കേന്ദ്രത്തെ നിയന്ത്രിക്കുന്നത് ആര്‍.എസ്.എസ്; അതിനാലാണ് അവരുമായി ചര്‍ച്ച നടത്തിയതെന്ന് ജമാഅത്തെ ഇസ്‌ലാമി
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സംഘടനയാണ് ആര്‍ എസ് എസ് എന്നത് കൊണ്ടാണ് അവരുമായി രാജ്യത്തെ പ്രമുഖ മുസ്‌ലിം സംഘടനകള്‍ ചര്‍ച്ചക്ക് തയ്യാറായതെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി ആരിഫലി. ഒരു പ്രമുഖ ദേശീയമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'ആര്‍ എസ് എസ് കേന്ദ്ര സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സംഘടനയാണ് എന്നത് സത്യമാണ്. അത് ഉള്‍ക്കൊണ്ടകൊണ്ടാണ് ചര്‍ച്ച നടത്തിയത്. മുന്‍ തെരഞ്ഞെടുപ്പ് കണ്‍വീനര്‍ എസ് വൈ ഖുറേഷി, ഡല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ നജീബ് ജംഗ്, ഷാഹിദ് സിദ്ധിഖീ, സഈദ് ഷെര്‍വാണി തുടങ്ങിയവര്‍ കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ തന്നെ ആര്‍ എസ് എസുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലുണ്ടായ തിരുമാനങ്ങള്‍ അവര്‍ രാജ്യത്തെങ്ങുമുള്ള മുസ്‌ലിം സംഘടനാ നേതൃത്വങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു' ആരിഫലി പറഞ്ഞു.
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, ജംഇയ്യത്തുല്‍ ഉലമാ ഹിന്ദിലെ രണ്ടു വിഭാഗങ്ങള്‍ രാജ്യത്തുള്ള പ്രമുഖരായ മുസ്‌ലിം വ്യക്തിത്വങ്ങള്‍ എന്നിവരൊക്കെയാണ് ആര്‍ എസ് എസ് നേതൃത്വവുമായി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തത്. ആള്‍ക്കൂട്ടക്കൊലപാതകങ്ങളും, വിയോജിക്കുന്നവരുടെ വീടുകള്‍ക്ക് നേരെ ബുള്‍ഡോസര്‍ ചലിക്കുന്നതും ജനാധിപത്യ വിരുദ്ധതയും ഫാസിസവുമാണെന്ന് തങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
കാശി , മഥുര ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടവ ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമാണെന്ന് മോഹന്‍ഭഗവത് തങ്ങളോട് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം തങ്ങളുടെ കേന്ദ്ര സമിതി എടുത്ത തിരുമാനത്തിന്റെ ഭാഗമായാണ് ആര്‍ എസ് എസ് നേതാവിനെ കണ്ടു ചര്‍ച്ചകള്‍ നടത്തിയതെന്നും വളരെ ആശാവഹമായിരുന്നു ഈ ചര്‍ച്ചകളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞമാസമാണ് ഡല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങിന്റെ വീട്ടില്‍ മുസ്‌ലിം സംഘടനാ ഭാരവാഹികള്‍ ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. മുസ് ലിം പക്ഷത്ത് നിന്ന് ജമാഅത്തെ ഇസ് ലാമി, ജംഇയ്യത്ത് ഉലമായെ ഹിന്ദ് എന്നിവയുടെ നേതാക്കള്‍, അജ്മീര്‍ ദര്‍ഗയുടെ സല്‍മാന്‍ ചിഷ്തി അടക്കം 15 പേരാണ് പങ്കെടുത്തത്. കേന്ദ്രസര്‍ക്കാരോ അല്ലെങ്കില്‍ മറ്റ് ഔദ്യോഗികകേന്ദ്രങ്ങളോ ആയിരുന്നില്ല യോഗം സംഘടിപ്പിച്ചത്.
ദേശീയ സെക്രട്ടറി മാലിക് മുഅ്തസിം ഖാനെയാണ് ആര്‍.എസ്.എസുമായുള്ള യോഗത്തിലേക്ക് ജമാഅത്തെ ഇസ് ലാമി തങ്ങളുടെ പ്രതിനിധിയായി പറഞ്ഞയച്ചത്. ചര്‍ച്ചയുടെ രണ്ടാംഘട്ടമായി ഉത്തരേന്ത്യയിലെ ബറേല്‍വി, ദയൂബന്തി വിഭാഗം നേതാക്കളെ കാണാനും ആര്‍.എസ്.എസ് പദ്ധതിയിട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."