നടിയെ ആക്രമിച്ച കേസ്: തെളിവ് നശിപ്പിക്കാന്‍ ഉപയോഗിച്ച ലാപ്ടോപ്പ് അഭിഭാഷകരുടെ കയ്യിലെന്ന് സായ് ശങ്കര്‍
കൊച്ചി: നടിയെ ആക്രമിച്ച് കേസില്‍ ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ഉപയോഗിച്ച ലാപ്ടോപ്പ് അഭിഭാഷകരുടെ കസ്റ്റഡിയിലെന്ന് പ്രതിയായ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ മൊഴി. അഡ്വ. ഫിലിപ്പ് ഇത് രണ്ടും വാങ്ങി രാമന് പിള്ളയുടെ ഓഫീസില്‍ കൊണ്ടു വെച്ചു. താന്‍ ഒളിവില്‍ ആയിരിക്കേ ഇവ പൊലിസിന്റെ കയ്യില്‍ പെടുമെന്ന് പറഞ്ഞാണ് അവര്‍ ഇങ്ങനെ ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ കൂടുതല്‍ ഉപയോഗിച്ചത് അഭിഭാഷകരുടെ കസ്റ്റഡിയില്‍ ഉള്ള ഐമാക്കും ലാപ്ടോപ്പും ആണെന്ന് സായ് ശങ്കര്‍ മൊഴി നല്കി.
തന്റെ ഭാര്യയുടെ പേരിലുള്ള ഐമാക്കും തെളിവ് നശിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുണ്ടെന്നും സായ് ശങ്കര്‍ മൊഴി നല്കി. ഭാര്യയുടെ പേരിലുള്ള ഐമാക്ക് മാത്രമാണ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ളതെന്ന് സായ് ശങ്കര്‍ വ്യക്തമാക്കി. അഭിഭാഷകരുടെ കൈവശമുള്ളവ കസ്റ്റഡിയിലെടുക്കാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. സായ് ശങ്കറിന്റെ രഹസ്യ മൊഴിയെടുക്കാന്‍ മജിസ്ട്രേറ്റ് കോടതി അനുമതി. ഈ മാസം 19 നാണ് കോടതി സമയം നല്‍കിയിരിക്കുന്നത്. ഈ തീയതി പ്രായോഗികമല്ലെന്ന് ക്രൈംബ്രാഞ്ച് പ്രതികരിച്ചു. മൊഴി എടുക്കല്‍ നേരത്തെ ആക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കും. വധ ഗൂഢാലോചന കേസില്‍ ജാമ്യത്തിലാണ് സായ് ശങ്കര്‍ ഇപ്പോള്‍.
അതേസമയം നടിയെ ആക്രമിച്ച കേസിലെ സുപ്രധാന സാക്ഷികളെ സ്വാധീനിക്കുന്നതിന്റെ ശബ്ദ രേഖ പുറത്ത്. ഡോകട്ര് ഹൈദരലിയെ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. പ്രോസിക്യൂഷന് സാക്ഷിയായ ഡോക്ടര്‍ ഹൈദരലി നേരത്തെ മൊഴി മാറ്റിപറഞ്ഞിരുന്നു. പ്രോസിക്യൂഷന് കഴിഞ്ഞ ദിവസം ഈ ശബ്ദ സന്ദേശം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതുവരെ നടന്ന തുടരന്വേഷണത്തില്‍ ലഭിച്ച നിര്‍ണായക തെളിവുകളെന്ന് വ്യക്തമാക്കിയാണ് പെന്‍ഡ്രൈവ് കോടതിക്ക് സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."