പടരുന്നു; നിഗ്രഹോത്സുക വംശീയത
'നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ/ നിങ്ങളവരുടെ നിറഞ്ഞകണ്ണുകള്‍ ചുഴ്‌ന്നെടുക്കുന്നോ/ നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്...'
1978ലായിരുന്നു 'കുറത്തി' എന്ന കവിതയില്‍ കടമ്മനിട്ട രാമകൃഷ്ണന്‍ ഈ വരികള്‍ കുറിച്ചിട്ടത്. കാലങ്ങള്‍ക്കിപ്പുറവും ആദിവാസിക്കൊലയില്‍ മനസ്താപലേശമന്യേ അഭിരമിക്കുകയാണ് 'ആഭിജാത്യ കേരളം'.
ഭാര്യയുടെ പ്രസവത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ കല്‍പ്പറ്റ വെള്ളാരംകുന്ന് കോളനിയിലെ വിശ്വനാഥനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം വളഞ്ഞിട്ട് മര്‍ദിച്ചത്. ഉടലിലേറ്റ പരുക്കുകളേക്കാള്‍ ബന്ധുക്കളുടെ മുന്നില്‍ കള്ളനെന്ന് മുദ്രയടിക്കപ്പെട്ടതിന്റെ വേദനയില്‍ ഓടി രക്ഷപ്പെട്ട യുവാവിനെ ശനിയാഴ്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വംശീയമായി സംഘടിച്ച ആക്രമണോത്സുക ആള്‍ക്കൂട്ടം മാത്രമല്ല ആത്മാഭിമാനിയായ ആദിവാസി യുവാവിന്റെ മരണത്തിന് ഉത്തരവാദികള്‍. സഹോദരനെ കാണാനില്ലെന്ന പരാതിയുമായെത്തിയ ബന്ധുക്കളെ അവജ്ഞയോടെ പരിഹസിച്ചയച്ച കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനിലും അവസാനിക്കില്ല ഈ രക്തത്തിന്റെ പങ്ക്. മേനിനടിക്കുന്ന പൈതൃകവും നവോത്ഥാനവും സാംസ്‌കാരികപ്പെരുമയും ആവര്‍ത്തിച്ച് ഉദ്‌ഘോഷിക്കുന്ന നമ്മള്‍ ഓരോരുത്തരും വയനാട്ടിലെ ആദിവാസി യുവാവിന്റെ മരണത്തിന് കണക്കുപറയേണ്ടിവരും. എങ്കിലും വിശ്വനാഥന്റെ മരണത്തിന് ആദ്യ ഉത്തരവാദി ഭരണകൂടംതന്നെയാണ്. ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതുകൊണ്ടു മാത്രമാണ് ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കാന്‍ ഹിംസാത്മക മനസുള്ള ജനക്കൂട്ടത്തിന് ധൈര്യം വരുന്നത്.
ജനിച്ച ഗോത്രത്തിന്റെയും വളര്‍ന്ന നാടിന്റെയും ധരിച്ച വസ്ത്രത്തിന്റെയും ഉടലിലെ കറുപ്പിന്റെയും പേരില്‍ ഇതാദ്യമായല്ല കേരളത്തില്‍ ആദിവാസികള്‍ വേട്ടയാടപ്പെടുന്നത്. അട്ടപ്പാടിയില്‍ മോഷണക്കുറ്റം ചുമത്തി മധു എന്ന ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് 2018 ഫെബ്രുവരി 22നായിരുന്നു. അഞ്ചു വര്‍ഷത്തിനിപ്പുറം മറ്റൊരു ഫെബ്രുവരിയില്‍ സമാന കുറ്റം ചുമത്തി വിശ്വനാഥനെയും പരിഷ്‌കൃതർ എന്നു പറയുന്ന നമ്മൾ മരണത്തിലേക്ക് ആട്ടിപ്പായിച്ചിരിക്കുന്നു.
വിവാഹം കഴിഞ്ഞ് എട്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞുണ്ടായതിന്റെ സന്തോഷത്തിലായിരുന്നു വിശ്വനാഥന്‍. കടിഞ്ഞൂല്‍ക്കനിയുടെ കന്നിക്കാഴ്ചയിൽ അയാള്‍ പ്രാർഥിച്ചത്, കുഞ്ഞിനോടൊപ്പം കഴിയാന്‍ 15 വര്‍ഷമെങ്കിലും ആയുസ് തരണേ എന്നായിരുന്നു. അങ്ങനെയുള്ള ഒരാള്‍ ആത്മഹത്യ ചെയ്യില്ലെന്ന് സഹോദരന്‍ ഗോപി ഉറപ്പിച്ചുപറയുന്നു.
'അമ്മയുടെ കൈയില്‍ 4000 രൂപയുണ്ടായിരുന്നു. ആശുപത്രിച്ചെലവിന് ബാങ്കില്‍നിന്ന് 6000 രൂപയും എടുത്തു. അതുകൊണ്ടുതന്നെ മറ്റാരുടെയും ഒരു സാധനവും വിശ്വനാഥന്‍ എടുക്കില്ലെന്ന്' ഭാര്യ ബിന്ദു കരച്ചിലിനിടയിലൂടെ പറയുന്നതും കേരളം കേട്ടു. വാസ്തവത്തില്‍ ഇത്രയും തുക ഒരു ആദിവാസി യുവാവിന്റെ കൈയില്‍ ഒന്നിച്ചു കണ്ടതാണ് അവിടെ കൂടിയവരില്‍ സംശയം ജനിപ്പിച്ചത്. മൊബൈല്‍ ഫോണ്‍ മോഷണമൊക്കെ, പിന്നീട് മെനഞ്ഞുണ്ടാക്കിയ നുണക്കഥ മാത്രം. വിശ്വനാഥന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണം നിസ്സാരമല്ല. വാഴകൃഷി ചെയ്ത് കുടുംബം പുലര്‍ത്തുന്ന അയാള്‍ക്ക് മറ്റൊരാളുടെ ഫോണ്‍ മോഷ്ടിക്കേണ്ട കാര്യവുമില്ല.
പരാതി നല്‍കാന്‍ പൊലിസ് സ്‌റ്റേഷനിലെത്തിയപ്പോള്‍, മദ്യപിച്ച് പ്രശ്‌നമുണ്ടാക്കാന്‍ വന്നതാണോ എന്നായിരുന്നു ബന്ധുക്കളോട് മെഡിക്കല്‍ കോളജ് പൊലിസിന്റെ ചോദ്യം. പരാതി നല്‍കിയ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലിസ് തയാറായില്ലെന്നും സഹോദരന്‍ വിനോദ് പറയുന്നു. അച്ഛനായതിന്റെ ആഹ്ലാദം അലതല്ലുന്ന ഒരാള്‍ എത്രമേല്‍ മുറിവേല്‍ക്കപ്പെട്ടാലും ജീവനൊടുക്കില്ലെന്നത് സാമാന്യ ബോധമുള്ളവർക്ക് മനസിലാക്കാവുന്നതേയുള്ളൂ. പൊലിസ് നീതിപൂര്‍വം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇത്തരമൊരു ദാരുണ സംഭവം ഉണ്ടാകില്ലായിരുന്നു. അട്ടപ്പാടിയിലെ മധുവിന്റെ കേസിലും പൊലിസിന്റെ വീഴ്ച പ്രകടമായിരുന്നു.
പണ്ടുതൊട്ടേ സ്വയംപര്യാപ്തി കൈവരിച്ചവരാണ് ആദിവാസി സമൂഹം. അവരുടെ ഭൂമിയും ആവാസവ്യവസ്ഥയും പരിഷ്‌കൃതരെന്നു നടിക്കുന്ന നമ്മള്‍ കൊള്ളയടിക്കുകയായിരുന്നു. ആദിവാസികളെ മുഖ്യധാരയിലെത്തിക്കാന്‍ മാറിവരുന്ന സര്‍ക്കാരുകള്‍ പല പദ്ധതികളും ആവിഷ്‌കരിക്കാറുണ്ട്. ഇങ്ങനെ മുഖ്യധാരയിലേക്ക് വന്ന ഒരു യുവാവിനെയാണ് നമ്മള്‍ വ്യാജം പറഞ്ഞ് അപമാനിച്ചും കൂട്ടംചേര്‍ന്ന് മര്‍ദിച്ചും മരണത്തിലേക്കെറിഞ്ഞത്. ഒരാളുടെ രൂപംപോലും അയാളെ കള്ളനോ കൊലപാതകിയോ ആക്കുന്നതിന് കാരണമാകുമെങ്കില്‍ ചികിത്സ വേണ്ടത് നാഴികയ്ക്കു നാല്‍പ്പതുവട്ടം പുരോഗമനം വിളിച്ചുകൂവുന്ന കേരളീയ പൊതുബോധത്തിനു തന്നെയാണ്.
വര്‍ഗസമത്വവും തുല്യനീതിയും രാഷ്ട്രീയ നേതാക്കള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമൊക്കെ തരാതരം പോലെ എടുത്തുപയോഗിക്കാവുന്ന വിശേഷണപദങ്ങള്‍ മാത്രമാണ്. ജാതിവിവേചനവും നീതിവിവേചനവും തന്നെയാണ് ഇപ്പോഴും നമ്മുടെ മനോഭാവങ്ങളെ നിര്‍ണയിക്കുന്നത്. അതുകൊണ്ടാണ് മനുഷ്യൻ്റെ നിറവും നില്‍പ്പും നടപ്പും പെരുമാറ്റവുമൊക്കെ ഒരാളെക്കുറിച്ചുള്ള മുന്‍വിധി നിശ്ചയിക്കുന്നതിന് ഹേതുവാകുന്നത്. കറുത്തവന്‍ മോഷ്ടാവും വെളുത്തവന്‍ പരമയോഗ്യനും ആകുന്നതും ഈ വംശവിവേചന മനോഭാവം കൊണ്ടാണ്.
വിശ്വനാഥന്റെ മരണത്തില്‍ വൈകിയാണെങ്കിലും പൊലിസ് കേസെടുക്കുകയും മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുകയുമൊക്കെ ചെയ്തിട്ടുണ്ട്. ഇനി കോഴിക്കോട് മെഡിക്കല്‍ കോളജിലെ സി.സി.ടി.വി പരിശോധിച്ച് കുറച്ചുപേരെ കസ്റ്റഡിയില്‍ എടുത്തെന്നുമിരിക്കും. എഫ്.ഐ.ആറില്‍ പക്ഷേ, പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകളായിരിക്കും ഏറെയും. കേസ് കോടതിയിലെത്തുമ്പോള്‍ പക്ഷേ, മധു വധക്കേസിലേതുപോലെ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറാനും സാധ്യത ഏറെയാണ്. പ്രതിപ്പട്ടിക ആവിയായിപ്പോകാം. നീതി എന്നത് സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ളവര്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്ന്, നിസ്സഹായമായ ന്യായവിധികളെ നോക്കി പ്രതിപ്പട്ടികയിലുള്ളവര്‍ പരിഹസിക്കുകയും ചെയ്തേക്കാം.
ദലിത്, ആദിവാസി ജനവിഭാഗങ്ങളോട് ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പുലര്‍ത്തുന്ന ജാഗ്രതയ്ക്കും ഉത്തരവാദിത്വ നടപടികള്‍ക്കും തിരിച്ചടിയുണ്ടാക്കുന്നതാണ് വിശ്വനാഥന്റെ മരണം. അതുകൊണ്ട് അറിഞ്ഞോ അറിയാതെയോ പോലും ഗോത്രവിഭാഗങ്ങളെ നോവിക്കുന്ന ഒന്നും ഇടതുഭരണത്തില്‍ സംഭവിക്കാന്‍ പാടില്ല. സംഭവിച്ചാല്‍ കടമ്മനിട്ട പാടിയതുപോലെ മുടിപറിച്ച് നിലത്തടിച്ച്, കുലമടച്ച് അവര്‍ കാടിറങ്ങും; എങ്ങോട്ടെന്നില്ലാതെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."