HOME
DETAILS

ഭരണകൂടത്തിന്റെ മുതലാളിത്തമൈത്രി

  
backup
February 09 2023 | 20:02 PM

8945623132-0


എല്ലാ സത്യങ്ങളും മൂന്നു ഘട്ടങ്ങളിലൂടെ കടന്നുപോകുമെന്നാണ് ജർമൻ തത്വചിന്തകൻ ആർതർ ഷോപ്പൻഹൗർ എഴുതിയത്. ആദ്യം അവ അപഹസിക്കപ്പെടും. പിന്നീട് ശക്തമായ എതിർപ്പ് നേരിടും, ഒടുവിൽ മൂന്നാംഘട്ടത്തിൽ നൈസർഗിക സത്യമെന്ന് അംഗീകരിക്കപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാർലമെന്റുകളെല്ലാം അറിയപ്പെടുന്നത് അവിടെ എന്തു പറയപ്പെട്ടു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഇത്തരത്തിലുള്ള വൻ സംവാദങ്ങൾക്കും വാഗ്വാദങ്ങൾക്കും ഏറെ സാക്ഷ്യംവഹിച്ചിട്ടുണ്ട് ബ്രിട്ടിഷ് പാർലമെന്റ്. ഇങ്ങനെ പ്രശസ്തമായ പല ചർച്ചകളും സംവാദങ്ങളും ആ സഭയിൽ സന്നിഹിതരായ പലർക്കും പലതരത്തിലുള്ള അസൗകര്യങ്ങൾ ഉണ്ടാക്കിയിരുന്നിരിക്കണം. ഈ സഭയും അത്തരത്തിൽ ചരിത്രപ്രശസ്ത സംവാദങ്ങൾക്കും ചർച്ചകൾക്കും സാക്ഷ്യംവഹിച്ചിട്ടുണ്ട്. ചിലത് വളരെ സൗഹാർദപരമായിരുന്നു. എന്നാൽ മറ്റു ചിലത് അങ്ങനെയായിരുന്നില്ല. എന്നാലും പ്രതിനിധികൾക്ക് ഭീതിയും പ്രീതിയും കൂടാതെ അവർക്കു പറയാനുള്ളത് തുറന്നുപറയാൻ സാധിക്കുന്ന സഭ പരിപാവനമായൊരിടം തന്നെയാണ്.


എന്നാൽ, ചില കാര്യങ്ങൾ പറയുന്നതിൽ എനിക്കു ദുഃഖമുണ്ട്. കാരണം, ലോക്‌സഭയുടെ അകത്തളങ്ങളിൽ നമുക്ക് പറയാവുന്നതിനേക്കാൾ കൂടുതൽ പറയാൻ പാടില്ലാത്തവയാണുള്ളത്. അഥവാ, പ്രസ്താവിക്കേണ്ടുന്നതായ പലതും ഇന്ന് പ്രസ്താവയോഗ്യമല്ലാത്ത വാക്കുകളുടെ നീണ്ട പട്ടികയിലേക്ക് തള്ളപ്പെട്ടിരിക്കുന്നു. പ്രതിപക്ഷമൊന്ന് കടുപ്പിച്ച് ഉറക്കെ സംസാരിച്ചാൽ ഭരണപക്ഷത്തിരിക്കുന്നവർ നിർദയ ബലപ്രയോഗത്തിലൂടെ നമ്മെ ഇരുത്തിക്കളയും.


ബഹുമാന്യ രാഷ്ട്രപതി പറഞ്ഞത് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണി അഴിമതിയും മുതലാളിത്ത മൈത്രിയുമാണെന്നാണ്. പ്രസംഗത്തിൽ പറയുന്നത്, 'സാമൂഹികനീതിക്കും ജനാധിപത്യത്തിനും അഴിമതി വലിയ ഭീഷണിയാണെന്നാണ് ഭരണകൂടത്തിന്റെ നിരീക്ഷണം. അതിനാൽതന്നെ കഴിഞ്ഞ കുറച്ചുവർഷങ്ങളിലായി അഴിമതിക്കെതിരേ അശ്രാന്ത പ്രയത്‌നത്തിലാണ് രാജ്യം. സത്യസന്ധരായവർ മാത്രമേ ഈ ഭരണസംവിധാനത്തിൽ ആദരിക്കപ്പെടുകയുള്ളൂ എന്നത് നമ്മൾ തീർച്ചപ്പെടുത്തിയിട്ടുണ്ട്'. നിങ്ങളെല്ലാവരും മതിമറന്ന് സ്‌നേഹിക്കുന്ന രാഷ്ട്രപതിയുടെ പ്രസംഗമാണ് ഞാൻ വായിക്കുന്നത്. രാഷ്ട്രപതി അവരുടെ പ്രസംഗം അവസാനിപ്പിക്കുന്നത് ഇന്ത്യൻ ഭരണഘടനയെ സാക്ഷിയാക്കി ഞങ്ങളെടുത്ത പ്രതിജ്ഞ ഈ കർത്തവ്യപാതയിലൂടെ രാഷ്ട്രനിർമാണം എന്ന മഹായജ്ഞം ഞങ്ങൾക്ക് പൂർത്തീകരിക്കാനാകട്ടെ എന്നു പറഞ്ഞുകൊണ്ടാണ്.
ബഹുമാനപ്പെട്ട സഭാധ്യക്ഷൻ, ഉത്തരവാദിത്വമുള്ള ഒരു ജനപ്രതിനിധിയെന്ന നിലയിലും പ്രതിപക്ഷാംഗമെന്ന നിലയിലും ഞാനെന്റെ കർത്തവ്യപാതയിലൂടെ ഉറച്ചധൈര്യത്തോടുകൂടിയാണ് സഞ്ചരിക്കുന്നത്. എന്റെ വാക്കുകൾക്കെതിരേ ഭരണപക്ഷത്തിരിക്കുന്നവർ അട്ടഹസിക്കുമ്പോഴും പറയാനുള്ളത് പറയുകതന്നെ ചെയ്യും. ഇന്ന് ഇന്ത്യയിൽ ഏറ്റവും പ്രശസ്തനായിരിക്കുന്ന വ്യക്തിയെക്കുറിച്ചാണ് സംസാരിക്കാനുള്ളത്. വിധിവൈപരീത്യത്താൽ, അത് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയല്ല. ഈ മനുഷ്യന്റെ പേര് 'എ' യിൽ തുടങ്ങി 'ഐ' യിൽ അവസാനിക്കുന്നു, എന്നാൽ അദ്വാനിയല്ല. പ്രസംഗത്തിന്റെ സൗകര്യത്തിനുവേണ്ടി വ്യക്തിയെ മിസ്റ്റർ എ എന്നും അദ്ദേഹത്തിന്റെ കമ്പനിയെ ദി എ കമ്പനി എന്നും സൂചിപ്പിക്കാം.


ഞാനിന്നൊരു തൊപ്പി കൈയിൽ കരുതിയിട്ടുണ്ട്. കാരണം നേരത്തെ പറഞ്ഞ ആ വ്യക്തി ഈ മനോഹര രാജ്യത്തെ തൊപ്പിയിടീച്ചിരിക്കുകയാണ്. ഞാനതുകൊണ്ട് ഈ തൊപ്പിയിട്ടുകൊണ്ട് സംസാരിക്കാനാഗ്രഹിക്കുന്നു. അടിസ്ഥാന സൗകര്യവികസന മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിക്ക് മിക്ക കാര്യങ്ങളും ടെൻഡറുകളിലൂടെയാണ് നേടിയെടുക്കേണ്ടത്, അല്ലെങ്കിൽ അവർക്ക് നിയന്ത്രിത വരവുണ്ടായിരിക്കണം. എന്നാൽ കടം വർധിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പനിക്ക് വൻ തുകകൾ ഈ മേഖലയിൽ നിന്നുണ്ടാക്കാൻ സാധ്യമല്ല. മിക്ക ഇൻഫ്രാസ്ട്രക്ചർ കമ്പനികളും ഭാഗ്യമുള്ളവരാണെങ്കിൽ അഞ്ചുമുതൽ പതിനഞ്ചു ശതമാനംവരെ വരവുണ്ടാക്കുന്നുണ്ട്. അതോടെ അവർക്കുള്ളതായി. അടിസ്ഥാന സൗകര്യം വികസിപ്പിച്ചു കഴിഞ്ഞാൽ അത് പെൻഷൻ ഫണ്ടിലേക്കു വിടുകയും ചെറിയ ഭാഗം നിർമാണം ഏറ്റെടുത്തവർ സ്വത്തിന്റെ കൈകാര്യകർത്താവെന്ന നിലയിൽ കൈവശം വെക്കുന്നതുമാണ് പതിവ്. എന്നാൽ നേരത്തെ സൂചിപ്പിച്ച ഈ എ കമ്പനി ട്രേഡിങ്ങിനിറക്കുന്നതാവട്ടെ ഭീമ സംഖ്യകളാണ്. എന്തിന്, ഗുഗ്ൾ, ആമസോൺ, മൈക്രോസോഫ്റ്റ് പോലുള്ള കമ്പനികൾ പോലും ഇത്തരം തുകകൾ ട്രേഡിങ്ങിനിറക്കാറില്ല.


വാൾസ്ട്രീറ്റിലെ ഒരു ഷോർട്‌സെല്ലർ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചൊന്നും എനിക്ക് പറയാനില്ല. അതെന്റെ പണിയല്ല. ഞാൻ ആവശ്യപ്പെടുന്നത് 2019 മുതൽ സഭയിൽ നിരന്തരമായി ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്. 2019 തൊട്ട് രേഖാമൂലം സെബി, സി.വി.സി, ഡി.ആർ.ഐ, സി.ബി.ഡി.ടി, ധനമന്ത്രാലയം എന്നിവർക്കെഴുതിയ കത്തുകൾക്കൊന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഈ അനാസ്ഥ നമ്മുടെ അന്വേഷണ ഏജൻസികൾക്കും നമുക്കുപോലും നാണക്കേടാണ്. കാരണം, ഞാനിത്രയും നാൾ ഈ ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ തിരസ്‌കരിക്കപ്പെട്ടു. എന്നാൽ, ആഗോളസംഘടനകൾ ഇത് ചൂണ്ടിക്കാണിക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കുന്നു. ഇവിടെ എഴുന്നേറ്റുനിന്ന് ഈ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ ഞങ്ങളെ ഇൗ ലോകം വിശ്വസിച്ചില്ല.


ബഹുമാന്യ പ്രധാനമന്ത്രി, അങ്ങയെ ഈ മിസ്റ്റർ എ തൊപ്പിയിടീച്ചിരിക്കുകയാണ്. നിങ്ങൾക്കുള്ള വേദികളിലേക്കൊക്കെ മിസ്റ്റർ. എ അങ്ങേക്കൊപ്പം യാത്ര ചെയ്യുന്നു. ഇന്ത്യ സന്ദർശിക്കുന്ന ഓരോ രാഷ്ട്രത്തലവന്മാരെയും അങ്ങേക്കൊപ്പം ഇയാൾ സന്ദർശിക്കുന്നു. പ്രധാനമന്ത്രിയെ ഇന്ത്യയായും ഈ വ്യക്തിയെ പ്രധാനമന്ത്രിയുമായാണ് ഇയാൾ ചിത്രീകരിക്കുന്നത്. അയാളോട് കൃതജ്ഞത കാണിച്ചാൽ അയാൾ പ്രധാനമന്ത്രിയോടും കൃതജ്ഞത കാണിക്കുന്നു. അയാൾക്കുവേണ്ടി ചില കാര്യങ്ങൾ ചെയ്താൽ അത് നിങ്ങൾക്ക് വേണ്ടി ചെയ്തതാണെന്നും അതുവഴി ആഭ്യന്തരമന്ത്രിയുടെ പുസ്തകത്തിലെ നല്ലയാളുകളുടെ കൂട്ടത്തിൽ നിങ്ങളും വരുമെന്നാണ് അയാൾ നിങ്ങളെ ധരിപ്പിച്ചിരിക്കുന്നത്.


ബഹമാന്യ ആഭ്യന്തര മന്ത്രി, മിസ്റ്റർ എ നിങ്ങളെയും തൊപ്പിയണിയിച്ചിരിക്കുകയാണ്. കൊല്ലങ്ങളായി ഒരേ ഓഹരിക്കാരാണ് ഇയാളുടെ കമ്പനിയിലുള്ളത്. നിയമപരമായി അവരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ ഞങ്ങൾ ബാധ്യസ്ഥരല്ലെന്നാണ് ഈ കമ്പനി പറയുന്നത്. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും ആവശ്യമായുള്ള ആഭ്യന്തരമന്ത്രാലയത്തിന്റെ സെക്യൂരിറ്റി ക്ലിയറൻസ് ഈ കമ്പനി വാങ്ങുന്നുണ്ട്. ഇയാളുടെ കമ്പനികൾ 42000 കോടി രൂപയാണ് വിദേശ നിക്ഷേപമെന്ന പേരിൽ മൗറീഷ്യസ് ആസ്ഥാനമായുള്ള ആറ് കമ്പനികളിൽ നിന്നായി സ്വരുക്കൂട്ടിയിട്ടുള്ളത്.


ഈ നിക്ഷേപങ്ങൾക്കാവട്ടെ അത്ഭുതകരമാംവിധമുള്ള സാമ്യങ്ങളാണുള്ളത്. ഒരേ മേൽവിലാസം, ഒരേ കമ്പനി സെക്രട്ടറി, ഒരേ ഡയരക്ടർമാർ. ഇത് അടിയന്തരമായി അന്വേഷിക്കണം. ഇതേകാര്യം ഞാൻ 2019 മുതൽ ഈ സഭയിൽ ആവർത്തിക്കുന്നതാണ്. എ കമ്പനിയുടെ വിവിധ കമ്പനികളിലേക്ക് ബില്യൻ ഡോളറുകളുടെ വിനിമയം നാൽപതോളം ഷെൽകമ്പനികളിൽ നിന്നായി സംഭവിച്ചിട്ടുണ്ട്. എന്നാലിന്നുവരെ അതിനെക്കുറിച്ചുള്ള ഒരു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ഈ കമ്പനികളിലേക്ക് പണം വന്നത് ചൈനീസ് പൗരൻ വഴിയാണെന്നുള്ള വാർത്തകളുണ്ട്. എന്നാൽ ഇതെല്ലാം മിസ്റ്റർ എയുടെ സഹോദരൻ വഴിയാണെന്നും വാർത്തകളുണ്ട്. എല്ലാ കണക്കുകളെയും കൃത്രിമമായി ഉയർത്തുന്നതും താഴ്ത്തുന്നതുമാണ് ഇവിടെ കാണുന്നത്. 2020ൽ ഒമ്പത് ബില്യൻ ഡോളറായിരുന്ന ഇയാളുടെ മൂല്യം 2022ൽ 90 ബില്ല്യനാണ്.


ബഹുമാന്യ ധനകാര്യമന്ത്രി, താങ്കളെയും ഈ വ്യക്തി തൊപ്പിയണിയിച്ചിരിക്കുകയാണ്. ഈ വ്യക്തിക്കെതിരേ അന്വേഷണം നടക്കുകയാണെന്ന് താങ്കളുടെ മന്ത്രാലയം എനിക്ക് ഈ സഭയിൽ ഉത്തരം തരുമ്പോൾ എ കമ്പനി പുറത്തുവിട്ട പ്രസ്താവന രാജ്യത്തെ പരമോന്നത നീതിപീഠം ഞങ്ങളെ കുറ്റവിമുക്തരാക്കിയെന്നാണ്. ഏത് രാജ്യത്തെ ഏത് കോടതിയാണ് ഇവരെ കുറ്റവിമുക്തരാക്കിയത്. മിസ്റ്റർ എ പറയുന്നത് തന്റെ സഹോദരന് കമ്പനിയിൽ ഒരു ഔദ്യോഗിക സ്ഥാനവുമില്ലെന്നാണ്. അതിനാൽ അയാളുടെ പേരിലോ മേൽനോട്ടത്തിലോ നടക്കുന്ന പണമിടപാടുകൾ അന്വേഷണ പരിധിയിൽ പെടുന്നില്ലെന്നും പറയുന്നു. എന്തുകൊണ്ടാണ് ഇവിടെ സെബി മൗനം പാലിക്കുന്നത്? എന്തുകൊണ്ടാണ് നടന്നുകൊണ്ടിരിക്കുന്നുവെന്നു പറയുന്ന അന്വേഷണ റിപ്പോർട്ട് പൂർത്തീകരിക്കാതെ ഇവർ 20000 കോടി എഫ്.പി.ഒ ഇവർക്ക് അനുവദിച്ചത്? എങ്ങനെയാണ് മിസ്റ്റർ എയുടെ മകന്റെ ഭാര്യാമാതാവ് സെബിയുടെ തന്ത്രപ്രധാന കമ്മിറ്റിയിലെത്തിയത്? എന്താണ് ഇവിടെയുള്ള അന്വേഷണ ഏജൻസികൾ ചെയ്യുന്നത്?


ഈ വ്യവസ്ഥകളെയെല്ലാം കബളിപ്പിക്കുകയല്ലേ ഇവിടെ നടക്കുന്നത്. ഈ വ്യക്തിക്ക് ആവശ്യാനുസരണം എൽ.ഐ.സി, എസ്.ബി.ഐ മറ്റു ബാങ്കുകളെയൊക്കെ ഉപയോഗപ്പെടുത്താനുള്ള അനുവാദം ആരാണ് കൊടുത്തത്? ധനമന്ത്രി പറഞ്ഞത് ഈ കമ്പനിക്കു നൽകിയ എല്ലാ കരാറുകളും സുതാര്യ ടെൻഡറുകളിലൂടെയാണ് എന്നാണ്. എന്നാൽ ധംര എൽ.എൻ.ജി ടെർമിനലിന്റെ കാര്യത്തിൽ അത്തരമൊരു ടെൻഡർ നടന്നിട്ടില്ലെന്നത് വ്യക്തമായതാണ്. ഈ വ്യക്തി ഇത്തരത്തിൽ നിരന്തരമായി രാജ്യത്തേയും മന്ത്രിമാരേയും കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്.


ഞാനെന്റെ വാക്കുകൾ അവസാനിപ്പിക്കുകയാണ്. എങ്കിലും അവസാനമായി പറയട്ടെ, ഇന്ത്യ ലോകത്തിലെ തന്നെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വളർന്നുകൊണ്ടിരിക്കുകയാണ്. ദയവുചെയ്ത് ഈ മനുഷ്യനുമായുള്ള മുതലാളിത്ത മൈത്രിയുടെ പേരിൽ അത് കളഞ്ഞുകുളിക്കരുത്. അതിനാൽ മേൽപ്പറഞ്ഞ എല്ലാ വിഷയങ്ങളിലും അടിയന്തരാന്വേഷണത്തിന് ഉത്തരവിടണം. അല്ലെങ്കിൽ നമ്മുടെ കമ്പോളം അപകടത്തിലാവും. അടിസ്ഥാന സൗകര്യവികസനത്തെക്കുറിച്ച് ഭയപ്പെടേണ്ടതില്ല. അതെല്ലാം ഏറ്റെടുത്തു നടത്താൻ പ്രാപ്തിയുള്ള ലോകനിലവാരത്തിലുള്ള ഇന്ത്യൻ കമ്പനികളിവിടെയുണ്ട്. അവസാനമായി പറയട്ടെ, ഇവിടുത്തെ പത്രമാധ്യമങ്ങൾ പറയുന്നു മഹുവക്ക് പിന്നിലാരോ ഉണ്ടെന്ന്. അമേരിക്കയാണ്, അംബാനിയാണ്, ചൈനയാണ് എനിക്കു പിന്നിലെന്ന വ്യാജവാർത്തകൾ പ്രചരിക്കുന്നു. എന്നാൽ മഹുവക്ക് പിന്നിൽ ഇവരാരുമില്ല. മഹുവയാണ് സത്യത്തിനു പിന്നാലെപോകുന്നത്. ചന്തയിലെ എല്ലാ നുണകളും വിറ്റഴിഞ്ഞിട്ടും ഞാനൊരു സത്യവുമായി വൈകുവോളം ഇരുന്നു എന്നാണ് കവി പറഞ്ഞതെന്ന് ഓർമിപ്പിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-16-11-2024

PSC/UPSC
  •  a month ago
No Image

ചൈനയിൽ അക്രമാസക്തനായി വിദ്യാർത്ഥി; 8 പേ‍രെ കുത്തിക്കൊലപ്പെടുത്തി, 17 പേർക്ക് പരിക്ക്

International
  •  a month ago
No Image

4 മണിക്കൂറിലെ തെരച്ചിലിനൊടുവിൽ ചാടിപ്പോയ പ്രതിയെ പിടികൂടി പൊലിസ്

Kerala
  •  a month ago
No Image

അനധികൃത വാഹന പരിഷ്‌കാരങ്ങള്‍; 13 പരിശോധനാ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ച് ദുബൈ പൊലിസ്

uae
  •  a month ago
No Image

തെലുങ്കർക്കെതിരായ അപകീർത്തി പരാമർശം; നടി കസ്തൂരി അറസ്റ്റില്‍

National
  •  a month ago
No Image

ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ തീം പാര്‍ക്ക് ദുബൈയില്‍; ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി റോബര്‍ട്ടോ കാര്‍ലോസ് 

uae
  •  a month ago
No Image

സ്ത്രീകൾ പൊലിസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തി; വനിതാ പൊലിസില്ലാത്തത് തിരിച്ചടിയായി

latest
  •  a month ago
No Image

അടിയന്തര സാഹചര്യങ്ങളില്‍ തിരച്ചിലിനും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഇനി ഡ്രോണ്‍ ഉപയോഗിക്കാന്‍ സഊദി 

Saudi-arabia
  •  a month ago
No Image

വനത്തിനുള്ളിലെ എക്സൈസ് പരിശോധനയിൽ പിടികൂടിയത് 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും

latest
  •  a month ago