ചവിട്ടിപ്പുറത്താക്കാനാവില്ല, അവസാന ശ്വാസം വരെ കോണ്‍ഗ്രസുകാരനായി തുടരും- കെ.വി തോമസ്
തിരുവനന്തപുരം: തന്നെ കോണ്‍ഗ്രസില്‍ നിന്ന് ചവിട്ടിപ്പുറത്താക്കാനാവില്ലെന്ന് കെ.വി തോമസ്. അവസാന ശ്വാസം വരെ കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ വി തോമസിനെതിരെയുള്ള നടപടി ഇന്ന് ചേരുന്ന കോണ്‍ഗ്രസ് അച്ചടക്ക സമിതി ചര്‍ച്ച ചെയ്യാനിരിക്കെയാണ് പ്രതികരണം. പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് കെപിസിസി കടുത്ത നടപടി ആവശ്യപ്പെട്ടിരുന്നു. കെപിസിസി നല്‍കിയ കത്ത് സോണിയ ഗാന്ധി അച്ചടക്ക സമിതിക്ക് കൈമാറി.
തനിക്ക് ലഭിച്ച ഒരു പദവിയും ഔദാര്യമല്ലെന്ന് തോമസ് വ്യക്തമാക്കി. എനിക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് വേറെ നിയമവുമാണ്. സാമൂഹിക മാധ്യമങ്ങളിലെ ആക്രമണം നേതാക്കളുടെ അറിവോടെയെന്നും കെവി തോമസ് പ്രതികരിച്ചു.
കെ വി തോമസിനെതിരായ പരാതിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. കെ വി തോമസും സിപിഎമ്മും ആഗ്രഹിക്കുന്നത് അച്ചടക്ക നടപടിയാണെന്ന് നേതൃത്വം വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ നടപടി ക്രമങ്ങള്‍ പാലിച്ചു സാവധാനം മുന്നോട്ട് പോയാല്‍ മതിയെന്നാണ് അച്ചടക്ക സമിതിയുടെ തീരുമാനം. എ കെ ആന്റണി അധ്യക്ഷനായ സമിതി ഇന്ന് യോഗം ചേര്‍ന്നു കെ വി തോമസിന് കാരണംകാണിക്കല്‍ നോട്ടിസ് നല്‍കാണ് സാധ്യത.
കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ സംസാരിച്ചതിന്റെ ദൃശ്യങ്ങള്‍ കൂടി സമിതി പരിശോധിക്കും. കെ വി തോമസിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിക്കായി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കെ വി തോമസ് കടുത്ത വാക്കുകള്‍ ഉപയോഗിക്കുമ്പോഴും സുധാകരന്‍ ഒഴികെയുള്ള നേതാക്കള്‍ മൃദുസമീപനം തന്നെയാണ് സ്വീകരിക്കുന്നത്. കെ വി തോമസ് അച്ചടക്ക ലംഘനം നടത്തിയെന്നതില്‍ നേതാക്കള്‍ക്ക് സംശയമില്ലെങ്കിലും കെപിസിസി നേതൃത്വം പക്വതയില്ലാതെ കൈകാര്യം ചെയ്തതാണ് പ്രശ്‌നം കൂടുതല്‍ വഷളാകാന്‍ കാരണമെന്ന് പലര്‍ക്കും അഭിപ്രായമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."