പി.ബിയിലും സി.സിയിലും കേരള പ്രാതിനിധ്യം കൂടും ആരുവാഴും; ആരുവീഴും: നാളെ അറിയാം
സുരേഷ് മമ്പള്ളി
കണ്ണൂർ
സി.പി.എം 23ാം പാർട്ടി കോൺഗ്രസിന് നാളെ കൊടിയിറങ്ങുമ്പോൾ താക്കോൽസ്ഥാനങ്ങളിൽ കേരളത്തിൽനിന്ന് ആരൊക്കെയെന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. നാളെ രാവിലെയാണ് പി.ബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ്. പ്രായപരിധിയും അനാരോഗ്യവും കാരണം പുറത്തുപോകുന്നവരെയും നാളെ അറിയാം.
17 അംഗ പോളിറ്റ് ബ്യൂറോയും 95 അംഗ കേന്ദ്ര കമ്മിറ്റിയുമാണ് നിലവിലുള്ളത്. തുടർഭരണവും അംഗങ്ങളുടെ എണ്ണത്തിലെ വർധനയും വികസന നേട്ടവും എണ്ണിപ്പറഞ്ഞ് പോളിറ്റ്ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ആളെണ്ണം കൂട്ടാനുള്ള നീക്കത്തിലാണ് സി.പി.എം കേരള ഘടകം. പതിറ്റാണ്ടുകൾ തുടർഭരണത്തിലിരുന്ന ബംഗാളിലും ത്രിപുരയിലും കൂട്ടക്കൊഴിച്ചിൽ സംഭവിച്ചതും ഏറെ വേരോട്ടമുണ്ടായിരുന്ന തെലങ്കാനയിലും ആന്ധ്രയിലും പാർട്ടി നാമാവശേഷമായതും ഉയർത്തിക്കാട്ടി ആൾബലം വർധിപ്പിക്കാൻ സി.പി.എം കേരള ഘടകത്തിനു കഴിയും.
കഴിഞ്ഞ ഹൈദരാബാദ് പാർട്ടി കോൺഗ്രസിൽ 10,25,352 അംഗങ്ങളാണ് സി.പി.എമ്മിനുണ്ടായിരുന്നത്. ഈ പാർട്ടി കോൺഗ്രസിലെത്തുമ്പോൾ അത് 9,85,757 അംഗങ്ങളിലേക്ക് ചുരുങ്ങി. എന്നാൽ കേരളത്തിൽ പാർട്ടി അംഗങ്ങളുടെ എണ്ണം 4,63,472ൽനിന്ന് 5,27,174 ലേക്ക് കുതിച്ചു. ആകെ അംഗങ്ങളിൽ പകുതിയിലേറെപ്പേരും കേരളത്തിൽനിന്നുതന്നെ.
അംഗങ്ങളുടെ എണ്ണത്തിനനുസരിച്ചുള്ള പ്രാതിനിധ്യം കേരള ഘടകത്തിന് ആവശ്യപ്പെടാവുന്നതുമാണ്. അതുകൊണ്ടുതന്നെ പോളിറ്റ്ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാനത്തുനിന്നുള്ള അംഗങ്ങളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നുറപ്പ്.
പി.ബിയിൽ ആരൊക്കെ
കേരളത്തിൽനിന്ന് പി.ബിയിലേക്കുള്ള ആദ്യപേര് എൽ.ഡി. എഫ് കൺവീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ എ. വിജയരാഘവന്റേതുതന്നെ. അങ്ങനെ വന്നാൽ എൽ.ഡി.എഫിന് പുതിയ കൺവീനർ വരും. ദലിത്, പിന്നോക്ക പ്രാതിനിധ്യം ഉറപ്പുവരുത്തുമെന്ന പി.ബി അംഗം എസ്.രാമചന്ദ്രൻപിള്ളയുടെ വാക്കുകൾ പരിഗണിച്ചാൽ മുൻമന്ത്രി എ.കെ.ബാലനോ മന്ത്രി കെ.രാധാകൃഷ്ണനോ നറുക്ക് വീഴും. പി.ബിയിലേക്ക് സാധ്യത കൽപ്പിക്കപ്പെടുന്ന രണ്ടാമത്തെ പേര് എം.പിയും സി.ഐ.ടിയു നേതാവുമായ എളമരം കരീമിന്റേതാണ്. വനിതാപ്രാതിനിധ്യം ഉറപ്പുവരുത്താൻ രണ്ടു പേരുകളാണ് കേരളത്തിൽനിന്നുള്ളത്. പി.കെ.ശ്രീമതിയും കെ.കെ ശൈലജയും. എഴുപത്തിരണ്ടുകാരിയായ ശ്രീമതിക്ക് പോളിറ്റ്ബ്യൂറോയിൽ എത്താനുള്ള ലാസ്റ്റ് ബസ് ആണ് 23ാം പാർട്ടി കോൺഗ്രസ്. എന്നാൽ ശൈലജയുടെ പേരാണ് സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട്, സുഭാഷിണി അലി എന്നിവരുടെ മനസിലുള്ളതെന്നറിയുന്നു. മന്ത്രി എം.വി ഗോവിന്ദനും പി.ബിയിൽ ഇടംനേടാനിടയുണ്ട്. പി.ബിയിലേക്ക് കേരളത്തിൽനിന്ന് ഉയർന്നുകേൾക്കുന്ന മറ്റൊരു പേര് കണ്ണൂർ കരിവെള്ളൂർ സ്വദേശിയും അഖിലേന്ത്യാ കിസാൻസഭാ ദേശീയ ജോയിന്റ് സെക്രട്ടറിയുമായ വിജു കൃഷ്ണന്റേതാണ്.
ആരെത്തും സി.സിയിൽ
മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, പി.രാജീവ്, കെ.എൻ ബാലഗോപാൽ എന്നിവർ കേന്ദ്ര കമ്മിറ്റിയിൽ ഇടംപിടിക്കുമെന്നുതന്നെയാണ് കണക്കുകൂട്ടൽ. ടി.എൻ.സീമ, സി.എസ്.സുജാത, ജെ. മേഴ്‌സിക്കുട്ടിയമ്മ, പി.കൃഷ്ണപ്രസാദ്, പി.ശ്രീരാമകൃഷ്ണൻ എന്നീ പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്.
പ്രായപരിധിയുടെ പേരിൽ പി. കരുണാകരൻ, വൈക്കം വിശ്വൻ, എം.സി. ജോസഫൈൻ എന്നിവർ കേന്ദ്രകമ്മിറ്റിയിൽനിന്ന് ഒഴിവാകും. വി.എസ്. അച്യുതാനന്ദൻ, പാലോളി മുഹമ്മദ്കുട്ടി എന്നിവരുൾപ്പടെ 18 പേരാണ് കേന്ദ്ര കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കൾ. അനാരോഗ്യം കാരണം വി.എസ് സ്ഥാനമൊഴിയുമെന്നറിയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."