കോൺഗ്രസ് സഖ്യം കേരളഘടകത്തിന് പരുക്കേൽക്കാതെ സി.പി.എം അടവുനയം
പ്രത്യേക ലേഖകൻ
കണ്ണൂർ
സി.പി.എം 23ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിലെ അടവുനയം കോൺഗ്രസിനോടുള്ള സമീപനത്തിന്റെ കാര്യത്തിൽ പാർട്ടി കേരള ഘടകത്തിന്റെ താൽപര്യം പൂർണമായി സംരക്ഷിക്കുന്നത്. അതോടൊപ്പം മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി സഖ്യത്തിനുള്ള സാധ്യത അടച്ചിടുന്നുമില്ല.
ദേശീയതലത്തിൽ കോൺഗ്രസുമായി സഖ്യമെന്ന തീരുമാനമെടുത്താൽ അത് കേരളത്തിനും ബാധകമാവും. കേരളത്തിലെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസാണ് സി.പി.എമ്മിന്റെ മുഖ്യശത്രു. അതുകൊണ്ടുതന്നെ കോൺഗ്രസ് സഖ്യമെന്ന തീരുമാനം കേരളത്തിൽ പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കും. നയം വിശദീകരിക്കാൻ കേരള നേതാക്കൾ ഏറെ പാടുപെടേണ്ടിയും വരും.
കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യമില്ലെന്നു പറയുന്ന രാഷ്ട്രീയ പ്രമേയത്തിൽ പ്രാദേശിക തലങ്ങളിൽ നീക്കുപോക്കുകളാവാമെന്നും പറയുന്നുണ്ട്. 22ാം പാർട്ടി കോൺഗ്രസ് കൈക്കൊണ്ട തീരുമാനം തന്നെയാണിത്. അതു നിലനിൽക്കെ തന്നെയാണ് പശ്ചിമ ബംഗാളും തമിഴ്‌നാടുമടക്കമുള്ള ചില സംസ്ഥാനങ്ങളിൽ കോൺഗ്രസുമായി സി.പി.എം പരസ്യമായി തന്നെ സഖ്യമുണ്ടാക്കിയത്. അത് വിവാദമായപ്പോൾ നേതാക്കൾ പറഞ്ഞത് അതൊക്കെ പ്രാദേശിക നീക്കുപോക്ക് മാത്രമാണെന്നാണ്.
പുതിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെ തോൽപ്പിക്കാൻ ദേശീയതലത്തിൽ കോൺഗ്രസടക്കമുള്ള മതേതര കക്ഷികളുമായി സഖ്യം വേണമെന്ന് വാദിക്കുന്നവരാണ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള ചില ദേശീയ നേതാക്കളും ചില സംസ്ഥാന ഘടകങ്ങളും. എന്നാൽ കേരളത്തിൽ സാഹചര്യം വ്യത്യസ്തമായതിനാൽ അതിനോട് ശക്തമായ എതിർപ്പാണ് കേരള ഘടകത്തിനുള്ളത്. അതേസമയം മറ്റു ചില സംസ്ഥാനങ്ങളിൽ പാർട്ടിക്ക് എന്തെങ്കിലും നേട്ടമുണ്ടാക്കണമെങ്കിൽ കോൺഗ്രസിന്റെ കൂട്ട് അനിവാര്യവുമാണ്.
ഇതെല്ലാം കണക്കിലെടുത്താണ് പാർട്ടിയുടെ അടവുനയം. അതിന്റെ അടിസ്ഥാനത്തിൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫും സി.പി.എം നയിക്കുന്ന എൽ.ഡി.എഫും നേരിട്ട് ഏറ്റുമുട്ടുമ്പോൾ തന്നെ മറ്റു ചില സംസ്ഥാനങ്ങളിൽ ഇരുപാർട്ടികളും കൂട്ടായി മത്സിക്കുന്ന അവസ്ഥയുമുണ്ടാകും. മറ്റു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഈ കൂട്ടുകെട്ടുണ്ടായേക്കും. അതിനെയെല്ലാം പ്രാദേശിക നീക്കുപോക്കെന്നായിരിക്കും സി.പി.എം തുടർന്നും വിശേഷിപ്പിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."