22 പ്രധാനമന്ത്രിമാർ; ആരും കാലാവധി തികച്ചില്ല
ഇസ്‌ലാമാബാദ്
അഞ്ചുവർഷമെന്ന കാലാവധി തികയ്ക്കാത്ത പ്രധാനമന്ത്രിമാരുടെ നാടെന്ന 'ഖ്യാതി' പാകിസ്താനെ വിടാതെ പിടിച്ചിരിക്കുകയാണ്. 1947ൽ ഇന്ത്യക്കൊപ്പം സ്വതന്ത്രമായത് മുതൽ പാകിസ്താനിൽ രാഷ്ട്രീയ അസ്ഥിരത പതിവാണ്. സ്വതന്ത്ര പാകിസ്താനിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാൻ കാലാവധി പൂർത്തിയാകാൻ ഒരുവർഷം ശേഷിക്കാനിരിക്കെ കൊല്ലപ്പെടുകയായിരുന്നു.
1951 ഒക്ടോബർ 17 മുതൽ 1953 ഏപ്രിൽ 17 വരെ അധികാരത്തിലിരുന്ന സർ ഖ്വാജ നാസിമുദ്ദീൻ ആണ് പാകിസ്താനിലെ രണ്ടാമത്തെ പ്രധാനമന്ത്രി. തുടർന്ന് മുഹമ്മദ് അലി ബോഗ്രയുടെ ഊഴം. 1953 ഏപ്രിൽ മുതൽ 1955 ഓഗസ്റ്റ് വരെയായിരുന്നു ഭരണകാലം. പിന്നീട് 1955 ഓഗസ്റ്റ് മുതൽ 1956 സെപ്റ്റംബർ വരെ ചൗധരി മുഹമ്മദലി ഭരിച്ചു. ഈ നാലുപേരും മുസ് ലിം ലീഗ് പ്രതിനിധികളയിരുന്നു.
തുടർന്നുവന്ന ഹുസൈൻ ഷഹീദ് സുഹ്‌റവർദിയാണ് ആദ്യ മുസ്‌ലിം ലീഗിതര പ്രധാനമന്ത്രി. അവാമി ലീഗുകാരനായ സുഹ്‌റവർദി 1956 സെപ്റ്റംബർ മുതൽ 1957 ഒക്ടോബർ വരെയാണ് പദവിയിലിരുന്നത്. ഇബ്രാഹീം ഇസ്മാഈൽ ചൗന്ദ്രിഗർ (1957 ഒക്ടോബർ മുതൽ ഡിസംബർ വരെ- 60 ദിവസം) ആണ് ആറാമത്തെ പ്രധാനമന്ത്രി. ശേഷക്കാരനായ റിപബ്ലിക്കൻ പാർട്ടിയുടെ സർ ഫിറോസ് ഖാൻ നൂൻ ഒരുവർഷം പോലും തികച്ചില്ല. എട്ടാമത്തെ പ്രധാനമന്ത്രി നൂറുൽ അമീൻ കേവലം 13 ദിവസം മാത്രമാണ് ആ കസേരയിലിരുന്നത്. ഇതിനിടെ ഇടയ്ക്കിടെ പട്ടാളഭരണവും.
തുടർന്നാണ് സുൽഫിക്കർ അലി ഭൂട്ടോയുടെ വരവ്. ആദ്യവരവിൽ 1973 ഓഗസ്റ്റ് മുതൽ 1977 ജൂലൈ വരെ ഭൂട്ടോ ഭരിച്ചു. രാജ്യം വീണ്ടും എട്ടുവർഷത്തോളം പട്ടാളഭരണത്തിൽ. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായ മുഹമ്മദ് ഖാൻ ജുനെജോ പ്രധാനമന്ത്രിയായി മൂന്നേകാൽ വർഷം ഭരിച്ചു. വീണ്ടും മാസങ്ങളുടെ രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ ഭൂട്ടോയുടെ മകൾ ബേനസീർ ഭൂട്ടോ പ്രധാനമന്ത്രിയായി. 1988 ഡിസംബർ മുതൽ 1990 ഓഗസ്റ്റ് വരെയാണ് ഭരണം. പന്ത്രണ്ടാമത്തെ പ്രധാനമന്ത്രിയായി നവാസ് ഷരീഫെത്തി, 1990 നവംബർ മുതൽ 1993 ഏപ്രിൽ വരെയാണ് അദ്ദേഹം പദവിയിലിരുന്നത്.
ബേനസീർ ഭൂട്ടോയും (1993 ഓക്ടോബർ മുതൽ 1996 നവംബർ വരെ) നവാസ് ഷരീഫും (1997 ഫെബ്രുവരി മുതൽ 1999 ഒക്ടബോർ വരെ) ഒരിക്കൽക്കൂടി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നുവർഷത്തെ അനിശ്ചിതത്വത്തിന് ശേഷം പാകിസ്താൻ മുസ്‌ലിം ലീഗ് (ക്യു) നേതാവ് മിർ സഫറുല്ല ഖാൻ ജമാലി പാകിസ്താന്റെ 15ാമത് പ്രധാനമന്ത്രിയായി. ഒരുവർഷവും 216 ദിവസവുമായിരുന്നു കാലാവധി.
57 ദിവസം മാത്രം പ്രധാനമന്ത്രിയായ ചൗധരി ശുജാഅത്ത് ഹുസൈന്റെ ഊഴമായിരുന്നു അടുത്തത്. പി.എം.എലി(ക്യു)ന്റെ തന്നെ ഷൗക്കത്ത് അസീസ് 2004 ഓഗസ്റ്റ് മുതൽ 2007 നവംബർ വരെ പ്രധാനമന്ത്രിയായി. ശേഷം പി.പി.പിയുടെ യൂസുഫ് റസാ ഗിലാനിയുടെയും (നാലുവർഷവും 86 ദിവസവും) രാജ പർവേസ് അഷ്‌റഫിന്റെയും (275 ദിവസം) കാലമായിരുന്നു. തുടർന്ന് നവാസ് ഷരീഫ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ അദ്ദേഹം നാലുവർഷവും 53 ദിവസവും (2013 ജൂൺ മുതൽ 2017 ജൂലൈ വരെ) ഭരിച്ചു. ഒമ്പത് വർഷത്തോളം അധികാരത്തിലിരുന്ന നവാസ് ഷരീഫ് തന്നെയാണ് പാകിസ്താനിൽ കൂടുതൽ കാലം പ്രധാനമന്ത്രിയായ വ്യക്തിയും.
നവാസിന്റെ തന്നെ പാർട്ടിയിലെ ഷാഹിദ് ഖാകൻ അബ്ബാസി തുടർന്നുള്ള പത്തുമാസം പ്രധാനമന്ത്രിയായി. ഈ സർക്കാരിന്റെ കാലാവധി പൂർത്തിയായതിനെത്തുടർന്ന് 2018 ഓഗസ്റ്റിൽ നടന്ന തെരഞ്ഞെടുപ്പിലാണ് പി.ടി.ഐ നേതാവായ ഇമ്രാൻഖാൻ അധികാരത്തിൽ വന്നത്. മൂന്നുവർഷവും 235 ദിവസവുമാണ് ഖാൻ പ്രധാനമന്ത്രി കസേരയിലിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."