കെ.പി.എൽ ചാംപ്യൻ ത്രെഡ്‌സ് രണ്ടു ഗോളിന് കെ.എസ്.ഇ.ബിയെ തോൽപ്പിച്ച ഗോൾഡൻ ത്രെഡ്‌സിന് കന്നിക്കിരീടം
കോഴിക്കോട്
കെ.എസ്.ഇ.ബിയെ ഷോക്കടിപ്പിച്ചു അധികസമയത്ത് നേടിയ രണ്ട് ഗോളിന്റെ ജയവുമായി ഗോൾഡൻ ത്രെഡ്‌സ് കേരള പ്രീമിയർ ലീഗ് ചാംപ്യൻമാരായി. ഗോൾഡൻ ത്രെഡ്‌സിന്റെ കന്നിക്കിരീട നേട്ടം.
കോഴിക്കോട് കോർപറേഷൻ സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ക്യാപ്ടൻ അജയ് അലക്‌സിന്റെയും (109) ഇസ്ഹാഖ് നൂഹു സെയ്ദിന്റെയും (120) ഗോളുകളിലാണ് ഗോൾഡൻ ത്രെഡ്‌സ് കിരീടം ചൂടിയത്. നിശ്ചിതസമയത്ത് ഇരുടീമുകളും ഗോളടിക്കാതെ പിരിഞ്ഞതോടെ ചാംപ്യനെ നിശ്ചയിക്കാനുള്ള പോരാട്ടം അധികസമയത്തേക്ക് നീണ്ടു. കെ.പി.എൽ വരുന്നതിന് മുമ്പ് 2012ൽ സംസ്ഥാന ക്ലബ് ചാംപ്യൻമാരായിരുന്നു ത്രെഡ്‌സ്. നിലവിലെ റണ്ണറപ്പായ കെ.എസ്.ഇ.ബി രണ്ടാം കിരീടം ലക്ഷ്യമിട്ടായിരുന്നു എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ കെ.എസ്.ഇ.ബിക്കായിരുന്നു ജയം. 12 ഗോളുമായി ത്രെഡ്‌സിന്റെ ഘാന സ്ട്രൈക്കർ നൂഹു സെയ്ദ് ഗോൾഡൻ ബൂട്ടിന് അർഹനായി. അജയ് അലക്‌സ് ഫൈനലിലെ താരമായി.
ഗോളില്ലാ കളി
ഫൈനലിന്റെ സമ്മർദമില്ലാതെ പരിചയസമ്പന്നരായ താരങ്ങൾ പന്തുതട്ടിയതോടെ തുടക്കം കെ.എസ്.ഇ.ബിയുടെ ആക്രമണത്തോടെയായിരുന്നു. പന്തിൽ മേധാവിത്വം പുലർത്തി കളംപിടിക്കാനായി നീക്കം. ഗോൾഡൻ ത്രെഡ്‌സ് പ്രത്യാക്രമണങ്ങൾക്ക് പ്രധാന്യം നൽകി. 17ാം മിനുട്ടിൽ ലഭിച്ച മികച്ച അവസരം ഗോളി മാത്രം മുന്നിൽനിൽക്കേ ലക്ഷ്യത്തിലെത്തിക്കാൻ ത്രെഡ്‌സിന്റെ നൂഹു സെയ്ദിനായില്ല. കെ.എസ്.ഇ.ബിയുടെ ആധിപത്യം പതിയെ മാഞ്ഞുതുടങ്ങി. ഒത്തറേസിയും ഹരിശങ്കറുമായിരുന്നു മധ്യനിരയിൽ ത്രെഡ്‌സിനായി മിന്നിയത്. ഒന്നാം പകുതി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
രണ്ടാംപകുതിയിലും ത്രെഡ്‌സിന്റ മിന്നുംനീക്കങ്ങുണ്ടായി. ഗോളെന്നുറപ്പിച്ച നിരവധി നീക്കങ്ങൾ ത്രെഡ്‌സിന്റെ ഭാഗത്തുനിന്നുണ്ടായി. എന്നാൽ, കെ.എസ്.ഇ.ബിയുടെ വലകുലുക്കാൻ മാത്രം കഴിഞ്ഞില്ല. കെ.എസ്.ഇ.ബിയും ആസൂത്രിതനീക്കം നടത്തിയെങ്കിലും സ്‌കോർ ചെയ്യാനായില്ല.
ഷോക്കടിപ്പിച്ച് ത്രെഡ്‌സ്
പൂർണസമയവും സമനിലയിലായതോടെ കളി അധികസമയത്തേക്ക്. തുടർവീഴ്ചകളുമായാണ് ത്രെഡ്‌സ് തുടങ്ങിയത്. 102ാം മിനുട്ടിൽ നൂഹു സെയ്ദിന്റെ ഷോട്ട് ഹജ്മൽ രക്ഷപ്പെടുത്തി.
രണ്ട് മിനുട്ടിന് പിന്നാലെ വിശാഖിന്റെ പന്ത് ഗോളിയെ കീഴടക്കിയെങ്കിലും പുറത്തേക്ക് പോയി. ഒടുവിൽ ബോക്‌സിന് ഇടതുഭാഗത്ത് ആസിഫ് ഷഹീറിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീ കിക്കിൽ നിന്നും ത്രെഡ്‌സ് ലക്ഷ്യംകണ്ടു. അജയ് അലക്‌സിന്റ കൃത്യതയുള്ള കിക്ക് കെ.എസ്.ഇ.ബി ഗോളി ഹജ്മലിനെ കാഴ്ചക്കാരനാക്കി വലതുമൂലയിൽ പറന്നിറങ്ങി. 119ാം മിനുട്ടി നൂഹു പ്രായശ്ചിത്തം ചെയ്തു. കളിയിലെ എല്ലാ പിഴവുകൾക്കുമുള്ള മറുപടിയായി മൂന്ന് പ്രതിരോധക്കാരെ വെട്ടിയൊഴിഞ്ഞു നൂഹു തൊടുത്ത ഇടംകാലൻ കിക്ക് കെ.പി.എല്ലിലെ കന്നിക്കിരീടം ത്രെഡ്‌സിന് സമ്മാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."