വ്രതവും വിരുന്നും; പ്രഭചൊരിഞ്ഞ് പ്രഭാകരൻ ഇഫ്താർ-സ്നേഹസംഗമം മതസൗഹാർദത്തിന് മാറ്റുകൂട്ടി
നൂറുൽ ആബിദ് നാലകത്ത്
വളാഞ്ചേരി
മതങ്ങളുടെ മാനവികത മരവിച്ചുപോവുകയും വേർതിരിവുകൾ സൃഷ്ടിച്ച് മനുഷ്യർക്കിടയിൽ മതിലുകൾ തീർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പുതിയ കാലത്ത് സൗഹൃദത്തിന്റെ വിഭവങ്ങളുമായി ഒരു നോമ്പുതുറ. 34 വർഷം തുടർച്ചയായി വ്രതാനുഷ്ഠാനം നിർവഹിക്കുന്ന പ്രഭാകരനാണ് വീട്ടിൽ ഇഫ്താർ വിരുന്നും സ്നേഹസംഗമവും നടത്തി വേറിട്ട അനുഭവം സമ്മാനിച്ചത്. പുറത്ത് നിലവിളക്കിൽ തിരിതെളിയുമ്പോൾ അകത്ത് വിശുദ്ധ റമദാനിന്റെ ആത്മനിർവൃതിയിൽ നിസ്കരിക്കുന്ന വേദിയായി കോട്ടീരി പൊന്നാത്ത് വീട്.
34 വർഷമായി മുടങ്ങാതെ റമദാൻ നോമ്പെടുക്കുന്നുണ്ട് വളാഞ്ചേരി സ്വദേശി വെസ്റ്റേൺ പ്രഭാകരൻ.
1988ൽ സുഹൃത്തും പത്രപ്രവർത്തകനുമായ മുഹമ്മദ് മുസ്തഫ എന്ന മുത്തുവിന്റെ പ്രേരണയിലാണ് റമദാൻ വ്രതം തുടങ്ങിയത്. 10 ദിവസത്തെ വ്രതമെടുക്കാമെന്ന് കരുതിയെങ്കിലും ഇപ്പോൾ 34ാം വർഷത്തിൽ എത്തിനിൽക്കുകയാണ്. ഇതിനിടയിൽ ചെറിയ ശസ്ത്രക്രിയയെ തുടർന്ന് വളരെ കുറച്ചു ദിവസത്തെ നോമ്പ് മാത്രമാണ് നഷ്ടപ്പെടുത്തിയത്.
വ്രതമെടുത്ത് തുടങ്ങിയപ്പോൾ മനസിനും ശരീരത്തിനും ഉന്മേഷം ലഭിച്ചു. ഇതാണ് വർഷങ്ങളോളം തുടരാൻ പ്രഭാകരനെ പ്രേരിപ്പിച്ചത്. അത്താഴത്തിനും നോമ്പുതുറക്കും പഴങ്ങളും പച്ചക്കറികളുമടങ്ങിയ മിതമായ ഭക്ഷണമാണ് രീതി. എല്ലാ വർഷവും മത-ജാതി-രാഷ്ട്രീയ വ്യത്യാസമില്ലാതെ ആളുകളെ ഉൾപ്പെടുത്തി സ്വന്തം വീട്ടിൽ ഇഫ്താർ സംഗമവും പ്രഭാകൻ നടത്താറുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി 14 വർഷം മുമ്പ് ആരംഭിച്ച വളാഞ്ചേരി ആസ്ഥാനമായുള്ള ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫെയർ ഫോറത്തിൻ്റെ ചീഫ് കോഡിനേറ്ററാണ് പ്രഭാകരൻ.
അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സൗജന്യമായി ആംബുലൻസ്, ഫ്രീസർ, മരുന്ന് വിതരണം, ഡയാലിസിസ് സെൻ്റർ, ലൈബ്രറി, കൗൺസലിങ്, കുടിവെള്ള വിതരണം, ഓക്സിജൻ വിതരണം, പാവപ്പെട്ടവർക്ക് വീട് നിർമിച്ചു കൊടുക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ചെഗുവേര ഫോറം നടത്തിവരികയാണ്.
സ്നേഹസംഗമത്തിൽ കക്കാട് മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ഡോ. കെ.ടി ജലീൽ എം.എൽ.എ, പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, നോവലിസ്റ്റ് പി. സുരേന്ദ്രൻ, അജിത് കൊളാടി, വി. ഉണ്ണികൃഷ്ണൻ, ആര്യ മഹർഷി, മുനീർ ഹുദവി വിളയിൽ, സലിം കുരുവമ്പലം, സംവിധായകൻ സക്കറിയ, നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, ചെഗുവേര ഫോറം പ്രസിഡന്റ് വി.പി.എം സാലിഹ് എന്നിവർ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."