കെ.എസ്.ഇ.ബി ചെയർമാന് പിന്തുണയുമായി എൻജിനീയേഴ്സ് അസോസിയേഷൻ
പ്രത്യേക ലേഖകൻ
തിരുവനന്തപുരം
ലീവെടുക്കാതെ ജോലിയിൽ നിന്ന് വിട്ടുനിന്ന വനിതാ ജീവനക്കാരിയെ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബിയിലുണ്ടായ ചെയർമാൻ -അസോസിയേഷൻ പോരിൽ ചെയർമാന് പിന്തുണയുമായി പ്രതിപക്ഷ സർവിസ് സംഘടനയായ കെ.എസ്.ഇ.ബി എൻജിനീയേഴ്സ് അസോസിയേഷൻ. അവധിയെടുക്കുന്നതിലെ നടപടിക്രമങ്ങൾ പാലിക്കാത്തത് കൊണ്ടാണ് എക്സിക്യൂട്ടീവ് എൻജിനീയറായ ജാസ്മിൻ ബാനുവിനെ സസ്പെൻഡ് ചെയ്തതെന്നും ഇത് അന്യായമല്ലെന്നും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സുനിൽ കുമാർ വ്യക്തമാക്കി. റിവ്യൂ മീറ്റിങ്ങ് നടന്ന് കൊണ്ടിരിക്കെ അകത്തേക്ക് തള്ളിക്കയറുന്നത് അംഗീകരിക്കാനാവില്ല. ചെയർമാനും മന്ത്രിയും നിലവിലെ വിവാദങ്ങളിൽ ഇടപെട്ട് പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം, പോര് കൂടുതൽ കടുപ്പിക്കാതെ പരിഹരിക്കാൻ നേതൃത്വത്തിൽ ശ്രമം തുടങ്ങി. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന മുതിർന്ന സി.പി.എം , സി.ഐ.ടി.യു നേതാക്കളെ കാണാൻ കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജെ സുരേഷ് കുമാർ കണ്ണൂരിലെത്തി. പാർട്ടി നിർദേശ പ്രകാരമാണ് സുരേഷ് കുമാർ ഇന്നലെ എത്തിയത്.
സമ്മേളനം കഴിഞ്ഞ് നാളെ നേതാക്കൾ തിരുവനന്തപുരത്ത് എത്തിയ ശേഷം സമവായ ചർച്ചകളുണ്ടാകും. പാലക്കാടുള്ള വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടിയും 12ന് തിരുവനന്തപുരത്തെത്തും.
വനിതാ ജീവനക്കാരിക്കെതിരായ നടപടിയുമായി ബന്ധപ്പെട്ട് സമരം ചെയ്ത സി.പി.എം അനുകൂല സംഘടനാ പ്രവർത്തകർക്കെതിരേ ഏർപ്പെടുത്തിയ ഡയസ്നോണിനും ചെയർമാന്റെ മുറിയിലേക്ക് അതിക്രമിച്ച് കയറാൻ നേതൃത്വം നൽകിയ ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജെ സുരേഷ് കുമാറിനെയും ജന. സെക്രട്ടറി ബി. ഹരികുമാറിനെയും സസ്പെൻഡ് ചെയ്തതിനുമെതിരേ ചട്ടപ്പടി സമരം പ്രഖ്യാപിച്ചിരിക്കുകയാണ് അസോസിയേഷൻ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."