തീരുമാനത്തിലുറച്ച് സര്‍ക്കാര്‍: ഇന്ധനസെസ് പിന്‍വലിക്കില്ല; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
തിരുവനന്തപുരം: ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസും നികുതികളും കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നികുതി ഏര്‍പ്പെടുത്താതെ പോകാന്‍ പറ്റില്ലെന്നാണ് നികുതി വര്‍ധനവിനെ ന്യായീകരിച്ച് ധനമമന്ത്രി നിയമസഭയില്‍ പറഞ്ഞത്. സെസ് പിരിക്കുന്നത് പ്രത്യേക ഫണ്ടെന്ന നിലയ്ക്കാണെന്നും അദ്ദേഹം പറഞ്ഞു. നികുതികള്‍ കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
അതേ സമയം, പ്രതിപക്ഷ വിമര്‍ശനത്തില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും ഇത്രയും പ്രതീക്ഷിച്ചില്ലെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍.രണ്ടാം പിണറായി സര്‍ക്കാറിന് അഹങ്കാരമില്ല, ജനങ്ങള്‍ക്കായി കൂടുതല്‍ ചെയ്യാനുള്ള താല്പര്യമാണുള്ളതെന്നും ധനമന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തില്‍ രാഷ്ട്രീയ അതിപ്രസരമുണ്ട്. ഒറ്റപ്പെട്ട കാര്യങ്ങള്‍ കണ്ട് വിലയിരുത്തുന്നത് ദുഃഖകരമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സാധാരണക്കാരുടെ ആനുകൂല്യം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റഴിക്കലാണ് കേന്ദ്ര നയം.
അതേസമയം, പൊതുമേഖല സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്നതാണ് കേരളത്തിന്റെ നയമെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാറിനെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷ നേതാവ് കൂടി സര്‍ക്കാറിനൊപ്പം നില്കണമെന്നാണ് ആഗ്രഹമെന്നും കെ.എന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."