സംസ്ഥാനങ്ങളില്‍ ഓക്സിജനായി മുറവിളി രാജ്യത്തിന്റെ ഓക്സിജന്‍ കയറ്റുമതി 700 ശതമാനമായി ഉയര്‍ന്നു
ന്യൂഡല്‍ഹി: കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനങ്ങള്‍ ഓക്സിജനായി മുറവിളികൂട്ടുന്നതിനിടെ രാജ്യത്തിന്റെ ഓക്സിജന്‍ കയറ്റുമതി 700 ശതമാനമായി ഉയര്‍ന്നു. കൊവിഡിന്റെ ആദ്യഘട്ടം തുടങ്ങിയതിനുപിന്നാലെ 2020 ഏപ്രില്‍ മുതല്‍ 2021 ജനുവരി വരെയുള്ള കാലയളവില്‍ 9,294 മെട്രിക് ടണ്‍ ഓക്സിജനാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ 352 മെട്രിക് ടണ്‍ ഓക്സിജനാണ് കയറ്റുമതി ചെയ്തത്. ഈ വര്‍ഷം ജനുവരിയില്‍ അതിന്റെ 734 ശതമാനം വര്‍ധനവുണ്ടായി. ഡിസംബറില്‍ ഇത് 308 ശതമാനമാണെന്നും കണക്കുകള്‍ പറയുന്നു. കൊവിഡ് വ്യാപനം കേന്ദ്രസര്‍ക്കാരിന് മുന്‍കൂട്ടി കാണാനായില്ലെന്നും അതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മറ്റു രാജ്യങ്ങളില്‍ ഈ സമയത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരുന്നു. ആ രാജ്യങ്ങളെ സഹായിക്കാനാണ് ഇന്ത്യ വന്‍തോതില്‍ ഓക്സിജന്‍ കയറ്റുമതി ചെയ്തതെന്നാണ് വിവരം. ഏറ്റവും കൂടുതല്‍ ഓക്സിജന്‍ നല്‍കിയത് ബംഗ്ലാദേശിനാണ്. അതേസമയം, കണക്കുകള്‍ പുറത്തുവന്നതിനുപിന്നാലെ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നു. രാജ്യത്തെ ഓക്സിജന്‍ കയറ്റുമതി കേവലം 0.4 ശതമാനം മാത്രമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനങ്ങളിലേക്കുള്ള ഓക്സിജന്‍ ലഭ്യതയില്‍ യാതൊരുവിധ കുറവുമുണ്ടാകില്ലെന്നും നിലവില്‍ പ്രചരിക്കുന്ന ഊഹാപോഹങ്ങള്‍ ദുരുദ്ദേശപരമാണെന്നും വ്യവസായ മന്ത്രാലയം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."