വഴിമുടക്കില്ല വയസ് പുതുവഴികളിലേക്ക് അബ്ദുല്‍ഖാദര്‍
എം.പി മുജീബ് റഹ്മാന്
ചിത്രങ്ങള്‍: കെ.എം ശ്രീകാന്ത്
അബ്ദുല്‍ഖാദര്‍ പഠിച്ചതു ഗണിതശാസ്ത്രമാണ്; പക്ഷേ, കൂട്ടുകൂടിയത് ഭൂമിശാസ്ത്രത്തില്‍! ഭൂമിശാസ്ത്രം പക്ഷേ, പഠിക്കാന്‍ ആയിരുന്നില്ല തീരുമാനം, അനുഭവിക്കാനായിരുന്നു. അതും റിട്ടയര്‍മെന്റിനുശേഷം. ആ അനുഭവ യാത്ര രാജ്യങ്ങളുടെ അതിര്‍ത്തി കടന്ന് മുന്നേറുമ്പോള്‍ അബ്ദുല്‍ഖാദറിന്റെ മുഖത്ത് സന്തോഷത്തോടൊപ്പം അഭിമാനവും. കുടുംബം ഒന്നടങ്കം യാത്രയ്ക്കു പിന്തുണയായുണ്ട്. ചിലപ്പോള്‍ സഹയാത്രികരായി പേരക്കുട്ടികളും.
ജോലിയില്‍നിന്നു വിരമിച്ചശേഷം വീട്ടിലും നാട്ടിലും ഒതുങ്ങുകയാണു സമൂഹത്തിന്റെ പൊതുവെയുള്ള ശീലം. അപ്രതീക്ഷിതമായി രണ്ടുവര്‍ഷം കൊവിഡ് ഭീതി കൂടിയായതോടെ ആളുകളുടെ വീട്ടിലിരിപ്പ് കൂടുകയും ചെയ്തു. കൊവിഡ് മാറി ലോകം പതുക്കെ യാത്ര ചെയ്തു തുടങ്ങിയതോടെ, വീട്ടിലിരിക്കുന്നവരുടെ ഗണത്തില്‍ തന്നെ കിട്ടില്ലെന്നു തെളിയിക്കുകയായിരുന്നു കണ്ണൂര്‍ എളയാവൂര് വാരം മന്‍ഹലില്‍ ഡോ. ടി.പി അബ്ദുല്‍ഖാദര്‍ എന്ന അറുപത്തിയൊമ്പതുകാരന്‍. ലോക സഞ്ചാരത്തിനു പ്രായം തടസമല്ലെന്നു തെളിയിക്കുകകൂടിയാണ് ഇദ്ദേഹം. ഇതുവരെ ഏഴു ഭൂഖണ്ഡങ്ങളിലായി അമേരിക്ക ഉള്‍പ്പെടെ 55 രാജ്യങ്ങളിലൂടെ യാത്ര ചെയ്തു. ഡിസംബറില്‍ പേരക്കുട്ടി അദീബ് അബ്ദുല്ലയ്ക്കൊപ്പം തായ്ലന്ഡ് സന്ദര്‍ശിച്ചു. ജനുവരി ആദ്യം മറ്റൊരു പേരക്കുട്ടി അമാന്‍ ഷാനവാസിനൊപ്പം മലേഷ്യ കൂടി ചുറ്റിക്കണ്ടു.
2023 അബ്ദുല്‍ഖാദറിനു യാത്രയുടെ വര്‍ഷം കൂടിയാണ്. എത്യോപ്യയും ടാന്‍സാനിയയും സന്ദര്‍ശിച്ച് നാട്ടില്‍ മടങ്ങിയെത്തിയ അദ്ദേഹം വരുന്ന മാര്‍ച്ചില്‍ സ്കാന്ഡിനേവിയന് ബാള്‍ട്ടിക്ക് രാജ്യങ്ങളായ എസ്തോണിയ, ലാത്വിയ, ലിത്വാനിയ, സ്വീഡന്, ഫിന്‍ലന്‍ഡ്, നോര്‍വേ, ഡെന്മാര്ക്ക് എന്നിവ സന്ദര്‍ശിക്കാനിരിക്കുകയാണ്.
പ്രചോദനമായത്
പ്രവാസജീവിതം
കണ്ണൂര്‍ എസ്.എന്‍ കോളജില്‍നിന്നു ഗണിതശാസ്ത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കി 1975ല്‍ അബൂദബിയില്‍ എത്തിയതാണ് അബ്ദുല്‍ഖാദറിന്റെ ജീവിതം മാറ്റിമറിച്ചത്. 1976ല്‍ ഇന്റര്‍നാഷണല്‍ ടെലിഫോണ്‍ ഓപ്പറേറ്ററായി എമിറേറ്റ്സ് ടെലികമ്യൂണിക്കേഷന്‍ കോര്‍പറേഷനി(എത്തിസലാത്ത്)ല്‍ ജോലിയില്‍ പ്രവേശിച്ച അബ്ദുല്‍ഖാദര്‍, 33 വര്‍ഷത്തിനുശേഷം അതേ കമ്പനിയില്‍ 2009ല്‍ സെയില്‍സ് ആന്‍ഡ് അക്കൗണ്ട്സ് മാനേജരായി വിരമിച്ച ശേഷമായിരുന്നു ലോകസഞ്ചാരത്തിനു തുടക്കമിട്ടത്. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ ധാരാളം യാത്രാ വിവരണങ്ങള്‍ തന്നെ സ്വാധീനിച്ചതായി അബ്ദുല്‍ഖാദര്‍ പറയുന്നു. എസ്.കെ പൊറ്റെക്കാട്, സി.എച്ച് മുഹമ്മദ് കോയ എന്നിവരുടെ കുറിപ്പുകള്‍ വായിച്ചാണു ലോകത്താകെ സഞ്ചരിക്കണമെന്ന സ്വപ്നം മനസിലുദിച്ചത്. പക്ഷേ അന്നു സ്വപ്നം കാണാന്‍ മാത്രമേ ഭാഗ്യമുണ്ടായിരുന്നുള്ളൂ. ദാരിദ്ര്യം നിറഞ്ഞ അക്കാലത്ത് വീട്ടില്‍നിന്നു കണ്ണൂര്‍ നഗരത്തിലേക്കു വരാന്‍പോലും ബസിനു കാശുണ്ടായിരുന്നില്ല. യു.എ.ഇയില്‍ ജോലി ചെയ്യുമ്പോള്‍ അവധിക്കു നാട്ടിലെത്തുമ്പോള്‍ കുടുംബാംഗങ്ങളുമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്തിരുന്നു. പിന്നെയും വിദേശ യാത്രയെന്ന സ്വപ്നം അകലെയായിരുന്നു. അങ്ങനെ സമ്പാദ്യത്തിന്റെ ഒരുഭാഗം യാത്രയ്ക്കായി മാറ്റിവച്ചു. യാദൃച്ഛികമായി അമ്പത്തിനാലാം വയസില്‍ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തി. ഒഴിവുസമയം യാത്രയ്ക്കു ചെലവഴിക്കാമെന്നു തീരുമാനിച്ചതോടെ ചിരകാല സ്വപ്നം പൂവണിഞ്ഞെന്ന് അബ്ദുല്‍ഖാദറിന്റെ സാക്ഷ്യം.
തുറക്കുന്നു, ചിറകുള്ള
പുതിയ ലോകം
പ്രവാസകാലത്ത് മലേഷ്യ, സിംഗപ്പൂര്‍, ഹജ്ജ് കര്‍മത്തിനായി സഊദി എന്നിവിടങ്ങളിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും യാത്ര ചെയ്തെങ്കിലും ആസൂത്രണത്തോടെയുള്ള യാത്ര ജോലി മതിയാക്കി നാട്ടിലെത്തിയ ശേഷമായിരുന്നു. ഇറാഖ്, ഫലസ്തീന്, ഇസ്റാഈല്‍ എന്നിവിടങ്ങളിലേക്കു തിരിച്ചായിരുന്നു അബ്ദുല്‍ഖാദറിന്റെ യാത്രയിലെ രണ്ടാംഘട്ടത്തിനു തുടക്കം. അടുത്ത യാത്ര ഉസ്ബക്കിസ്ഥാനിലായിരുന്നു. ജോര്‍ദാന്‍, ഈജിപ്ത് എന്നിവിടങ്ങളിലും യാത്ര ചെയ്തു. ഫലസ്തീനില്‍ ഇസ്റാഈല്‍ അധിനിവേശത്തിന്റെയും ഉസ്ബക്കിസ്ഥാനില്‍ റഷ്യന്‍ അധിനിവേശത്തിന്റെയും ദുരിതം നേരിട്ടു മനസിലാക്കാന്‍ കഴിഞ്ഞു. അടുത്ത യാത്ര യൂറോപ്പിലെ സ്പെയിന്, പോര്‍ച്ചുഗല്‍, ജിബ്രാള്‍ട്ടര്‍ എന്നീ രാജ്യങ്ങളിലേക്കായിരുന്നു. മൊറോക്കോ, കെനിയ, തുര്‍ക്കി, യുനൈറ്റഡ് കിങ്ഡം, നെതര്‍ലാന്‍ഡ്, ഓസ്ട്രിയ,
അന്റാര്‍ട്ടിക്കന്‍
യാത്ര
ഇന്ത്യയില്‍ കൊവിഡ് പടരുന്നതിനു തൊട്ടുമുമ്പാണ് 2020 ഫെബ്രുവരിയില്‍ അബ്ദുല്‍ഖാദര്‍ അന്റാര്‍ട്ടിക്കന്‍ യാത്ര പൂര്‍ത്തിയാക്കി തിരിച്ചെത്തിയത്. 16 അംഗ മലയാളി സംഘങ്ങളും കൂടെയുണ്ടായിരുന്നു. ആ വര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷം അന്റാര്‍ട്ടിക്കയിലായിരുന്നു. 98 ശതമാനം മഞ്ഞ് മൂടിക്കിടക്കുന്ന അന്റാര്‍ട്ടിക്കയിലേക്കുള്ള ക്രൂയിസ് കപ്പലിലെ യാത്ര മറക്കാനാവാത്ത അനുഭവമാണ്. അന്റാര്‍ട്ടിക്കന്‍ തീരത്തിന്റെ അര കിലോമീറ്റര്‍ അരികെവരെ എത്താന്‍ കഴിഞ്ഞ സന്തോഷം അന്നു കപ്പലിന്റെ ക്യാപ്റ്റന്‍ പങ്കുവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."