കൊവിഡ് വാക്‌സിന്റെ ഇരട്ടവില ഇരട്ടപ്രഹരം
കൊവിഷീല്‍ഡ് വാക്‌സിന്‍ ഒരു ഡോസിനു സംസ്ഥാന സര്‍ക്കാരുകള്‍ 400 രൂപയും സ്വകാര്യ ആശുപത്രികള്‍ 600 രൂപയും വില നല്‍കണമെന്ന് ഉല്‍പാദകരായ പൂനയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരിക്കുകയാണ്. നിലവില്‍ കേന്ദ്രസര്‍ക്കാര്‍ 150 രൂപക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കിയിരുന്ന വാക്‌സിനാണിപ്പോള്‍ വില വര്‍ധിപ്പിച്ചത്. 150 രൂപക്ക് സ്വകാര്യ ആശുപത്രികള്‍ക്ക് വിറ്റിരുന്ന വാക്‌സിന്‍, അവരുടെ സര്‍വിസ് ചാര്‍ജും കൂടി കൂട്ടി അടയ്‌ക്കേണ്ട ബാധ്യതയായിരുന്നു ആളുകള്‍ക്കുണ്ടായിരുന്നത്. സ്വകാര്യ ആശുപത്രികള്‍ അവരുടെ സര്‍വിസ് ചാര്‍ജ് നൂറ് രൂപയിലധികം വര്‍ധിപ്പിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം ഉണ്ടായിരുന്നുവെങ്കിലും പല ആശുപത്രികളും പാലിച്ചിരുന്നില്ല.
സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം വാക്‌സിന്‍ നല്‍കിയിരുന്നത് സൗജന്യമായിട്ടായിരുന്നു. അതിനാണിപ്പോള്‍ വിലയിട്ടിരിക്കുന്നത്. സ്വകാര്യ ആശുപത്രികള്‍ക്ക് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിന്‍ ഒരു ഡോസിനു 600 രൂപ വിലയിട്ടതോടെ സര്‍വിസ് ചാര്‍ജ് വലിയ തോതില്‍ വര്‍ധിക്കും. ഇത് സാധാരണക്കാരനു താങ്ങാന്‍ പറ്റാത്ത അവസ്ഥയായിരിക്കും സംജാതമാക്കുക. നേരത്തെ 250 രൂപ കൊടുത്താല്‍ ലഭ്യമായിരുന്ന വാക്‌സിന്‍ ഇനി ആയിരത്തിനു മേല്‍ വന്നാല്‍ അത്ഭുതപ്പെടേണ്ടതില്ല.
കൊവിഡ് അതിഭീകരമാംവിധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന അവസരത്തില്‍, ദിനംപ്രതി ആയിരങ്ങള്‍ ഓരോ സംസ്ഥാനങ്ങളിലും രോഗബാധിതരായിക്കൊണ്ടിരിക്കുമ്പോള്‍ തീര്‍ത്തും സൗജന്യമായി രാജ്യമൊട്ടുക്കും വിതരണം ചെയ്യേണ്ട വാക്‌സിന് സന്ദര്‍ഭം മുതലാക്കാനെന്ന മട്ടില്‍ അന്യായമായി വില വര്‍ധിപ്പിച്ചത് ക്രൂരമായിപ്പോയി. ഒരേ ഉല്‍പന്നത്തിന് മൂന്ന് വില സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചത് നീതികരിക്കാനാവില്ല. കേന്ദ്രസര്‍ക്കാരിന് 150 രൂപക്ക് വാക്‌സിന്‍ നല്‍കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇരട്ടിയിലധികം വില നല്‍കേണ്ടി വരുന്നു. മാത്രമല്ല, മെയ് ഒന്നു മുതല്‍ ആകെ ഉല്‍പാദനത്തിന്റെ പകുതിയും ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രസര്‍ക്കാരിന് നല്‍കുകയാണ്. ബാക്കി വരുന്ന പകുതി സംസ്ഥാനങ്ങള്‍ക്കൊട്ടാകെ വീതിച്ച് നല്‍കും. വിതരണത്തിലെ ഈ അസന്തുലിതാവസ്ഥ കേന്ദ്രസര്‍ക്കാരിനു സംസ്ഥാനങ്ങള്‍ക്ക് മേല്‍ രാഷ്ട്രീയ പകപോക്കാന്‍ കാരണമായേക്കാം എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. വിപണിയില്‍ ഉണ്ടായേക്കാവുന്ന മത്സര സാധ്യതയും തള്ളിക്കളയാനാവില്ല.
ഒരു മഹാമാരി രാജ്യത്തെയാകെ വിഴുങ്ങാന്‍ വാ പിളര്‍ന്നടുത്തുക്കൊണ്ടിരിക്കുമ്പോള്‍, അത്തരമൊരവസ്ഥയെ കച്ചവടക്കണ്ണോടെ സമീപിക്കുന്നത് പരിഷ്‌കൃതസമൂഹത്തിലെ ഒരു സര്‍ക്കാരിനും ഭൂഷണമല്ല. സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കുന്ന വാക്‌സിന്റെ വില നിശ്ചയിക്കാനുള്ള അധികാരം ഇന്‍സ്റ്റിറ്റ്യൂട്ടിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതുവഴി വിപണിയില്‍ വാക്‌സിന് കടുത്ത മത്സരം ഉണ്ടാകുമെന്നു ഉറപ്പാണ്.
സംസ്ഥാനങ്ങള്‍ക്ക് കിട്ടുന്ന വാക്‌സിന്‍ സൗജന്യമായി തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത് വഴി സംസ്ഥാന സര്‍ക്കാരിന്റെ പക്കലുള്ള വാക്‌സിന്‍ ശേഖരം പെട്ടെന്ന് തീര്‍ന്നുപോകാനുള്ള സാധ്യത ഏറെയാണ്. അപ്പോള്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ വാങ്ങിക്കൂട്ടിയ വാക്‌സിനുകള്‍ക്ക് സര്‍വിസ് ചാര്‍ജ് അടക്കം വന്‍ വില കൊടുക്കേണ്ടി വരുമെന്നതിനു സംശയമില്ല. സര്‍ക്കാരിന്റെ പക്കലുള്ള വാക്‌സിന്‍ ശേഖരം തീരുന്നതുവരെ നേരത്തെ വാങ്ങിവച്ച വാക്‌സിനുകള്‍ പുറത്തെടുക്കാതെ സ്വകാര്യ ആശുപത്രികള്‍ പൂഴ്ത്തിവയ്ക്കാനുള്ള സാധ്യതയും ഏറെയാണ്. സര്‍ക്കാരിന്റെ ശേഖരത്തിലുള്ള വാക്‌സിന്‍ തീരുന്ന മുറയ്ക്ക് വാക്‌സിന്‍ പുറത്തെടുത്ത് കൊള്ളലാഭം കൊയ്യാന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് അവസരം കിട്ടുകയും ചെയ്യും.
കൊവിഡിന്റെ തുടക്കത്തില്‍ രോഗബാധിതരെ സര്‍ക്കാര്‍ സൗജന്യമായി ചികിത്സിച്ചപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ ലക്ഷങ്ങള്‍ ഈടാക്കിയാണ് ചികിത്സ നടത്തിയതെന്നോര്‍ക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ നല്‍കിയിരുന്ന പാരസിറ്റമോളും വിറ്റാമിന്‍ ഗുളികകളും തന്നെയായിരുന്നു സ്വകാര്യ ആശുപത്രികളിലും നല്‍കിയിരുന്നത്. ഇത്തരമൊരു അനുഭവപാഠം മുന്‍പിലുണ്ടായിരിക്കെ, വാക്‌സിന്‍ വഴി സ്വകാര്യ ആശുപത്രികള്‍ ആളുകളെ പലവിധ സര്‍വിസ് ചാര്‍ജുകളുടെ പേര് പറഞ്ഞു ചൂഷണം ചെയ്യുമെന്നത് ഉറപ്പാണ്. സാധാരണക്കാരായ കൂലിത്തൊഴിലാളികളായിരിക്കും ഈ ചൂഷണങ്ങള്‍ക്ക് ഏറെയും ഇരകളായിത്തീരുക.
സര്‍ക്കാരിന്റെ പക്കലുള്ള വാക്‌സിന്‍ ശേഖരം തീര്‍ന്നാല്‍ തുടര്‍ന്നും ലഭ്യമാക്കാനുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണമെന്നില്ല. വാക്‌സിന്റെ കാര്യത്തില്‍ പൊതുവിപണിയിലെ ബിസിനസുകാരോട് മത്സരിക്കേണ്ട അവസ്ഥയിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ തള്ളിയിട്ടിരിക്കുന്നത്. രണ്ട് പ്രളയങ്ങളിലും കേന്ദ്രസര്‍ക്കാരില്‍നിന്ന് കാര്യമായ ധനസഹായം സംസ്ഥാനത്തിന് ലഭിച്ചിരുന്നില്ല എന്ന അനുഭവവും സംസ്ഥാനത്തിനു മുന്നിലുണ്ട്.
കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ചു കൊണ്ട് വാക്‌സിന്‍ ലഭ്യമാക്കാന്‍ സംയുക്ത പദ്ധതിയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിക്കേണ്ടിയിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയും കൂടിയാണത്. കേന്ദ്രസര്‍ക്കാരില്‍നിന്ന് വാക്‌സിന്‍ സഹായം കിട്ടാന്‍ പോകുന്നില്ലെന്നതിന്റെ സൂചന കേന്ദ്രമന്ത്രി വി. മുരളീധരന്‍ കഴിഞ്ഞ ദിവസം നല്‍കുകയുമുണ്ടായി. സംസ്ഥാന സര്‍ക്കാരിനോട് വാക്‌സിന്‍ കാശ് കൊടുത്ത് വാങ്ങാനാണ് വി. മുരളീധരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു ആപല്‍ഘട്ടത്തില്‍ രാഷ്ട്രീയാഭിപ്രായങ്ങള്‍ക്ക് അവധി കൊടുത്ത് കേന്ദ്രസര്‍ക്കാരില്‍നിന്ന് പരമാവധി വാക്‌സിന്‍ ലഭ്യമാക്കാന്‍ ശ്രമിക്കേണ്ടതിനു പകരം സംസ്ഥാന സര്‍ക്കാരിനോട് വില കൊടുത്തു വാങ്ങാനാണ് മലയാളിയായ കേന്ദ്രമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. അങ്ങനെയും ഒരു കേന്ദ്രമന്ത്രി എന്നാശ്വസിക്കാം.
സംസ്ഥാന സര്‍ക്കാരിന്റെ പക്കലുള്ള വാക്‌സിന്‍ തീരുമ്പോള്‍ ലക്ഷക്കണക്കിന് ഡോസ് വാക്‌സിന്‍ വാങ്ങാന്‍ കോടികള്‍ ചെലവാക്കേണ്ടി വരും. സംസ്ഥാനത്തിന്റെ ഇന്നത്തെ സാമ്പത്തികനില വച്ച് നോക്കുമ്പോള്‍ അത് താങ്ങാവുന്നതിലുമപ്പുറമായിരിക്കും. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ജനം പരിഭ്രാന്തരായി, മറ്റൊരു ലോക്ക്ഡൗണ്‍ ഉണ്ടാകുമോ എന്നു ഭയപ്പെട്ടു കഴിയുമ്പോഴാണ് കൊവിഷീല്‍ഡ് വാക്‌സിനു നല്‍കേണ്ട ഇരട്ടവില ഇരട്ട പ്രഹരമായി അവന്റെ ചുമലില്‍ പതിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."