കോൺഗ്രസുമായി സഖ്യം വേണമെന്ന് സി.പി.എം ബംഗാൾ ഘടകം, ശക്തമായ എതിർപ്പുമായി കേരള ഘടകം
വി. അബ്ദുൽ മജീദ്
കണ്ണൂർ
കോൺഗ്രസുമായി സഖ്യം വേണമെന്ന് സി.പി.എം പശ്ചിമ ബംഗാൾ ഘടകം. കോൺഗ്രസിനെ ഒഴിവാക്കി ബി.ജെ.പി വിരുദ്ധമുന്നണി സാധ്യമല്ലെന്നും സി.പി.എം 23ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചർച്ചയിൽ പശ്ചിമ ബംഗാൾ പ്രതിനിധി ശ്രിജൻ ഭട്ടാചാര്യ വാദിച്ചു.
കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ അക്രമാസക്തമായ ഹിന്ദുത്വ ഫാസിസ്റ്റ് നയങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിനോടുള്ള പാർട്ടിയുടെ പഴയ സമീപനത്തിന് പ്രസക്തിയില്ല. ബംഗാളിൽ ബി.ജെ.പിയും തൃണമൂൽ കോൺഗ്രസും ഒരുപോലെ എതിർക്കപ്പെടണം. അതിന് കോൺഗ്രസുമായുള്ള സഖ്യം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെയും തൃണമൂലിനെയും ഒരുപോലെ എതിർക്കുന്നത് ശരിയല്ലെന്ന സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് തിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം വാദിച്ചു.
എന്നാൽ കോൺഗ്രസുമായുള്ള സഖ്യം വേണ്ടെന്ന കേരള ഘടകത്തിന്റെ നിലപാട് ചർച്ചയിൽ പങ്കെടുത്ത മന്ത്രി പി. രാജീവ് ശക്തമായി അവതരിപ്പിച്ചു. പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിലേക്ക് നേതാക്കളെ അയയ്ക്കാൻ പോലും വിസമ്മതിക്കുന്ന കോൺഗ്രസിനെക്കുറിച്ച് ചർച്ച ചെയ്ത് സമയം കളയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
സെമിനാറിൽ പങ്കെടുക്കുന്നതിൽനിന്ന് നേതാക്കളൈ വിലക്കിയത് കോൺഗ്രസിന്റെ ദേശീയ നേതൃത്വമാണ്. ആ പാർട്ടിയുമായി ദേശീയതലത്തിൽ സഖ്യമുണ്ടാക്കുന്നത് ശരിയല്ല. രാജ്യത്ത് കോൺഗ്രസിന്റെ അടിത്തറ ഇളകിയിട്ടുണ്ട്. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ സംഘടനാ ശേഷി ദുർബലമായിട്ടുണ്ട്. അതിനാൽ കോൺഗ്രസിനെ മുൻനിർത്തി ബി.ജെ.പിക്കെതിരേ ബദൽ സാധ്യമല്ല.
ബി.ജെ.പിയെ ദേശീയതലത്തിൽ ചെറുക്കാനുള്ള ശേഷി കോൺഗ്രസിനില്ല. കോൺഗ്രസിനെ മുൻനിർത്തിയൊരു രാഷ്ട്രീയ ബദൽ സാധ്യമല്ലെന്ന് സമീപകാലത്ത് ചില സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് തെളിയിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധി ഹിന്ദുരാഷ്ട്രത്തിനായി വാദിക്കുന്ന തരത്തിലേക്ക് കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാട് എത്തിയിട്ടുണ്ട്. അങ്ങനെയുള്ള കോൺഗ്രസുമായി ചേർന്ന് മതേതര മുന്നണിയുണ്ടാക്കണമെന്ന വാദം ശരിയല്ല. വലിയ തിരിച്ചടികൾ നേരിട്ടിട്ടും തെറ്റുതിരുത്താൻ കോൺഗ്രസ് തയാറായിട്ടില്ല. അങ്ങനെയുള്ളൊരു പാർട്ടിയുമായി ചേർന്ന് മതേതര ബദൽ ഉണ്ടാക്കാമെന്ന് കരുതുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റു ചില സംസ്ഥാന ഘടകങ്ങൾക്കും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള ചില ദേശീയ നേതാക്കൾക്കും കോൺഗ്രസുമായി സഖ്യം വേണമെന്ന നിലപാടാണുള്ളത്. എന്നാൽ കേരള ഘടകം ഇതിനെ ശക്തമായി എതിർക്കുകയാണ്.
അതുകൊണ്ടുതന്നെ പാർട്ടി കോൺഗ്രസിൽ ഇക്കാര്യത്തിൽ ശക്തമായ അഭിപ്രായഭിന്നതകൾ ഉയരുമെന്ന് ഉറപ്പാണ്. കരട് രാഷ്ട്രീയ പ്രമേയത്തിന്മേലുള്ള ചർച്ച ഇന്നും തുടരും. സംഘടനാ റിപ്പോർട്ട് ഇന്ന് അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."