കർണാടകയിൽ ക്ഷേത്രത്തിന് സമീപമുള്ള മുസ്ലീംങ്ങളുടെ കടകൾ തകർത്തു
ബംഗളൂരു: ധാർവാഡിലെ ക്ഷേത്രത്തിന് സമീപമുള്ള മുസ്ലീം ഉടമസ്ഥതയിലുള്ള തട്ടുകടകൾ ഹിന്ദുത്വർ തകർത്തു. കർണാടകയിലെ ധാർവാഡ് നഗരത്തിനടത്തുള്ള നുഗ്ഗിക്കേരി ആഞ്ജനേയ ക്ഷേത്രത്തിന് പുറത്ത് മുസ്ലീംങ്ങൾ നടത്തിയിരുന്ന സ്റ്റാളുകൾ ഒരു കൂട്ടം ഹിന്ദുത്വർ ശനിയാഴ്ച നശിപ്പിച്ചതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
ധാർവാഡ് നഗരത്തിൻ്റെ പ്രാന്തപ്രദേശത്തുള്ള നുഗ്ഗിക്കേരി ആഞ്ജനേയ ക്ഷേത്രത്തിന് പുറത്തായിരുന്നു സംഭവം. അക്രമത്തിൽ ഏർപ്പെട്ടവരിൽ പത്ത് പേർ ഹിന്ദുത്വ സംഘടനയായ ശ്രീരാം സേനയിൽപ്പെട്ടവരാണെന്നാണ് റിപ്പോർട്ട്. പോലീസ് ഉദ്യോഗസ്ഥർ സമീപത്ത് ഉണ്ടായിരുന്നെങ്കിലും നശീകരണം തടയാൻ പ്രവർത്തിച്ചില്ല, ഒരു താമസക്കാരനെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
Muslim push cart vendors targeted outside Hanuman Temple in Dharwad. Sri Ram Sene members vandalize & destroy watermelon & other fruits.Ram Sene says #Muslim vendors shouldn't do business outside temples. Cops present at the location did nothing to stop the vandalism #Karnataka pic.twitter.com/gu0pCjt0lj
— Harish Upadhya (@harishupadhya) April 9, 2022
എട്ടോ പത്തോ പേർ എത്തി തട്ടുകട തകർത്തതായി തണ്ണിമത്തൻ വ്യാപാരിയായ നബിസാബ് പറഞ്ഞു. “ഞാൻ ആറ് ക്വിന്റൽ തണ്ണിമത്തൻ വാങ്ങിയിരുന്നു, ഒരു ക്വിന്റൽ മാത്രമാണ് വിറ്റത്,” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 15 വർഷമായി താൻ ക്ഷേത്രത്തിനു മുന്നിൽ കച്ചവടം നടത്തുന്നുണ്ടെന്നും ഇതുവരെ പ്രശ്‌നങ്ങൾ നേരിട്ടിട്ടില്ലെന്നും നബീസാബ് പറഞ്ഞു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ധാർവാഡ് പോലീസ് സൂപ്രണ്ട് കൃഷ്ണകാന്ത് പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ക്ഷേത്രത്തിൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
ദരിദ്ര കുടുംബങ്ങൾക്ക് കച്ചവടം നടത്താൻ അനുമതി നൽകിയതായി ക്ഷേത്ര ഭരണ സമിതി അംഗം നരസിംഹ സ്വാമി ദേശായി പറഞ്ഞതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. സ്റ്റാളുകൾ സ്ഥാപിക്കാൻ അനുമതി ലഭിച്ചവരിൽ 99 ശതമാനവും ഹിന്ദുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ തീരുമാനത്തിലെത്താൻ ക്ഷേത്രഭരണസമിതി ചർച്ച നടത്തുമെന്നും തൃപ്തി ദേശായി പറഞ്ഞു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി കർണാടകയിലെ ഹിന്ദുത്വ സംഘടനകൾ മുസ്ലീങ്ങൾ ക്ഷേത്രങ്ങൾക്ക് സമീപം സ്റ്റാളുകൾ സ്ഥാപിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ പല ക്ഷേത്രങ്ങളും തങ്ങളുടെ വാർഷിക മേളകളിൽ മുസ്ലീങ്ങളെ സ്റ്റാളുകൾ തുറക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. വർഷങ്ങളായി മുസ്ലീങ്ങൾ ഈ മേളകളിൽ സ്റ്റാളുകൾ നടത്തുന്നതായി റിപ്പോർട്ടുണ്ട്.
ഹിന്ദു മത സ്ഥാപനങ്ങളുടെയും ചാരിറ്റബിൾ എൻഡോവ്‌മെന്റുകളുടെയും നിയമപ്രകാരം ഹിന്ദുമത സ്ഥാപനത്തിന് സമീപമുള്ള സ്ഥലം അഹിന്ദുക്കൾക്ക് പാട്ടത്തിന് നൽകുന്നതിന് നിരോധനമുണ്ടെന്ന് മാർച്ച് 23ന് കർണാടക നിയമമന്ത്രി ജെ സി മധുസ്വാമി സംസ്ഥാന നിയമസഭയിൽ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."