വേട്ടയാടൽ തുടരട്ടെ സത്യം വിളിച്ചു പറയും
മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ദിവസേന അഴിമതിക്കഥകൾ പുറത്തുകൊണ്ടുവന്നിരുന്ന മാധ്യമങ്ങൾ കഴിഞ്ഞ എട്ടുവർഷമായി നിശബ്ദമാണ്- റാണാ അയ്യൂബ് ഒരു ചോദ്യത്തിനുത്തരമായി ഇതു പറയുമ്പോഴാണ് അതിലെ മാധ്യമങ്ങളുടെ നിസ്സഹായാവസ്ഥ ബോധ്യപ്പെടുന്നത്. മാധ്യമമൗനം തീർച്ചയായും ഭയപ്പെടുത്തുന്നതാണ്. ടു ജി സ്പെക്ട്രം, കൽക്കരി അഴിമതിയുൾപ്പെടെ കാര്യങ്ങളിലെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരവുമായി മൻമോഹൻ സിങ് അന്നൊക്കെ വരുമായിരുന്നു. അദ്ദേഹം നിശബ്ദ പ്രധാനമന്ത്രിയായിരുന്നുവെന്നാണ് പലരും പറഞ്ഞത്. ഇപ്പോഴും പറയുന്നത്. എന്നാൽ മോദിയല്ലേ നിശബ്ദ പ്രധാനമന്ത്രി. ഏതെങ്കിലും വിഷയത്തിൽ എട്ടുവർഷക്കാലം മോദി ഒരു പത്രസമ്മേളനം വിളിച്ചതായി നിങ്ങൾക്കറിയുമോ? കൊവിഡ് കാലത്ത് ജനങ്ങൾ മരിച്ചുവീഴുമ്പോൾ പോലും മോദി മാധ്യമങ്ങളെ അഭിമുഖീകരിക്കാൻ തയാറായില്ല. അങ്ങനെ ഇനി എപ്പോഴെങ്കിലും ചെയ്യുമോ? അന്ന് പല വിവാദങ്ങളുണ്ടായപ്പോഴും മന്ത്രിമാരുൾപ്പെടെ രാജിവച്ചിരുന്നു. എന്നാൽ ഇന്ന് ഏതെങ്കിലും മന്ത്രിയുടെ രാജിക്കുവേണ്ടി ഒരു മാധ്യമസ്ഥാപനം മുറവിളി കൂട്ടുമോ? പ്രൈം ഡിബേറ്റിൽ അത് ചർച്ച ചെയ്യുമോ?
വാർത്തകൾ സൃഷ്ടിക്കപ്പെടുന്നു
ഇന്ന് പല പ്രധാന സംഭവങ്ങൾ നടക്കുമ്പോഴും ജനശ്രദ്ധ തിരിച്ചുവിടാൻ മറ്റു പല തലക്കെട്ടുകളുമാണ് മുഖ്യധാരാ മാധ്യമങ്ങൾപോലും നൽകുന്നത്. അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന ദിവസം ദേശീയമാധ്യമത്തിലെ പ്രധാന വാർത്താതലക്കെട്ട് ഇങ്ങനെ: ‘ഗൗതം അദാനി എല്ലാ ദിവസവും രാത്രി ഭാര്യയുമൊത്ത് റമ്മി കളിക്കുന്നു’. എന്തൊരു വിരോധാഭാസം. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വലിയ വിവാദം നടക്കുമ്പോൾ, മാധ്യമപ്രവർത്തകൻ മോദിയോട് ചോദിച്ചത് ഇങ്ങനെ: താങ്കൾ എന്തുകൊണ്ടാണ് മാമ്പഴം കഴിക്കുന്നത്, താങ്കൾക്ക് മയിലുകളെയും വളർത്തു മൃഗങ്ങളെയും ഇഷ്ടമാണോ?!
വലിയ വിവാദം നിലനിൽക്കെ ഇതൊക്കെയാണോ ഒരു പ്രധാനമന്ത്രിയോട് ചോദിക്കേണ്ടത്. എന്തുകൊണ്ട് ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കപ്പെടുന്നു എന്നത് മനസിലാക്കാവുന്നതേയുള്ളൂ. പൊതുജന താൽപര്യമുള്ള വിഷയങ്ങളല്ലേ പ്രധാനമന്ത്രിയോട് ചോദിക്കേണ്ടത്. അതിനുപകരം പുതിയ ചോദ്യങ്ങൾ സൃഷ്ടിക്കപ്പെടുന്നു. ഇതിൽ എന്തുപൊതുതാൽപര്യമാണുള്ളത്?
മോദികാലത്തെ മാധ്യമപ്രവർത്തനം അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഞാൻ അനുഭവിച്ചതാണ്. അമിത്ഷാ ബി.ജെ.പി അധ്യക്ഷനായ സമയത്ത് അതിനെ വിമർശിച്ച് 2013ൽ ഒരു ലേഖനം എഴുതിയിരുന്നു. മണിക്കൂറുകൾക്കകം അതു പിൻവലിക്കേണ്ടിവന്നു. മോദി പ്രധാനമന്ത്രിയായാൽ മാധ്യമപ്രവർത്തനം എങ്ങനെയായിരിക്കുമെന്നതിന്റെ ആദ്യ സൂചനയായിരുന്നു അത്. അതാണ് ഇപ്പോൾ തുടരുന്നത്. മാധ്യമങ്ങളിൽ നിന്നുള്ള വിമർശനം ഒരിക്കലും മോദി അംഗീകരിക്കില്ലെന്ന് ഇതുസംബന്ധിച്ച് 2014ൽ തന്നെ മറ്റൊരു ലേഖനം എഴുതിയിരുന്നു. അന്ന് ആവേശത്തോടെയാണ് പലരും ആ ലേഖനം വായിച്ചത്. പല മാധ്യമ സുഹൃത്തുക്കളും ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന് അന്ന് ചോദിച്ചിരുന്നു. ഗുജറാത്തിലെ മോദിഭരണകാലത്ത് അവിടെയുള്ള മാധ്യമപ്രവർത്തകരെ എങ്ങനെയാണ് അദ്ദേഹം നിശബ്ദമാക്കിയതെന്ന് നേരിട്ടുകണ്ട് അനുഭവിച്ചയാളാണ് ഞാൻ. അതേ നിശബ്ദമാക്കൽ തന്നെയാണ് ഇപ്പോഴും തുടർന്നുപോരുന്നത്. മാധ്യമങ്ങളെ മോദിക്ക് ഭയമാണ്.
ഭരണകൂടങ്ങൾ ഒരിക്കലും മാധ്യമങ്ങൾക്ക് ചുവപ്പു പരവതാനി വിരിച്ചുനൽകിയ ചരിത്രമില്ല. കോൺഗ്രസ് ഭരിച്ചാലും ബി.ജെ.പി ഭരിച്ചാലും, കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഭരിച്ചാൽപോലും മാധ്യമങ്ങൾ എപ്പോഴും ഭരണകൂടത്തിന്റെ കണ്ണിലെ കരടുതന്നെയാണ്. അന്നൊക്കെ ഇത്രയും വലിയ പ്രതിസന്ധിയില്ലായിരുന്നു. 2014നു ശേഷം ഇതു രൂക്ഷമായി. മുമ്പും മാധ്യമപ്രവർത്തകർ അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. അതൊന്നും ഇന്നുകാണുന്ന അത്ര രൂക്ഷമായിരുന്നില്ല. രാജ്യം നേരിടുന്ന പ്രതിസന്ധികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന് രാജ്യത്തെ ഒരു പത്രമെങ്കിലും ആവശ്യപ്പെടാൻ ധൈര്യം കാണിക്കുമോ? ഇല്ല. അദാനിയും അംബാനിയുമടക്കം ഭരണകൂടത്തെ വെള്ളപൂശുന്ന കോർപറേറ്റുകളാണ് മാധ്യമസ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത്. അതാണ് ഇല്ല എന്ന ഉത്തരം വരാൻ കാരണവും.
ഭാരത് ജോഡോ യാത്ര
ഭാരത് ജോഡോ യാത്ര വലിയ പരിശ്രമത്തിന്റെ വിജയമാണ്. എത്രയോ പ്രമുഖർ യാത്രയുടെ ഭാഗമായി. പക്ഷേ, മുഖ്യധാരാ മാധ്യമങ്ങളിൽ ഭൂരിഭാഗവും യാത്രയ്ക്കു വലിയ പ്രാധാന്യം നൽകിയില്ല. ഇന്ത്യയെ അറിയാൻ സാധാരണ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ മുഖ്യധാരാ മാധ്യമങ്ങളുടെ ആവശ്യമില്ലെന്ന് യാത്ര തെളിയിച്ചു. സോഷ്യൽ മീഡിയയുടെ ശക്തമായ പിൻബലത്തോടെ അത് കൂടുതൽ വിജയമായെന്നാണ് എന്റെ അഭിപ്രായം. യാത്ര കശ്മിരിൽ അവസാനിക്കുമ്പോഴേക്ക് മുഖ്യധാരാ മാധ്യമങ്ങൾക്ക് യാത്രയെ ഏറ്റെടുക്കേണ്ടി വന്നതും അതുകൊണ്ടുതന്നെയാണ്. അവസാന ഘട്ടത്തിലേക്കാണ് അതു സാധ്യമായതെന്നു മാത്രം. അത് അവരുടെതന്നെ ആവശ്യമായി എന്ന തിരിച്ചറിവ് അവസാനഘട്ടത്തിലെങ്കിലും മനസിലാക്കി. രാജ്യത്തെ മുഖ്യ പ്രതിപക്ഷനിരയിലെ പ്രധാനപ്പെട്ട നേതാവാണ് രാഹുൽ. അത് യാത്രയുടെ അവസാനത്തോടെ കൂടുതൽ ഉറപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു. വലിയ രാഷ്ട്രീയമാറ്റം യാത്രയിലൂടെ ഉണ്ടാകുമോ എന്നതല്ല, വിഭജിക്കപ്പെട്ട ഇന്ത്യയിൽ ഭാരത് ജോഡോ യാത്ര പ്രസക്തമാണ്. യാത്രയെ കുറിച്ച് ഇനിയും കുറെ സംസാരിക്കേണ്ടതുണ്ട്. അത് വലിയ സന്തോഷമുണ്ടാക്കുന്ന കാര്യം കൂടിയാണ്.
സത്യം ഒളിച്ചുവയ്ക്കാനുള്ളതല്ല
സ്വതന്ത്രമെന്നു കരുതിയിരുന്ന സി.ബി.ഐയും തെരഞ്ഞെടുപ്പു കമ്മിഷനും ഇ.ഡിയും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെല്ലാം ഭരണാധികാരികളുടെ തെറ്റുകൾ മറച്ചുവയ്ക്കാനും ചോദ്യം ചെയ്യുന്നവരെ ശത്രുക്കളായിക്കണ്ട് നേരിടുന്നതിനുമുള്ള ഉപകരണങ്ങളായി മാറി. അതിന്റെ ഇരയാണ് ഞാനും. കഴിഞ്ഞദിവസം പോലും എനിക്കുമേൽ പുതിയ ആരോപണങ്ങൾ വന്നു. ആരോപണങ്ങളും പരാതികളും ഇനിയും വന്നുകൊണ്ടേയിരിക്കുമെന്ന് എനിക്കറിയാം. എല്ലാ ആരോപണങ്ങളും എങ്ങനെ വന്നതാണെന്ന് ബുദ്ധിയുള്ളവർക്ക് മനസിലാകും. ബി.ജെ.പിക്കെതിരേ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവരെ എങ്ങനെയാണ് വേട്ടയാടുന്നതെന്ന് ദിനേന നാം കാണുന്നതാണല്ലോ. ഏത് അന്വേഷണവും നേരിടാൻ തയാറാണ്. വേട്ടയാടൽ തുടരട്ടെ. പക്ഷേ, സത്യം എപ്പോഴും വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കും.
മാധ്യമപ്രവർത്തനം ശമ്പളത്തിനു വേണ്ടിയല്ല
വായ്പ തിരിച്ചടയ്ക്കാനുള്ള ശമ്പളത്തിനു വേണ്ടിയുള്ള തൊഴിലല്ല മാധ്യമപ്രവർത്തനം. സമൂഹത്തിൽ എന്തെങ്കിലും ഗുണപരമായ മാറ്റം വരുത്താനുള്ള ജോലിയാണത്. അഴിമതിക്കാരോട് നേരെനിന്ന് കണ്ണുകളിൽ നോക്കി ചോദ്യം ചെയ്യുകയാണ് ഉത്തരവാദിത്വം. ജനങ്ങളുടെ അവസാന ആശ്രയം മാധ്യമങ്ങളാണ്. എന്നാൽ, മോദിയെ കുറ്റം പറഞ്ഞാൽ രാജ്യത്തെ കുറ്റം പറയുന്ന തരത്തിലേക്ക് അതു മാറ്റിയെടുക്കുന്നു. ഇന്ന് പല മുഖ്യധാരാ മാധ്യമപ്രവർത്തകരും സ്വതന്ത്രമായാണോ പ്രവർത്തിക്കുന്നത്?
ലോക മാധ്യമസ്വാതന്ത്ര്യ ഇൻഡക്സിൽ ഇന്ത്യ വളരെ പിന്നിലാണ്. നിലവിൽ ഇന്ത്യ 150ാം സ്ഥാനത്താണ്. മാധ്യമങ്ങൾക്കും മാധ്യമ സ്വാതന്ത്ര്യത്തിനുമെതിരേ സർക്കാർ ഇടപെടലുകൾ മുമ്പുമുണ്ടായിട്ടുണ്ടെങ്കിലും വർത്തമാനകാലത്ത് ഇതിനോടുള്ള ശത്രുതാ മനോഭാവവും അസഹിഷ്ണുതയും എറ്റവും ഉയർന്ന തലത്തിലേക്കെത്തിയിട്ടുണ്ട്. എന്തു കാണണമെന്നും എന്തു വായിക്കണമെന്നും എന്തു പറയണമെന്നും അധികാരകേന്ദ്രങ്ങൾ തീരുമാനിക്കുന്ന സാഹചര്യം തുടരെത്തുടരെ രാജ്യത്തു സൃഷ്ടിക്കപ്പെടുകയാണ്.
മാധ്യങ്ങൾ സർക്കാർവാദം മാത്രം തലക്കെട്ടാക്കുന്നത് എന്തിനാണ്? ബി.ബി.സി ഡോക്യുമെന്ററി വിവാദം വന്നപ്പോൾ പോലും സർക്കാരിന്റെ വാദങ്ങൾ മാത്രം പ്രധാന തലക്കെട്ടാക്കുന്നത് എന്തൊരു വിരോധാഭാസമാണ്. ജാമിഅ മില്ലിയ്യയിൽ ഉൾപ്പെടെ ഡോക്യുമെന്ററി പ്രദർശനം നടത്തിയതിനുണ്ടായ പൊലിസ് അതിക്രമങ്ങൾ പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തില്ല. എന്തുകൊണ്ട് മോദിയെയും സർക്കാരിനെയും വിമർശിക്കാൻ മാധ്യമങ്ങൾ തയാറാവുന്നില്ല? മോദിയെ വെള്ളപൂശാൻ മാത്രമാണോ തലക്കെട്ടുകളും പേജുകളും നീക്കിവയ്ക്കേണ്ടത്?
അദാനിയോട് ഗൗരവമുള്ള ചോദ്യങ്ങൾ ചോദിക്കാൻ എന്തുകൊണ്ട് മാധ്യമങ്ങൾ ധൈര്യം കാണിക്കുന്നില്ല? കോൺഗ്രസാണ് ഭരിക്കുന്നതെങ്കിലോ, ഇതേപോലെ വലിയൊരു വിഷയം ഉണ്ടായാൽ മാധ്യമങ്ങളുടെ പ്രതികരണം എന്തായിരിക്കും? യാഥാർഥ്യങ്ങൾ പറയുന്നതോടൊപ്പം ഭരണകൂടത്തിന്റെ വിശദീകരണംകൂടി നൽകുക. അതായിരിക്കണം യഥാർഥ മാധ്യമപ്രവർത്തനം.സർക്കാരുകളുടെ കാഴ്ചപ്പാടുകൾ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനു സർക്കാർതലത്തിൽ തന്നെ വിവിധ സംവിധാനങ്ങളുണ്ട്. ഇതല്ല മാധ്യമങ്ങളുടെ ജോലി. പക്ഷേ ഇന്നു മറിച്ചാണു സംഭവിക്കുന്നത്.
എവിടെ ജനാധിപത്യം?
ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചത് ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവായി പുകഴ്ത്തിയായിരുന്നു. എന്നാൽ ഇന്ത്യയിൽ എവിടെയാണ് ജനാധിപത്യമുള്ളത്. നല്ലൊരു ജനാധിപത്യ വ്യവസ്ഥിതിയിലല്ലേ മാധ്യമസ്വാതന്ത്ര്യം ഉണ്ടാവുകയുള്ളൂ. ജനാധിപത്യമെന്നും മാധ്യമസ്വാതന്ത്ര്യമെന്നും നിരന്തരം പാർലമെന്റിൽ പ്രസംഗിക്കുമ്പോഴും എവിടെ ഇതെല്ലാം എന്നത് വലിയ ചോദ്യമായി അവശേഷിക്കുകയാണ്. ജനാധിപത്യ സംവിധാനത്തിന്റെ നിലനിൽപ്പിൽ മാധ്യമങ്ങളുടെ പങ്ക് വലുതാണ്. പക്ഷേ, ജനാധിപത്യ സംരക്ഷണത്തിനാണോ മാധ്യമങ്ങൾ നിലനിൽക്കുന്നത്. അനുദിനം രാജ്യത്തെ ന്യൂനപക്ഷങ്ങൾ കൊല്ലപ്പെടുന്നു. എന്നാൽ അതൊന്നും വാർത്തയാക്കാനോ പുറത്തുകൊണ്ടുവരാനോ ആരും തയാറാകുന്നില്ല. ആൾക്കൂട്ടക്കൊലകൾ വാർത്തയായിരുന്ന കാലം മാറി, അതു നിത്യേനയെന്നപോലെ നടക്കുന്ന സംഭവമായിരിക്കുന്നു.
രാജ്യത്തു സ്വതന്ത്ര മാധ്യമപ്രവർത്തനം ദുർബലപ്പെടുന്നതു ജനാധിപത്യത്തിന്റെ തളർച്ചയാണ്. മാധ്യമപ്രവർത്തനം എങ്ങനെയാകണമെന്ന് അധികാരകേന്ദ്രങ്ങളിൽ നിശ്ചയിക്കപ്പെടുന്നത് അപകടകരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. പത്ര, ദൃശ്യമാധ്യമങ്ങളിലെയും ഇന്റർനെറ്റിലെയും ഉള്ളടക്കങ്ങളിൽ അധികാരികൾ സ്വാധീനം ചെലുത്തുന്നതാണു മാധ്യമമേഖല നേരിടുന്ന പ്രധാന വലിയ വെല്ലുവിളി.
ബി.ബി.സി ഡോക്യുമെന്ററി
ഗുജറാത്ത് കലാപവും മോദിയുടെ പങ്കുമാണല്ലോ ഡോക്യുമെന്ററിയിലെ വിഷയം. ഗുജറാത്ത് ഫയൽസിൽ ഞാനും പറഞ്ഞുവച്ചത് അതാണ്. മോദിക്കു പങ്കുണ്ട് എന്നതു തന്നെയാണല്ലോ അദ്ദേഹം അസ്വസ്ഥനാകാനുണ്ടായ കാരണവും. ആ ഡോക്യുമെന്ററി എല്ലാവരും കാണട്ടെ. യാഥാർഥ്യങ്ങളും സത്യങ്ങളും ഇനിയുമിനിയും ആളുകൾ അറിയട്ടെ. മോദിക്കെതിരേ ആരോപണങ്ങൾ ഉണ്ടായതിനാലാണല്ലോ ആ ഡോക്യുമെന്ററി കാണുന്നവർക്കെതിരേ പോലും നടപടിയെടുക്കുന്നത്. ഔദ്യോഗികമായി തീരുമാനിക്കപ്പെടുന്നില്ല എന്ന പൊതുധാരണയുണ്ടാക്കി എതിരായി വരുന്ന വാർത്തകളും ദൃശ്യങ്ങളും അദൃശ്യമാക്കപ്പെടുന്നത് എന്തിനാണ്? ഏതെങ്കിലും വിധത്തിൽ ഇത്തരം ഉള്ളടക്കങ്ങൾ കാണുന്നവർക്കെതിരേ നടപടിയടക്കം ഉണ്ടാകുന്നുവെന്നത് രാജ്യത്ത് രൂപപ്പെട്ടുവരുന്ന ഗുരുതര സാഹചര്യത്തിന്റെ ഉദാഹരണമാണ്.
സമൂഹമാധ്യമ പ്രസക്തി
മുഖ്യധാരാ മാധ്യമങ്ങൾ മറച്ചുവയ്ക്കുന്ന പല കാര്യങ്ങളും പുറത്തുവരുന്നത് സാമൂഹികമാധ്യമങ്ങളിലൂടെയാണ്. അതുകൊണ്ടുതന്നെ സ്വതന്ത്ര്യ മാധ്യമപ്രവർത്തനത്തിന്റെ ഏറ്റവും വലിയ പിൻബലമാണ് സമൂഹികമാധ്യമങ്ങൾ. ന്യൂനപക്ഷങ്ങളും ദലിതുകളും അക്രമിക്കപ്പെടുമ്പോഴും മുഖ്യധാരാ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കാൻ ഭയപ്പെടുന്ന വിഷയങ്ങളെയും സോഷ്യൽ മീഡിയ വഴി പുറത്തുകൊണ്ടുവരുന്നത് പലരെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണല്ലോ വിവിധ താൽപര്യങ്ങൾക്കു വഴങ്ങി സമൂഹമാധ്യമ ഭീമന്മാർ ഇത്തരം ഉള്ളടക്കങ്ങൾ നീക്കംചെയ്യുന്ന രീതി പതിവാക്കിയത്. താൽപര്യങ്ങൾ സംരക്ഷിക്കത്തക്കവിധം സമൂഹമാധ്യമ അൽഗോരിതങ്ങൾ രൂപപ്പെടുത്തുന്നതും ഇതിന്റെ ഭാഗമാണ്.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."