'പലായനം ചെയ്യുന്ന അതിഥി തൊഴിലാളികളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കേണ്ടത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വം'- രാഹുല്‍
ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗത്തില്‍ രോഗ വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ പലായനം ചെയ്യുന്ന അതിഥി തൊഴിലാളികളെ സഹായിക്കേണ്ടത് കേന്ദ്ര സര്‍ക്കാറിന്റെ ബാധ്യതയാണെന്ന് ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പലായനം ചെയ്യുന്ന തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നല്‍കണമെന്നും രാഹുല്‍ ട്വീറ്റില്‍ ആവശ്യപ്പെട്ടു.
കുടിയേറ്റ തൊഴിലാളികള്‍ വീണ്ടും പലായനത്തിലാണ്. ഇത്തരമൊരു സാഹചര്യത്തില്‍ അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം ചേര്‍ക്കേണ്ടത് കേന്ദ്ര സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണ്. എന്നില്‍ കൊവിഡ് വ്യാപനത്തിന് ജനങ്ങളെ കുറ്റപ്പെടുത്താന്‍ ഉത്സാഹിക്കുന്ന സര്‍ക്കാര്‍ ജനസഹായകമായ ഇത്തരമൊരു നീക്കത്തിന് തയ്യാറാവുമോ'-രാഹുല്‍ ചോദിച്ചു.
प्रवासी एक बार फिर पलायन कर रहे हैं। ऐसे में केंद्र सरकार की ज़िम्मेदारी है कि उनके बैंक खातों में रुपय डाले।
— Rahul Gandhi (@RahulGandhi) April 20, 2021
लेकिन कोरोना फैलाने के लिए जनता को दोष देने वाली सरकार क्या ऐसा जन सहायक क़दम उठाएगी?#Lockdown
ഇതിനോടകം തന്നെ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടക്കം തുടങ്ങിക്കഴിഞ്ഞു. ഇതില്‍ നേപാള്‍ സ്വദേശികളും ഉള്‍പ്പെടും.
ഡല്‍ഹിയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും തൊഴിലാളികള്‍ മടങ്ങേണ്ടതില്ലെന്നും എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു.എന്നാല്‍ തൊഴിലാളികള്‍ അതൊന്നും വിശ്വാസത്തിലെടുത്തിട്ടില്ല. നൂറുകണക്കിന് പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹി വിട്ടത്. മറ്റു സംസ്ഥാനങ്ങളിലും ഇതേ സാഹചര്യമാണ്. തമിഴ്‌നാട്ടില്‍നിന്നടക്കം വടക്കേന്ത്യന്‍ തൊഴിലാളികള്‍ കൂട്ടത്തോടെ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകുകയാണ്. റെയില്‍വേ സ്റ്റേഷനുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."