുള്ള മൂന്നിൽ രണ്ട് സീറ്റുകളും ഡി.എം.കെയുടെ കാരുണ്യംകൊണ്ട് ലഭിച്ചതാണ്. അവിടെ സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും ചിത്രംവച്ചാണ് സി.പി.എം വോട്ടുപിടിച്ചത്. കേരളം ഒഴികെ മറ്റുസംസ്ഥാനങ്ങളിൽ അംഗസംഖ്യയോ പ്രവർത്തകരോ ഇല്ലാത്ത പ്രസ്ഥാനമാണ് സി.പി.എം. ബംഗാളിൽ രണ്ട് ലക്ഷത്തിന് താഴെയാണ് പാർട്ടി അംഗസംഖ്യ. ബംഗാൾ ഭരിച്ചിരുന്ന സി.പി.എമ്മിന്റെ ദയനീയാവസ്ഥയുടെ നേർചിത്രമാണത്. വികസന കാഴ്ചപ്പാടിൽ ഉൾപ്പെടെ സി.പി.എം പുലർത്തുന്ന സമീപനവും ധാർഷ്ട്യവുമാണ് അവരുടെ തകർച്ചക്ക് ആക്കം കൂട്ടിയത്.


സ്വന്തമായി നിലപാട് സ്വീകരിക്കാൻ കഴിവില്ലാത്ത ദേശീയ നേതൃത്വമാണ് സി.പി.എമ്മിനുള്ളത്. കേരള ഘടകത്തിന്റെ സാമ്പത്തിക പ്രതാപത്തിന് മുന്നിൽ അവർ വെറും നോക്കുകുത്തിയാകുന്നു. സിൽവർലൈനിന്റെ കാര്യത്തിൽ പോലും പാർട്ടിക്ക് കൃത്യമായ നയമില്ല. കേരള മുഖ്യമന്ത്രിയാകട്ടെ കമ്യൂണിസ്റ്റ് നിലപാടുകൾക്ക് വിരുദ്ധമായിട്ടാണ് പലപ്പോഴും പ്രവർത്തിക്കുന്നത്. ബി.ജെ.പിയുമായി തെരഞ്ഞെടുപ്പ് രഹസ്യബാന്ധവം ഉണ്ടാക്കിയിട്ടും മുഖ്യമന്ത്രിയെ തിരുത്താൻ സി.പി.എം പി.ബിക്ക് പോലും കഴിയുന്നില്ല. കോൺഗ്രസ് രാജ്യത്ത് തകർന്ന് ഇല്ലാതാകണമെന്ന പ്രതീക്ഷയും സ്വപ്നവുമാണ് കേരളമുഖ്യമന്ത്രി പങ്കുവയ്ക്കുന്നത്. ബി.ജെ.പി തകരണമെന്നോ ഇല്ലാതാകണമെന്നോ ഉള്ള വിദൂരചിന്ത പോലും അദ്ദേഹത്തിനില്ല. രാഷ്ട്രീയ ജീവിതത്തിലുടനീളം കിട്ടിയ ബി.ജെ.പി പിന്തുണയുടെ നന്ദിയാണ് മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത്.
ദലിത്, ന്യൂനപക്ഷ വിരുദ്ധമായ കാഴ്ചപാടാണ് സി.പി.എം പിന്തുടരുന്നത്. അതിനാലാണ് പരമോന്നത നേതൃത്വമായ പോളിറ്റ്ബ്യൂറോയിൽ ദലിത് പ്രാതിനിധ്യം ഇല്ലാതെ പോയത്. അത് ചരിത്രപരമായ കാരണങ്ങളാണെന്ന് നിരീക്ഷിക്കുന്ന യെച്ചൂരി, സി.പി.െഎയുടെ ജനറൽ സെക്രട്ടിറി ഡി. രാജ തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലെ ചിത്തത്തൂരിൽ ഒരു ദലിത് കുടുംബത്തിലെ അംഗമാണെന്നത് ഓർക്കുന്നത് നന്ന്. സി.പി.എമ്മിന്റെ എല്ലാവിഷയങ്ങളിലെയും നിലപാടുകൾ ഇത്തരത്തിലാണ്. കഴിഞ്ഞ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ന്യൂനപക്ഷ വർഗീയ പരാമർശം നടത്തിയാണ് സി.പി.എം പ്രചാരണം നടത്തിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം നടത്തിയതിന് കേസെടുത്തതും സി.പി.എമ്മിന്റെ നിലപാടുകളുടെ വൈരുധ്യം കൊണ്ടാണ്.


സി.പി.എമ്മിന് കാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിയാൻ ഇനിയും ഏറെക്കാലം വേണ്ടിവരും. നെഹ്‌റു സർക്കാരിനെ അസ്ഥിരപ്പെടുത്താൻ സായുധ വിപ്ലവത്തിന്റെ പാത സ്വീകരിച്ചത് മുതൽ ഇന്ത്യൻ രാഷ്ട്രീയത്തിൽ കളങ്കിത പ്രതിച്ഛായയാണ് കമ്യൂണിസ്റ്റ് പാർട്ടിക്കുള്ളത്. ജനസംഘവുമായി കൂട്ടുചേർന്നതും 2004ൽ ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്ത് അമേരിക്കയുമായുള്ള ആണവ കരാറിനെ ചൊല്ലി മുന്നണി വിട്ടതും ചരിത്രപരമായ മണ്ടത്തരമാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ വെറുക്കപ്പെട്ടവരായി കഴിഞ്ഞിരുന്ന സംഘ്പരിവാർ പ്രസ്ഥാനങ്ങളെ അന്ധമായ കോൺഗ്രസ് വിരോധത്തിന്റെ പേരിൽ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തി വലുതാക്കിയത് സി.പി.എമ്മാണ്. കോൺഗ്രസിനെ തകർക്കാൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുമെന്ന ചിന്ത തന്നെയാണ് സി.പി.എമ്മിനെ എന്നും മുന്നോട്ടുനയിക്കുന്നത്. വിലക്കയറ്റത്തിൽ പൊറുതിമുട്ടി ജനം നെട്ടോട്ടം നടത്തുമ്പോഴും ബി.ജെ.പിയെ വിമർശിക്കാൻ സി.പി.എമ്മിന് ഭയം.


രാജ്യത്തിന്റെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനും നിലനിർത്താനും ബി.ജെ.പിയെ പ്രതിരോധിക്കേണ്ടതുണ്ട്. ആ മഹത്തായ ദൗത്യം ഏറ്റെടുത്താണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. മൂന്നാം ബദലെന്ന ആശയത്തേക്കാൾ മതനിരപേക്ഷ രാഷ്ട്രീയ കൂട്ടായ്മ എന്ന ആശയത്തിനാണ് പ്രസക്തി. അതിനോടൊപ്പം നിൽക്കാൻ സി.പി.എമ്മിന് താൽപര്യമില്ലെങ്കിൽ ആ സഖ്യത്തിന് തുരങ്കംവയ്ക്കാതിരിക്കാനെങ്കിലും സി.പി.എം സന്മനസ് കാണിക്കുകയും ജാഗ്രത പുലർത്തുകയും വേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago