പാർട്ടി അംഗങ്ങളുടെ ഗുണനിലവാരത്തിൽ കേരളം മുന്നിൽ, അംഗബലത്തിൽ വൻ ഇടിവെന്ന് സംഘടനാ റിപ്പോർട്ട്
വി. അബ്ദുൽ മജീദ്
കണ്ണൂർ
പാർട്ടി അംഗങ്ങളുടെ ഗുണനിലവാരത്തിൽ മുന്നിട്ടുനിൽക്കുന്നത് കേരളമാണെന്ന് സി.പി.എം സംഘടനാ റിപ്പോർട്ട്. മറ്റു പല സംസ്ഥാനങ്ങളിലെയും പാർട്ടി അംഗങ്ങളിൽ വലിയൊരു വിഭാഗം പ്രവർത്തനത്തിൽ സജീവമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും പാർട്ടി അംഗങ്ങളിൽ ഏതാണ്ട് പകുതിയോളം പേർ പ്രവർത്തനത്തിൽ സജീവമല്ല. എന്നാൽ കേരളത്തിലെ അംഗങ്ങളിൽ ബഹുഭൂരിപക്ഷവും പ്രവർത്തനത്തിൽ സജീവമാണ്. ഇടതുമുന്നണി തുടർഭരണം നേടിയതിൽ അത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
2018 മുതൽ 2021 വരെയുള്ള കാലയളവിൽ ദേശീയതലത്തിൽ പാർട്ടിയുടെ അംഗബലത്തിൽ സാരമായ ഇടിവുണ്ടായപ്പോൾ കേരളത്തിൽ അംഗബലം ഗണ്യമായി വർധിച്ചു. ഏറ്റവുമധികം കുറവുണ്ടായത് പശ്ചിമ ബംഗാളിലാണ്. ആന്ധ്രപ്രദേശ്, അസം, ഛത്തിസ്ഗഢ്, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഝാർഖണ്ഡ്, കർണാടക, മദ്ധ്യപ്രദേശ്, ഒഡിഷ, തെലങ്കാന, ത്രിപുര, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലും അംഗസംഖ്യ കുറഞ്ഞു.
പാർട്ടിയുടെ ശക്തിയിലുണ്ടായ ക്ഷയമാണ് ഇതു കാണിക്കുന്നത്.
ഓരോ സംസ്ഥാനത്തെയും സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങൾക്കനുസൃതമായി കൂടുതൽ ആളുകളെ പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്‌കരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."