ഇന്ത്യക്ക് മുകളിലും ചൈനയുടെ ചാര ബലൂൺ; സൈനിക വിവരങ്ങൾ ചോർത്തുന്നതായി റിപ്പോർട്ട്
ന്യൂഡൽഹി: അമേരിക്ക മിസൈൽ ഉപയോഗിച്ച് തകർത്ത ചൈനീസ് നിരീക്ഷണ ബലൂൺ പോലുള്ളവ ഇന്ത്യയെയും ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. അമേരിക്കയിലെ മുഖ്യമാധ്യമമായ ദി വാഷിങ്ടൻ പോസ്റ്റ് ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഇന്ത്യക്കൊപ്പം ജപ്പാനെയും മറ്റനവധി രാജ്യങ്ങളെയും ചൈന ലക്ഷ്യം വെച്ചതായി റിപ്പോർട്ടിൽ പറയുന്നു.
‘‘ഇന്ത്യ, ജപ്പാൻ, വിയറ്റ്‌നാം, തയ്‌വാൻ, ഫിലിപ്പീൻസ് തുടങ്ങി ചൈനയ്ക്കു തന്ത്രപ്രധാന താൽപര്യമുള്ള രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും സൈനിക വിവരങ്ങൾ ബലൂൺ വഴി ശേഖരിക്കുകയാണ്. ചൈനയിലെ എല്ലാ ഭാഗത്തും ഇത്തരം ബലൂണുകളുണ്ട്. ഇതു മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ മറികടക്കുന്നതാണ്’’– ദി വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) വ്യോമസേനയാണ് ബലൂണുകൾ കൈകാര്യം ചെയ്യുന്നത്. അഞ്ചിലേറെ ഭൂഖണ്ഡങ്ങളിൽ ഇവയുടെ സാന്നിധ്യമുണ്ട്. ഹവായ്, ഫ്ലോറിഡ, ടെക്സസ്, ഗുവാം എന്നിവിടങ്ങളിൽ ബലൂണുകൾ കണ്ടെത്തിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
അതിനിടെ, കാനഡയുടെ പിന്തുണയോടെ യുഎസ് സേന ബലൂൺ തകർത്ത നടപടിക്കെതിരെ ചൈന രംഗത്തെത്തിയിരുന്നു. ബലൂൺ വെടിവച്ചിട്ട യുഎസ് നടപടി അമിത പ്രതികരണമാണെന്നും ഇതിനോട് ഉചിതമായി പ്രതികരിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."