റഷ്യ-ഇന്ത്യ സഖ്യം; വലിയ വില നൽകേണ്ടിവരും: യു.എസ്
വാഷിങ്ടൺ
റഷ്യയുമായി ഇന്ത്യ സഖ്യമുണ്ടാക്കുന്നതിനെതിരേ മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ബ്രയാൻ ഡീസ്.
ഉക്രൈൻ അധിനിവേശത്തിനു ശേഷം ഇന്ത്യയുടെയും ചൈനയുടെയും ചില നടപടികളിൽ യു.എസിന് നിരാശയുണ്ടെന്നും വൈറ്റ്ഹൗസ് ദേശീയ സാമ്പത്തിക സമിതി ഡയറക്ടറായ അദ്ദേഹം വ്യക്തമാക്കി. റഷ്യയുമായി തന്ത്രപ്രധാന സഖ്യമുണ്ടാക്കുന്നത് വലുതും ദൂരവ്യാപകവുമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഇന്ത്യക്ക് യു.എസ് മുന്നറിയിപ്പു നൽകിയിട്ടുണ്ടെന്നും ഡീസ് കൂട്ടിച്ചേർത്തു.
യൂറോപ്പ് ഒന്നടങ്കം റഷ്യക്കെതിരേ ഉപരോധത്തിന് തയാറായപ്പോൾ ഇന്ത്യ വിസമ്മതിക്കുകയും റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്നതുമാണ് യു.എസിനെ പ്രകോപിപ്പിച്ചത്.
ഏഷ്യയിൽ ചൈനീസ് മേൽക്കോയ്മ തടയാൻ ഇന്ത്യയെ യു.എസ് തന്ത്രപ്രധാന പങ്കാളിയായി വളർത്തിക്കൊണ്ടുവരുന്നതിനിടെ ഇന്ത്യ റഷ്യയോടടുത്തത് യു.എസിനെ ആശങ്കയിലാക്കി. റഷ്യയിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്നതിലും മുമ്പിലുള്ള രാജ്യമാണ് ഇന്ത്യ.
ചൈനീസ്, പാക് ഭീഷണികൾ നേരിടാൻ ഇന്ത്യക്ക് റഷ്യൻ ആയുധങ്ങൾ അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."