രാത്രിയും പിന്നിട്ട് റെയ്ഡ് തുടരുന്നു; സോഷ്യല്‍ മീഡിയയില്‍ ഉള്‍പെടെ പ്രതികരികരിക്കരുതെന്ന് ജീവനക്കാര്‍ക്ക് ബി.ബി.സിയുടെ നിര്‍ദ്ദേശം
ഡല്‍ഹി: മുബൈയിലെയും ഡല്‍ഹിയിലെയും ബിബിസി ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന തുടരുന്നു. ഇന്നലെ ഓഫിസില്‍ എത്തിയ ബിബിസിയുടെ ചില മാധ്യമപ്രവര്‍ത്തകര്‍ ഓഫീസുകളില്‍ തുടരുകയാണ്.
ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ പഴയപടി തന്നെ മുന്‍പോട്ട് പോകുമെന്നും പ്രേക്ഷകര്‍ക്കായി മാധ്യമപ്രവര്‍ത്തനം തുടരുമെന്നും ബിബിസി അറിയിച്ചു. പരിശോധനയോട് സഹകരിക്കുമെന്നും ബി.ബി.സി വ്യക്തമാക്കി.
ഇന്നലെ രാവിലെ 11.30ഓടെയാണ് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചത്. രാത്രിയിലും പരിശോധന തുടര്‍ന്നു. അന്താരാഷ്ട്ര നികുതികളില്‍ ഉള്‍പ്പെടെ ക്രമക്കേടുണ്ടെന്ന പരാതികളിലാണ് റെയ്ഡ്. എന്നാല്‍ ഓഫിസുകളിലേത് പരിശോധനയല്ല സര്‍വേയാണെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ഇന്നലെ മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവ പിടിച്ചെടുത്തിരുന്നു. വരവുചെലവ്, ബാക്കിപത്ര കണക്കുകള്‍ക്കു പുറമെ, എല്ലാ ജീവനക്കാരുടെയും കമ്പ്യൂട്ടറുകള്‍ പരിശോധിച്ചിട്ടുണ്ട്. പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയവ പരിശോധനകള്‍ക്കുശേഷം തിരിച്ചുനല്‍കുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.
ഓഫിസിന്റെ പ്രവര്‍ത്തനം മണിക്കൂറുകള്‍ തടസ്സപ്പെട്ടതിനൊടുവിലാണ് മാധ്യമപ്രവര്‍ത്തകരെ പുറത്തുപോകാന്‍ അനുവദിച്ചു. വര്‍ക് ഫ്രം ഹോം അടിസ്ഥാനത്തിലാണ് പ്രതിദിന വാര്‍ത്താപരിപാടികള്‍ മുന്നോട്ടുനീക്കിയത്. പരിശോധനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കരുതെന്ന് ബി.ബി.സി ജീവനക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
മാധ്യമ പ്രവര്‍ത്തകരെയും മറ്റു ജീവനക്കാരെയും പുറത്തുപോകാനോ അകത്തുകടക്കാനോ ആദ്യഘട്ടത്തില്‍ അനുവദിച്ചില്ല. ധനമന്ത്രാലയത്തിലെ പ്രത്യക്ഷ നികുതി ബോര്‍ഡിനുകീഴില്‍ വരുന്ന രണ്ടു ഡസനോളം ആദായ നികുതി ഉദ്യോഗസ്ഥരാണ് ഡല്‍ഹി ഹിന്ദുസ്ഥാന്‍ ടൈംസ് ഹൗസിന്റെ അഞ്ച്, ആറ് നിലകളിലായി പ്രവര്‍ത്തിക്കുന്ന ബി.ബി.സി ഓഫിസില്‍ ഉച്ചക്കുമുമ്പ് എത്തിയത്. മുംബൈ സ്റ്റുഡിയോയിലും ഇതേ രീതിയില്‍ ഒരേ സമയത്തായിരുന്നു പരിശോധന.
പരിശോധനയെ വിമര്‍ശിച്ച് പ്രതിപക്ഷവും എഡിറ്റേഴ്‌സ് ഗില്‍ഡും രംഗത്തെത്തി. ഭരണകൂടത്തെ വിമര്‍ശിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ കേന്ദ്രം സ്വീകരിക്കുന്ന സമീപനത്തില്‍ ആശങ്കയുണ്ടെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രതികരിച്ചു. ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി പുറത്തിറക്കിയതിന്റെ പ്രതികാര നടപടിയാണ് പരിശോധനയെന്ന് പ്രതിപക്ഷ പാര്‍ട്ടികളും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ആരോപിച്ചു. അദാനി വിഷയത്തില്‍ വലിയ പ്രതിഷേധം നടക്കുമ്പോഴും സര്‍ക്കാര്‍ ബിബിസിയുടെ പിന്നാലെയാണെന്നും വിനാശകാലേ വിപരീത ബുദ്ധിയെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പരിഹസിച്ചു.
പരിശോധനക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവര്‍ രംഗത്ത് എത്തി. പരിശോധനയുടെ ഉദ്ദേശ്യശുദ്ധി അങ്ങേയറ്റം സംശയകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അതേസമയം പരിശോധനയെ പിന്തുണച്ച് ബി.ജെ.പി രംഗത്ത് എത്തി. ആരും നിയമത്തിന് അതീതരല്ലെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ പറഞ്ഞു. ബിബിസി അഴിമതി കോര്‍പ്പറേഷനാണെന്നായിരുന്നു ബി.ജെ.പി വക്താവ് സൗരവ് ഭാട്ടിയയുടെ പ്രതികരണം. ബിബിസി ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."