മൗലാന വഹീദുദ്ദീന്‍ ഖാന്‍ ജീവിതം, സംഭാവനകള്‍, വിവാദങ്ങള്‍
പല വിഷയങ്ങളിലും മുസ്‌ലിം സമൂഹത്തിന്റെ നടപ്പ് രീതികളില്‍ നിന്നും കാഴ്ചപ്പാടുകളില്‍ നിന്നും ഭിന്നമായ നിലപാടുകള്‍ സ്വീകരിച്ച മൗലാന വഹീദുദ്ദീന്‍ ഖാന്റെ സമീപനങ്ങള്‍ കുറ്റമറ്റതല്ലെങ്കിലും വലിയൊരളവോളം സംവാദാത്മകമാണ്. ചിന്തയിലും എഴുത്തിലും സമൂഹത്തെ വിസ്മയിപ്പിച്ച ആ മഹാപ്രതിഭ തന്റേതായ ഭാഗധേയം ഇവിടെ അടയാളപ്പെടുത്തിയാണ് കടന്നു പോയത്.
1925 ലാണ് അഅ്‌സംഗഢില്‍ വഹീദുദ്ദീന്‍ ഖാന്‍ ജനിക്കുന്നത്. അക്കാലത്ത് ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് വലിയ സംഭാവനകള്‍ അര്‍പ്പിച്ച ഇടമായിരുന്നു അഅ്‌സംഗഢ്. മൗലാന ശിബിലി നുഅമാനിയേപ്പോലുള്ള മഹാ പ്രതിഭകളുടെ നാട്. നാട്ടിലെ മതപാഠശാലയില്‍ നിന്നാണ് മതപഠനം നേടുന്നത്. പിന്നീട് സ്വപ്രയത്‌നത്തിലൂടെ ഇംഗ്ലീഷ് ഭാഷയിലും ആധുനിക സാമൂഹ്യ, ശാസ്ത്ര സാങ്കേതങ്ങളിലും അവഗാഹം നേടി. സ്വാതന്ത്യ സമരം തീക്ഷ്ണമായ വേളയിലായിരുന്നു അദ്ദേഹത്തിന്റെ യൗവനം. മൗദൂദിയുമായി സൗഹൃദത്തിലായ അദ്ദേഹം ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു. ഇതോടൊപ്പം തന്നെ ഗാന്ധിയുടെ നിലപാടുകള്‍ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു. പില്‍ക്കാലത്ത് ജമാഅത്ത് ബന്ധം വേര്‍പ്പെടുത്തുകയും മൗദൂദിയുടെ ആശയങ്ങളോട് അടിസ്ഥാനപരമായി വിയോജിക്കുകയും അത് രേഖപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയം, രാഷ്ട്രം, സൈനികം എന്നീ മേഖലകളില്‍ ഇസ്‌ലാമിന്റെ പങ്കാളിത്തത്തെ അദ്ദേഹം പുനര്‍ നിര്‍വ്വചിച്ചു. ജിഹാദ് എന്നതിന് പാരമ്പര്യ പണ്ഡിതന്മാരില്‍ നിന്നും ആധുനിക പണ്ഡിതന്മാരില്‍ നിന്നും വ്യത്യസ്തമായ വ്യാഖ്യാനങ്ങള്‍ നല്‍കി. ഗാന്ധിയന്‍ ശൈലി അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചിരുന്നു.
ശൈലിയും പ്രവര്‍ത്തനവും
ലളിതമായും സൗമ്യമായും കാര്യങ്ങള്‍ വിശദീകരിക്കുന്ന ശൈലി സ്വീകരിച്ചതിനാല്‍ ഒട്ടേറെ പേര്‍ അദ്ദേഹത്തില്‍ ആകൃഷ്ടരായി. തന്റെ തൂലിക കൊണ്ട് ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതില്‍ അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കി. ചെറുതും വലുതുമായ 200 ലേറെ പുസ്തകങ്ങളില്‍ അദ്ദേഹം തന്റെ നിലപാടുകള്‍ തുറന്നെഴുതി. അപാരമായ ധിഷണാ പാടവവും കരുത്തുറ്റ തൂലികയും മുസ്‌ലിം ലോകത്തിന് നല്‍കിയ സംഭാവനകള്‍ ചെറുതല്ല. വിവിധ വിഷയങ്ങളില്‍ അദ്ദേഹത്തോട് വിയോജിക്കുമ്പോഴും അദ്ദേഹത്തിന്റെ ധൈഷണിക സംഭാവനകളെയും പ്രബോധന യജ്ഞത്തെയും മാനിക്കാന്‍ സമകാലിക പണ്ഡിതന്മാരെല്ലാം തയ്യാറായിരുന്നു. ഇസ്‌ലാമിക തത്വങ്ങളും മുസ്‌ലിംകളുടെ നടപടി ക്രമങ്ങളും ഏറെ അന്തരമുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. മുസ്‌ലിംകള്‍ക്കിടയില്‍ വിശ്വാസദാര്‍ഢ്യവും മതബോധവും ഊട്ടിയുറപ്പിക്കാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ ശ്ലാഘനീയമാണ്. അദ്ദേഹത്തിന്റെ ചിന്താപരമായ കുറിപ്പുകളും പ്രഭാഷണങ്ങളും സമുദായത്തില്‍ വലിയ സ്വാധീനമുണ്ടാക്കി.
ശാസ്ത്രീയ യുഗത്തിലെ ഇസ്‌ലാമിന്റെ ഇടം അടയാളപ്പെടുത്തുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പഠനങ്ങള്‍ ഏറെ പ്രസിദ്ധിയാര്‍ജ്ജിച്ചു. ആധുനിക ശാസ്ത്രം വികസിച്ചതോടെ ഏകദൈവത്വത്തിന്റെ പ്രസക്തി വര്‍ധിച്ചതായാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. ബഹുദൈവാരാധനയുടെ ഉറവിടം അന്ധവിശ്വാസങ്ങളിലാണ് എന്നും ശാസ്ത്രം ഈ അന്ധവിശ്വാസങ്ങളെ തകര്‍ത്തുവെന്നും പ്രപഞ്ചത്തിന്റെ സ്വഭാവം അനുസരിച്ചു കൊണ്ട് ഏകത്വത്തിലേക്ക് ചൂണ്ടുപലകയായി വര്‍ത്തിച്ചുവര്‍ന്നും തെളിവുകളോടെ അദ്ദേഹം സമര്‍ഥിക്കുന്നുണ്ട്.
പ്രശ്‌നങ്ങളുടെയും വെല്ലുവിളികളുടെയും വേരുകള്‍ കണ്ടെത്തി അതിനെ അഭിമുഖീകരിക്കുന്ന രീതിയാണ് അഭികാമ്യം എന്നതിലാണ് മുസ്‌ലിം സ്വത്വ രാഷ്ട്രീയം നിലകൊള്ളുന്നത്. എന്നാല്‍ മൗലാന വഹീദുദ്ദീന്‍ ഖാന്‍ ഇതിന് വിപരീതമായ നിലപാടാണ് കൈക്കൊണ്ടത്. ഭരണകൂടങ്ങളുടെ മുസ്‌ലിം വിരുദ്ധ നങ്ങള്‍ക്കെതിരെയും മുസ്‌ലിം വേട്ടക്കെതിരെയുമെല്ലാം അദ്ദേഹം തികഞ്ഞ മൗനം പാലിച്ചു. പ്രശ്‌നങ്ങളെകുറിച്ച് സംസാരിക്കരുത് എന്നും പ്രതിഷേധങ്ങളെല്ലാം ഊര്‍ജ്ജം നഷ്ടപ്പെടുത്തല്‍ മാത്രമാണെന്നും ആയിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നല്ല ഒരു പടി കൂടി കടന്ന് തന്റെ നിലപാടിന് മതപരമായും സൈദ്ധാന്തികമായും മാനങ്ങള്‍ കണ്ടെത്തി അവതരിപ്പികുകയും ചെയ്തു.
നിലപാടുകള്‍ വിവാദങ്ങള്‍
പുതിയ കാലത്തിന്റെ ചില വെല്ലുവിളികളെ മനസിലാക്കുന്നതില്‍ അദ്ദേഹം വിജയിക്കുകയും ചില വെല്ലുവിളികളോട് ഇടപെടുന്നതില്‍ പാളിച്ച പറ്റുകയും ചെയ്തത് കാണാം. അദ്ദേത്തിന്റെ പല പഠനങ്ങളും മുസ്‌ലിം സമുദായത്തിന് വിലമതിക്കാന്‍ കഴിയാത്തത് തന്നെയാണ് എന്ന് സമ്മതിക്കുമ്പോഴും ചില നിലപാടുകള്‍ സമുദായത്തിന്റെ പൊതുവികാരത്തെ മറന്നുകൊണ്ടായിരുന്നു എന്നും രേഖപ്പെടുത്താതെ വയ്യ.
ഹിന്ദു മുസ്‌ലിം ഐക്യത്തിന്റെ വക്താവായി അദ്ദേഹം പലരും വിശേഷിപ്പിച്ചിട്ടുണ്ട്. മുസ്‌ലിംകള്‍ തങ്ങളുടെ സ്വത്വത്തെ ആത്മീയമായി മാത്രം സമീപിക്കുകയും പുനര്‍വിചിന്തനം നടത്തുകയും വേണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഏറെ വിവേക പൂര്‍ണമായ ഈ നിലപാടിന്റെ പ്രായോഗികത എന്നാല്‍ വിവാദം ക്ഷണിച്ചുവരുത്തി. ഹിന്ദു- മുസ്‌ലിം അസ്വസ്ഥതകള്‍ ഉണ്ടായാല്‍ മുസ്‌ലിംകള്‍ ആദ്യം തങ്ങളിലെ പോരായ്മകളും തങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും തിരുത്താനാണ് ശ്രമിക്കേണ്ടത് എന്നതായിരുന്നു വഹീദുദ്ദീന്‍ ഖാന്റെ നയം. ഇത് ഒരു പൊതു തത്വമായി കൊണ്ടുനടന്നു എന്നിടത്താണ് അദ്ദേഹത്തിന് പിഴവ് സഭവിച്ചത്. സമുദായത്തോടുള്ള എല്ലാ അതിക്രമങ്ങളോടും അദ്ദേഹത്തിന്റെ നിലപാട് ഇത് തന്നെയായിരുന്നു. ബാബരി മസ്ജിദ് ഹൈന്ദവര്‍ക്ക് വിട്ടുകൊടുക്കണം എന്നു പറഞ്ഞത് ഈ നിലപാടിന്റെ ഭാഗമായിരുന്നു. നീതി നിഷേധിക്കപ്പെട്ടാലും സമാധാനത്തിന് ഭംഗം വരരുത് എന്ന നിലപാട് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കി. ബാബരി വിഷയം മറന്നുകൊണ്ട് മുസ്‌ലിംകള്‍ നിര്‍മാണാത്മകമായ കാര്യങ്ങളില്‍ ശ്രദ്ധ പഠിപ്പിക്കണം എന്നായിരുന്നു വഹീദുദ്ദീന്‍ ഖാന്റെ നിലപാട്.
ശാസ്ത്രത്തിന്റെ അപ്രമാദിത്വത്തോടൊപ്പം മാത്രമല്ല, ആധുനിക രാഷ്ട്രീയ വ്യവസ്ഥകളോടും അദ്ദേഹം പൂര്‍ണമായി യോജിച്ചുനിന്നു. ഇതുമൂലമാവണം ഇതര സമൂഹങ്ങള്‍ക്കിടയില്‍ അദ്ദേഹം സ്വീകാര്യനായത്. അതോടൊപ്പം മുസ്‌ലിം മുഖ്യധാരയില്‍ തികഞ്ഞ ജനാതിപത്യ, മതേതര വാദിയായിരുന്നു അദ്ദേഹം. ദേശീയതയില്‍ ഉറച്ചുവിശ്വസിച്ച അദ്ദേഹം പാക്കിസ്താന്റെ ഇസ്‌ലാമികവത്കരണത്തെയും ഇന്ത്യയിലെ ഹിന്ദുത്വത്തെയും ഒരേ കണ്ണുകളോടെയായിരുന്നു നോക്കിക്കണ്ടത്. കഴിഞ്ഞ ഏഴ് നൂറ്റാണ്ടായി നടന്ന ധൈഷണിക വ്യവഹാരങ്ങളുടെ മൊത്തം തുക മതാധിഷ്ഠിത ഭരണകൂടങ്ങള്‍ക്ക് എതിരാണ് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. മതേതരത്വത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത് ഭരണകൂടത്തിന്റെ മതപരതക്ക് എതിരായ ഈ ധൈഷണിക വിപ്ലവം എന്ന നിലയിലാണ്. പ്രത്യയശാസ്ത്രപരമായ സമൂലമായ പരിവര്‍ത്തനം സാധ്യമാകാതെ മതരാഷ്ട്രം അസാധ്യമാണ് എന്നാണ് വഹീദുദ്ദീന്‍ ഖാന്‍ സമര്‍ഥിക്കുന്നത്.
മതത്തിലും രാഷ്ട്രീയത്തിലും സാമൂഹ്യ ജീവിതത്തിലും തികച്ചും സമാധാനപൂര്‍ണമായ ഇടപെടലുകള്‍ മാത്രമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ഇത് എത്രത്തോളം മത മൂല്യങ്ങളോടും രാഷ്ട്രീയ ലക്ഷ്യങ്ങളോടും നൈതിക സാമൂഹ്യ ഘടനയോടും നീതിപുലര്‍ത്തും എന്ന ചോദ്യത്തെ അദ്ദേഹം തീര്‍ത്തും അവഗണിച്ചു എന്നു പറയാം. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍ അധികാരത്തിലുള്ളവര്‍ക്ക് വിധേയപ്പെടണം എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. പിന്നീട് അധികാരത്തില്‍ വരാന്‍ വേണ്ടി തങ്ങളുടെ പ്രത്യയശാസ്ത്രം മുന്നില്‍വച്ചു പ്രചാരണം നടത്തുക എന്നത് മാത്രമേ കരണീയമായിട്ടുള്ളൂ എന്നും, പ്രതിഷേധിക്കരുത്, അവസരം കാത്തുനില്‍ക്കണം എന്നും അദ്ദേഹം നിര്‍ദേശിച്ചു. സാമൂഹ്യ നീതിയോടും നീതിക്ക് വേണ്ടിയുള്ള ശബ്ദങ്ങളോടുമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് ഏറെ വിമര്‍ശനം ക്ഷണിച്ചു വരുത്തിയതില്‍ അത്ഭുതമില്ല.
മതപ്രബോധനമാണ് തന്റെ രാഷ്ട്രീയ ദൗത്യം എന്നദ്ദേഹം വിശ്വസിച്ചു. പ്രബോധനത്തിനായി സാഹചര്യത്തെ അനുകൂലമാക്കാന്‍ ക്ഷമയായിരുന്നു അദ്ദേഹത്തിന്റെ മാര്‍ഗം. അമിതമായ ശുഭാപ്തി വിശ്വാസം അദ്ദേഹത്തിന് പലപ്പോഴും വിനയായി. എത്ര വലിയ ഇസ്‌ലാം വിമര്‍ശകന്‍ ആണെങ്കിലും സമാധാന പൂര്‍ണമായി അവരോട് സംവദിക്കാന്‍ കഴിയും എന്നദ്ദേഹം വിശ്വസിച്ചു. പ്രവാചകനെ അവഹേളിച്ച സല്‍മാന്‍ റുശ്ദിയോട് പോലും സമാധാന പൂര്‍ണമായി ഇടപെട്ട് സംസാരിക്കാന്‍ അദ്ദേഹം തുനിഞ്ഞു. തന്റെ ഇടപെടല്‍ വിവേക പൂര്‍വമാണെന്നും അതാണ് വേണ്ടതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തികൊണ്ടേയിരുന്നു.
കുഴഞ്ഞുമറിഞ്ഞ ആശയധാര
പാരമ്പര്യ സൂഫി ധാരകളില്‍ കണ്ണിയായില്ലെങ്കിലും സൂഫികളുടെ ജീവിതം അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ഇസ്‌ലാമിക പ്രബോധന ശൈലി സൂഫി ശൈലിയിലാവണമെന്ന് അദ്ദേഹം പലയിടത്തായി കുറിച്ചിട്ടുണ്ട്. അദ്ദേഹം എഴുതുന്നു: 'പില്‍ക്കാലത്ത് സൂഫികള്‍ ശക്തമായ വിഭാഗമായി രംഗത്ത് വന്നു, ഇസ്‌ലാമിന്റെ തത്വങ്ങളും മുസ്‌ലിമിന്റെ പെരുമാറ്റവും തമ്മിലെ അന്തരം ഇല്ലാതാക്കാന്‍ അദ്ദേഹം യത്‌നിച്ചു. ജനങ്ങളെ പ്രചോദിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു' (ഡയറിക്കുറിപ്പുകള്‍ ഫെബ്രുവരി 10).
ജീവിതത്തിലും സൂഫിസമാനമായ വ്യക്തിനിഷ്ഠയും ആരാധനാ മുറകളും അദ്ദേഹം പാലിച്ചുപോന്നു. എല്ലാവരോടും ഏറെ സ്‌നേഹത്തോടെ പെരുമാറി. ഏത് ചെറിയവരെയും ഏറെ പ്രാധാന്യത്തോടെ അദ്ദേഹം പരിഗണിക്കുമായിരുന്നു. അതുകൊണ്ട് തന്നെയാവണം അദ്ദേഹത്തോട് നേരിട്ട് ഇടപെട്ടവരെല്ലാം അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ഏറെ ഇഷ്ടപ്പെടുന്നതും സ്മരിക്കുന്നതും. അവസാനകാലത്ത് പോലും അദ്ദേഹം ആളുകളെ പ്രാധാന്യത്തോടെ സ്വീകരിക്കുകയും പരിഗണിക്കുകയും ചെയ്തിരുന്നു എന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.
സംഘ്പരിവാറിനോട് മൃദുസമീപനം സ്വീകരിച്ചു എന്നതാണ് അദ്ദേഹത്തെക്കുറിച്ചുള്ള വലിയൊരു വിമര്‍ശനം. പ്രായോഗികമായി അദ്ദേഹത്തിന്റെ നിലപാടുകളില്‍ അത്തരത്തിലുള്ള അപാകതകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇത് തനിക്ക് അധികാരമോ പദവിയോ നേടാനായിരുന്നില്ല എന്ന് അദ്ദേഹത്തെ അടുത്തറിയുന്നവരുടെ പക്ഷം. മറിച്ച് നിഷ്‌കളങ്കമായ ശുഭപ്രതീക്ഷയാണ് അദ്ദേഹം വച്ചുപുലര്‍ത്തിയത്. കോണ്‍ഗ്രസും ബി.ജെ.പിയും കാലഹരണപ്പെട്ട പ്രസ്ഥാനങ്ങള്‍ ആണെന്നാണ് അദ്ദേഹം എഴുതിയത്. 1948ല്‍ ഇന്ദിരാ ഗാന്ധിയെ ഉന്മൂലനം ചെയ്തത് സംഘ്പരിവാര്‍ ആണെന്ന് തുറന്നെഴുതിയ അദ്ദേഹം പക്ഷേ, ഓര്‍ഗനൈസറില്‍ പോലും ലേഖനങ്ങള്‍ എഴുതി. ഇസ്‌ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ഏത് വേദിയും ഉപയോഗിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
പ്രസിദ്ധീകരണം അംഗീകാരം
കരുത്തുറ്റ തൂലികയുടെ ഉടമയായിരുന്നു അദ്ദേഹം. ഗഹനമായ പഠനവും തുല്യതയില്ലാത്ത ധിഷണാപാടവവും തുറന്ന കാഴ്ചപ്പാടുകളും ലളിതവും ആകര്‍ഷകവുമായ പ്രതിപാദന ശൈലിയും അദ്ദേഹത്തിന്റെ രചനകളെ അകര്‍ഷണീയമാക്കി. അറബി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം തുടങ്ങിയ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട നിരവധി കൃതികളാല്‍ അദ്ദേഹം രാജ്യം മുഴുവന്‍ പ്രസിദ്ധനായി. യുക്തിവാദത്തെയും നിരീശ്വരവാദത്തെയുമെല്ലാം അദ്ദേഹം തന്റെ തൂലികയിലൂടെ കുടഞ്ഞെറിഞ്ഞു. മതവും ആധുനിക വെല്ലുവിളികളും, സോഷ്യലിസവും ഇസ്‌ലാമും, ബുദ്ധിയുടെ മതം, മതവും ശാസ്ത്രവും, മാര്‍ക്‌സിസം എന്നിങ്ങനെ ഈ രംഗത്ത് അദ്ദേഹം രചിച്ച പുസ്തകങ്ങളാണ്. ഖുര്‍ആന്‍ സംബന്ധിച്ച് നിരവധി രചനകള്‍ അദ്ദേഹം നിര്‍വഹിച്ചു. സ്ഖലിതങ്ങള്‍ ഉണ്ടെങ്കിലും ഖുര്‍ആന്‍ വ്യാഖ്യാനവും തര്‍ജ്ജമയും നിര്‍വ്വഹിച്ചു. അദ്ദേഹത്തിന്റെ ചില കൃതികള്‍ വിദേശ യൂനിവേഴ്‌സിറ്റികളില്‍ അവലംബിക്കപ്പെടുന്നുണ്ട്.
1970ല്‍ ഡല്‍ഹിയില്‍ ഇസ്‌ലാമിക പഠനകേന്ദ്രം സ്ഥാപിച്ചു. 1976ല്‍ അദ്ദേഹം പുറത്തിറക്കാന്‍ തുടങ്ങിയ രിസാലയിലൂടെയാണ് തന്റെ ആശയങ്ങളും നിലപാടുകളും അദ്ദേഹം പ്രചരിപ്പിച്ചത്. ഗഹനമായ വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്ന രിസാല ഏറെ താമസിയാതെ അഭ്യസ്തവിദ്യരായ മുസ്‌ലിം യുവാക്കളുടെ ഇടയില്‍ പ്രചാരം നേടി. 1984ല്‍ ഇത് ഇംഗ്ലീഷിലും 1990ല്‍ ഹിന്ദിയിലും പുറത്തിറങ്ങാന്‍ തുടങ്ങി.
ബാബരി മസ്ജിദ് ധ്വംസനത്തെ തുടര്‍ന്ന് അദ്ദേഹം മഹാരാഷ്ട്രയുടെ പടിഞ്ഞാറെ ഭാഗങ്ങളില്‍ 15 ദിവസം നീണ്ട ശാന്തിയാത്ര നടത്തി സമാധാന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. നിരവധി ഹൈന്ദവ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഈ യാത്രകളിലെ അനുഭവങ്ങള്‍ അദ്ദേഹം പലയിടത്തായി കുറിക്കുന്നുണ്ട്. 2001ല്‍ അദ്ദേഹം ആത്മീയതക്കും സമാധാന സംരക്ഷണത്തിനും വേണ്ടി ഒരു കൂട്ടായ്മ രൂപീകരിച്ചു. 2009 ല്‍ വാഷിങ്ടണിലെ ജോര്‍ജ്ജ്ടൗണ്‍ സര്‍വകലാശാല ലോകത്തെ സ്വാധീനിച്ച 500 മുസ്‌ലിംകളുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ മൗലാന അതില്‍ ഉള്‍പ്പെട്ടു. ലോക ഇസ്‌ലാമിന്റെ ആത്മീയ അംബാസിഡര്‍ എന്നാണ് അദ്ദേഹത്തെ അവര്‍ വിശേഷിപ്പിച്ചത്. 2021ല്‍ അദ്ദേഹം പത്മവിഭൂഷന്‍ നല്‍കി ആദരിക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."