കൂട്ടാണെങ്കിലും സഖ്യമല്ല; വെറും നീക്കുപോക്ക്
കോൺഗ്രസിനെക്കുറിച്ച് പത്രക്കാരെ കാണുമ്പോഴല്ലാതെ കോൺഗ്രസ് നേതാക്കൾ അധികമൊന്നും സംസാരിക്കാറില്ല. പാർട്ടിയുടെ നയം, വളർച്ച തുടങ്ങിയ കാര്യങ്ങളെക്കുറിച്ചൊന്നും നേതാക്കൾ കൂടിയിരുന്ന് കാര്യമായ ചർച്ച നടത്തുന്നതായി കേട്ടുകേൾവിയില്ല. അവരുടെ യോഗങ്ങളിലെല്ലാം ഗ്രൂപ്പ്, സ്ഥാനമാനങ്ങൾ തുടങ്ങിയ കാര്യങ്ങളിലാണ് ചൂടുപിടിച്ച ചർച്ചകൾ നടക്കുന്നത്.
കോൺഗ്രസുകാർക്ക് അതിനൊന്നും നേരമില്ലെങ്കിലും ശത്രുക്കൾ കോൺഗ്രസിനെക്കുറിച്ച് ധാരാളം സംസാരിക്കാറുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയം പറയാൻ വാതുറന്നാൽ ആദ്യം പറയുന്നത് കോൺഗ്രസിനെക്കുറിച്ചാണ്. മറ്റു ബി.ജെ.പി നേതാക്കളുടെ അവസ്ഥയും അതുതന്നെ. രാജ്യത്തിന്റെ പലഭാഗങ്ങളിലും ശോഷിച്ചുപോയ കോൺഗ്രസ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ജീവിച്ചിരിക്കുന്നതിന് പ്രധാന കാരണം ശത്രുക്കളാണെന്ന് പറഞ്ഞാൽ തെറ്റാവില്ല.
ബി.ജെ.പിക്ക് കാര്യമായ വേരോട്ടമില്ലാത്ത കേരളത്തിൽ സി.പി.എമ്മാണ് കോൺഗ്രസിന്റെ മുഖ്യശത്രു. ചർച്ചകളിലൂടെ കോൺഗ്രസിനെ സജീവമാക്കി നിർത്തുന്നതിൽ ബി.ജെ.പിയെപ്പോലെ തന്നെ സി.പി.എമ്മും വലിയ പങ്കു വഹിക്കുന്നുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ അവർക്കും കോൺഗ്രസില്ലാതെ ജീവിച്ചുപോകാനാവാത്ത അവസ്ഥയാണ്.
സി.പി.എമ്മിന്റെ ദേശീയ സമ്മേളനത്തിന്റെ പേരു തന്നെ കോൺഗ്രസ് എന്നാണ്. അത് കോൺഗ്രസ് പാർട്ടിയെ ഉദ്ദേശിച്ചൊന്നുമല്ല. ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റ് പാർട്ടികൾ അവരുടെ പരമോന്നത സമ്മേളനത്തിന് നൽകിയ പേരാണത്. ആചാരപരമായി സി.പി.എമ്മും അതു സ്വീകരിച്ചെന്നു മാത്രം. ആ പേരുമായി ബന്ധമില്ലെങ്കിലും കുറച്ചുകാലമായി സി.പി.എമ്മിന്റെ പാർട്ടി കോൺഗ്രസുകളിൽ പ്രധാന ചർച്ച കോൺഗ്രസിനെക്കുറിച്ചാണ്. ബി.ജെ.പിയെ നേരിടാൻ കോൺഗ്രസുമായി സഖ്യം വേണമോ വേണ്ടയോ എന്നാണ് പ്രധാന ചർച്ച.
മറ്റു പാർട്ടികളെപ്പോലെയല്ല കമ്യൂണിസ്റ്റ് പാർട്ടികൾ. അവർക്ക് എന്തെങ്കിലും കാര്യത്തിൽ ഒരു തീരുമാനമെടുക്കണമെങ്കിൽ എന്തെങ്കിലും രേഖകളൊക്കെ ഉണ്ടാക്കി അതിൻമേൽ ഒരുപാട് ചർച്ച നടത്തണം. പതിവുപോലെ ഇത്തവണ കണ്ണൂരിൽ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിലും ഒരുപാട് കടലാസ് ചെലവാക്കി ഏറെ സമയം ചെലവഴിച്ച് അവർ കോൺഗ്രസ് ബന്ധത്തെക്കുറിച്ച് ചർച്ച നടത്തി. എന്തായിരിക്കും തീരുമാനമെന്നറിയാൻ മാധ്യമപ്രവർത്തകർ കാത്തുനിന്നു. ഒടുവിൽ പുറത്തുവന്നത് ഒട്ടും പുതിയതല്ലാത്ത തീരുമാനം. കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യം വേണ്ടെന്നും പ്രാദേശികതലങ്ങളിൽ തെരഞ്ഞെടുപ്പിൽ നീക്കുപോക്കുകൾ, അല്ലെങ്കിൽ ധാരണകൾ ആവാമെന്നും.
എന്താണ് സി.പി.എമ്മിന്റെ സഖ്യവും നീക്കുപോക്കും തമ്മിലുള്ള വ്യത്യാസമെന്ന് നേരെ നോക്കിയാൽ നമ്മൾക്കൊന്നും മനസ്സിലാവില്ല. കഴിഞ്ഞ പാർട്ടി കോൺഗ്രസിലും ഇതുതന്നെയായിരുന്നു തീരുമാനം. എന്നിട്ടും അവർ പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും മറ്റു ചില സംസ്ഥാനങ്ങളിലും കോൺഗ്രസുമായി ഒരുമിച്ച് മത്സരിക്കുന്നത് നമ്മൾ കണ്ടു. ഒരുമിച്ച് 'കൈയരിവാൾ' പോസ്റ്ററടിക്കുന്നതും ചുമരെഴുത്ത് നടത്തുന്നതും വേദികളിൽ നേതാക്കൾ ഒരുമിച്ചു പ്രസംഗിക്കുന്നതും നാട്ടുകാർ കണ്ടു.
സാധാരണ ഗതിയിൽ ഇതിന് സഖ്യം, മുന്നണി എന്നൊക്കെയാണ് പറയുന്നതെങ്കിലും അതു സി.പി.എമ്മുകാർ സമ്മതിച്ചുതരില്ല. കോൺഗ്രസുമായുള്ളത് നീക്കുപോക്ക്, മറ്റു പാർട്ടികളുമായുള്ളത് സഖ്യം എന്നൊക്കെ അവർ സൈദ്ധാന്തികമായി തന്നെ പറഞ്ഞുതരും. എന്നാലും നമ്മൾക്ക് സംശയം തീരില്ലെങ്കിലും കൂടുതൽ ചോദിക്കാതിരിക്കുന്നതാണ് നല്ലത്. അവരുടെ സൈദ്ധാന്തിക മറുപടി കേട്ട് നമ്മുടെ തലപെരുത്തുപോകും.
അതുകൊണ്ട് കൂടുതലൊന്നും ചോദിക്കാതെ കണ്ണൂർ പാർട്ടി കോൺഗ്രസിന്റെ തീരുമാനവും മനസ്സിലായെന്ന് നമുക്ക് തലകുലുക്കി സമ്മതിച്ചേക്കാം. കേരളത്തിനു പുറത്ത് എവിടെയെങ്കിലും ഒരു സീറ്റെങ്കിലും സി.പി.എമ്മിനു കിട്ടണമെങ്കിൽ കോൺഗ്രസുമായി ചേർന്നോ അല്ലെങ്കിൽ ഏതെങ്കിലുമൊക്കെ തരത്തിൽ കോൺഗ്രസിന്റെ സഹായം സ്വീകരിച്ചോ മത്സരിക്കണമെന്നതിനാൽ ബംഗാൾ, തമിഴ്നാട് മോഡൽ കൂട്ടുമത്സരങ്ങൾ ഇനിയുമുണ്ടാകുമെന്നുറപ്പ്. അതൊക്കെ കണ്ടാലും സഖ്യമാണെന്ന് ആരും പറഞ്ഞേക്കരുത്. വെറുതെ എന്തിനാണ് അതൊക്കെ പറഞ്ഞ് ബൂർഷ്വ, പിന്തിരിപ്പൻ, വലതുപക്ഷ ഫാസിസ്റ്റ് എന്നൊക്കെയുള്ള പട്ടങ്ങൾ വാങ്ങിക്കൂട്ടുന്നത്.
പിന്നെ ഇതൊക്കെയോർത്ത് നമ്മൾ ബേജാറാകേണ്ട കാര്യമില്ലല്ലോ. ബേജാറാകേണ്ടത് കോൺഗ്രസ് നേതാക്കളാണ്. രാജ്യമാകെ പടർന്നുകിടക്കുന്ന സി.പി.എം കൂടെ കൂട്ടിയില്ലെങ്കിൽ കോൺഗ്രസിന് എവിടെയും കെട്ടിവച്ച കാശ് തിരിച്ചുകിട്ടില്ലല്ലോ.
തോമസ് മാഷിന്റെ
മതേതര പ്രതിബദ്ധത
ഇന്ത്യാമഹാരാജ്യത്തിന്റെ മഹാഭാഗ്യത്തിന് മതേതരത്വത്തോട് വിട്ടുവീഴ്ചയില്ലാത്ത കുറേയാളുകൾ ഇവിടെയുണ്ട്. മതേതരത്വം സംരക്ഷിക്കാൻ അവർ എന്തും ചെയ്യും. ഏതറ്റം വരെയും പോകും.അക്കൂട്ടത്തിലൊരാളാണ് കെ.വി തോമസ് മാഷ്. ഇക്കാലമത്രയും അദ്ദേഹം ജീവിച്ചത് മതേതരത്വത്തിനു വേണ്ടിയാണ്. കുമ്പളങ്ങിയിലെ കായൽ ജലത്തിൽനിന്ന് ലീഡർ കരുണാകരൻ കണ്ടെടുത്ത മതേതര മുത്താണ് തോമസ് മാഷെന്ന് പറയുന്ന കോൺഗ്രസുകാർ ധാരാളമുണ്ട്. അതു കേട്ടിട്ടില്ലാത്ത ആരെങ്കിലുമുണ്ടെങ്കിൽ എറണാകുളത്തു പോയി അന്വേഷിച്ചാൽ മതി.
രാഷ്ട്രീയ നേതാക്കളിൽ അധികമാളുകൾക്കും മതേതരത്വം സംരക്ഷിക്കണമെങ്കിൽ അധികാരം വേണം. അക്കൂട്ടത്തിലൊരാളാണ് തോമസ് മാഷ്. പാർട്ടി കോൺഗ്രസായതുകൊണ്ടും ലീഡറുടെ വത്സലശിഷ്യനായതുകൊണ്ടും അദ്ദേഹത്തിന് അതിനുള്ള അവസരങ്ങൾ ധാരാളം കിട്ടി. അഞ്ചു തവണ ലോക്‌സഭാംഗവും രണ്ടു തവണ എം.എൽ.എയുമായി. ഓരോ തവണ കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയുമായി. കുമ്പളങ്ങിയിൽനിന്ന് രുചിയേറിയ തിരുത മീൻ ഡൽഹിയിലെ ദേശീയ നേതാക്കൾക്ക് കൊണ്ടുപോയി കൊടുത്താണ് അതൊക്കെ നേടിയെടുത്തതെന്ന് കോൺഗ്രസിലെ ചില അസൂയാലുക്കൾ പറയാറുണ്ട്. നമ്മളതൊന്നും കാര്യമാക്കേണ്ട.
അങ്ങനെ ഒരുപാട് കാലം അധികാര പദവികളിലിരുന്ന് ഭംഗിയായി മതേതരത്വം സംരക്ഷിച്ച തോമസ് മാഷിന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചപ്പോൾ അദ്ദേഹം ഖിന്നനായി. എങ്ങനെയെങ്കിലും മതേതരത്വം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധനായ അദ്ദേഹം ബി.ജെ.പിയുടെ പടിവാതിൽക്കൽ വരെ കാലെടുത്തുവച്ചതായി വാർത്തയുണ്ടായിരുന്നു. കോൺഗ്രസിന്റെ ചില ദേശീയ നേതാക്കൾ 'അയ്യോ മാഷേ പോകല്ലേ...' എന്ന് വിലപിച്ച് അദ്ദേഹത്തെ പിന്തരിപ്പിച്ചതായും വാർത്തയുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് നേതാക്കൾ വാക്കാൽ ഉറപ്പു നൽകിയതായും കിംവദന്തി പരന്നിരുന്നു. എന്നാൽ നിയമസഭയിലേക്കും അദ്ദേഹത്തിന് സീറ്റ് നൽകിയില്ല. അതോടെ അദ്ദേഹത്തിന്റെ ഖിന്നത കൂടി. മതേതര സംരക്ഷണത്തിന് അവസരം കിട്ടാതെ ഒരുപാടു കാലം അടങ്ങിയിരിക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടു തോന്നിയതിൽ തെറ്റൊന്നുമില്ല.
എതിർചേരിയിലെ ഖിന്നരെ സെമിനാറിലൂടെയും മറ്റും കൂടെ കൂട്ടുക എന്നത് സി.പി.എമ്മിന്റെ പതിവു രീതിയാണ്. സി.പി.എം നേതാക്കൾ തോമസ് മാഷിനെ നോട്ടമിട്ടത് സ്വാഭാവികം.അവർ കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. പണ്ട് ഫ്രഞ്ച് ചാരക്കേസിന്റെ പേരിൽ തന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചവരാണെങ്കിലും വിഷമാവസ്ഥയിൽ സഹായഹസ്തം നീട്ടിയപ്പോൾ മാഷ് ക്ഷണം സ്വീകരിച്ചു. എന്നാൽ കെ. സുധാകരനെപ്പോലുള്ള ചില കോൺഗ്രസ് നേതാക്കൾക്ക് അതു സഹിക്കാവുന്നതായിരുന്നില്ല. അവർ ഹൈക്കമാൻഡിൽ പോയി പരാതി പറഞ്ഞ് അദ്ദേഹത്തിന്റെ കണ്ണൂർ യാത്ര മുടക്കാൻ ശ്രമിച്ചു.എന്നാൽ അതിനൊന്നും വഴങ്ങുന്നയാളല്ലല്ലോ തോമസ് മാഷ്. അദ്ദേഹം അതൊന്നും വകവയ്ക്കാതെ കണ്ണൂരിലേക്ക് പുറപ്പെട്ടു. മതേതരത്വം സംരക്ഷിക്കാനുള്ള സെമിനാറിലേക്കാണ് പോകുന്നതെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതോടെ അദ്ദേഹത്തിനെതിരേ കോൺഗ്രസ് നടപടി സ്വീകരിക്കുമെന്നും ഉറപ്പായി.
എന്തു നടപടി വന്നാലും, സി.പി.എമ്മിനൊപ്പം നിന്നായാലും മതേതരത്വം സംരക്ഷിച്ചേ അടങ്ങൂ എന്ന ഉറച്ച നിലപാടിലാണിപ്പോൾ മാഷ്. സി.പി.എമ്മിൽ അതിന് അവസരവുമുണ്ട്. തൃക്കാക്കര നിയമസഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വരുന്നുണ്ട്. യു.ഡി.എഫ് വിജയിക്കുന്ന ആ മണ്ഡലം പിടിച്ചെടുക്കാൻ കോൺഗ്രസിൽനിന്ന് വരുന്ന എറണാകുളം ജില്ലയിലെ ഒരു നേതാവിനോളം പറ്റിയ ആൾ വേറെയില്ല. ഇനി അതു പോരെങ്കിൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലും സാധ്യതയുണ്ട്. ഏതു പാർട്ടിയിലിരുന്നായാലും മതേതരത്വം സംരക്ഷിച്ചാൽ മതിയല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."