ഐസ്‌ലാന്റുകാര്‍ക്ക് നീളമുള്ള നോമ്പ്; നോമ്പു തുടങ്ങുന്നത് പുലര്‍ച്ചെ 2.45ന്, തുറക്കുന്ന സമയം രാത്രി 9.14
ജക്കാര്‍ത്ത:ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങള്‍ റമദാന്‍ വ്രതത്തിന്റെ ആദ്യത്തെ പത്ത് പിന്നിടുന്നു. കൊവിഡ് മഹാമാരിക്കാലത്തെ രണ്ടാമത്തെ വ്രതമാസമാണിത്.ദൈവപ്രീതിക്കായി അന്ന പാനീയങ്ങള്‍ ഉപേക്ഷിക്കുന്ന വിശ്വാസികള്‍ പ്രാര്‍ഥനകളിലും മറ്റ് പുണ്യങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കയാണ്.
ലോകത്തിന്റെ സമയക്രമമനുസരിച്ച് ഓരോ നാട്ടിലെയും നോമ്പിന്റെ മണിക്കൂറുകള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ആഫ്രിക്കയില്‍ 14 മുതല്‍15 മണിക്കൂര്‍ വരെയാണ് വ്രതത്തിന്റെ സമയം. എത്യോപ്യ, സെനഗല്‍,നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ 13 മുതല്‍ 14 മണിക്കൂര്‍ സമയമാണ് ഇത്തവണ വ്രതം. സഈദി, ഇറാഖ്, ലബനാന്‍ ,യു.എ.ഇ തുടങ്ങി വിവിധ മിഡിലീസ്റ്റ് രാജ്യങ്ങളില്‍ 13 മുതല്‍ 14 മണിക്കൂര്‍ സമയം വ്രതമുണ്ട്. യൂറോപ്പില്‍ ഐസ്‌ലാന്റില്‍ 20 മണിക്കൂര്‍ വരേ നോമ്പെടുക്കേണ്ടതുണ്ട്. സ്വീഡന്‍, നോര്‍വെ, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങളിലെ മുസ്‌ലിങ്ങള്‍ 18 മണിക്കൂറുവരേ നോമ്പെടുക്കുകയാണ്.
ഫ്രാന്‍സില്‍ 17 മണിക്കൂറും സ്‌പെയിന്‍,ഗ്രീസ് തുടങ്ങിയ രാജ്യങ്ങളില്‍ 16 മണിക്കൂറും വ്രതസമയമാണ്. ദക്ഷിണ അമേരിക്കയിലെ ബ്രസീല്‍, അര്‍ജന്റീന എന്നിവിടങ്ങളില്‍ 13 മണിക്കൂര്‍ മാത്രമാണ് വ്രതമുള്ളത്.ആസ്‌ത്രേലിയയില്‍ 12 മണിക്കൂറാണ് നോമ്പ്. ഐസ്‌ലാന്റിലാണ് ഏറ്റവും കൂടുതല്‍ സമയം നോമ്പെടുക്കുന്നവര്‍. റമദാന്‍ തുടങ്ങിയപ്പോള്‍ പ്രഭാത നമസ്‌ക്കാരം ഇവിടെ പുലര്‍ച്ചെ 2.57നായിരുന്നു. നോമ്പ് തുറക്കുന്നത് രാത്രി 8.44നും. ഈ സമയക്രമം മാറി നോമ്പു തുടങ്ങുന്നത് ഇപ്പോള്‍ പുലര്‍ച്ചെ 2.45ന് ആയിട്ടുണ്ട്. നോമ്പ് തുറക്കുന്ന സമയം രാത്രി 9.14 ആയി ഉയര്‍ന്നു. റമദാനിന്റെ അവസാന സമയമാകുമ്പോഴേക്കാണ് ഐസ്‌ലാന്റില്‍ നോമ്പ് സമയം 20 മണിക്കൂറായി ഉയരുക. പുലര്‍ച്ചെ 2.14ന് തുടങ്ങുന്ന റമദാന്‍ വ്രതം അവസാനിക്കുക രാത്രി 10.23ന് ആകും. ഐസ്‌ലാന്റിലെ മുസ്‌ലിം സമൂഹത്തെപ്പോലെ ലോകത്ത് മറ്റൊരിടത്തും ഇത്രയും ദൈര്‍ഘ്യമേറിയ റമാദന്‍ വ്രതം അനുഷ്ഠിക്കുന്നവരില്ല.വെണ്ണയും ചോളപ്പൊടിയും മുട്ടയും കുരുമുളകും ചേര്‍ത്തുണ്ടാക്കുന്ന പെപ്പര്‍ കുക്കീസ്, വാള്‍നട്ടും വെണ്ണയും ചേര്‍ത്തുണ്ടാക്കുന്ന വാള്‍നട്ട് സ്‌നാപ്‌സ്, ഐസ്‌ലാന്റിലെ തനതു വിഭവമായ മീന്‍സൂപ്പ് ഇതൊക്കെയാണ് ഇവിടുത്തെ ഇഫ്താര്‍ വിഭവങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."