രാജ്യത്ത് 5,180 ജഡ്ജിമാരുടെ ഒഴിവുകൾ
ന്യൂഡൽഹി
രാജ്യത്ത് അയ്യായിരത്തിലധികം ജഡ്ജിമാരുടെ തസ്തികകൾ ഒഴിവുണ്ടെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ. കീഴ്‌ക്കോടതികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ചും അവയിലെ ഒഴിവുകളുടെ എണ്ണത്തെക്കുറിച്ചും സർക്കാരിനോട് വിശദീകരണം ചോദിച്ച ചീഫ് ജസ്റ്റിസിന്റെ കത്തിനെ ഉദ്ധരിച്ച് മുസ് ലിം ലീഗ് അംഗം പി.വി അബ്ദുൽ വഹാബാണ് ഇന്നലെ രാജ്യസഭയിൽ ചോദ്യമുന്നയിച്ചത്.
രാജ്യത്തെ വിവിധ പ്രാദേശിക കോടതികളിലായി 5,180 ജഡ്ജിമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും അവരുടെ നിയമനം അതത് ഹൈക്കോടതികളുടെയും സംസ്ഥാന പബ്ലിക് സർവിസ് കമ്മിഷനുകളുടെയും ചുമതലയാണെന്നും കേന്ദ്ര നിയമ നീതി മന്ത്രി കിരൺ റിജിജു മറുപടി നൽകി. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ ഒഴിവ് 1,106. ബിഹാറിൽ 569 ഉം മധ്യപ്രദേശിൽ 476 ഉം തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. കോടതികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് നാഷനൽ ജുഡീഷ്യൽ ഇൻഫ്രാസ്ട്രക്ചർ അതോറിറ്റി രൂപീകരിക്കുന്നതിന് ചീഫ് ജസ്റ്റിസിന്റെ നിർദേശം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കീഴ്‌ക്കോടതികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം സംസ്ഥാനത്തിനായിരിക്കെ, വിഭവശേഷി വർധിപ്പിക്കുന്നതിനായി കേന്ദ്രാവിഷ്‌കൃത പദ്ധതി നടപ്പാക്കിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."