മോദിയെ കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പുതിയ പാക് പ്രധാനമന്ത്രി; ഇന്ത്യയുമായി ആഗ്രഹിക്കുന്നത് നല്ല ബന്ധമെന്ന് ഷഹബാസ് ശരീഫ്
ഇസ്ലാമാബാദ്: പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പാക് പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും കശ്മീര്‍ വിഷയം സമാധാനപരമായി ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നും ഷഹബാസ് ശരീഫ് ആവശ്യപ്പെട്ടു.
ദാരിദ്ര്യത്തിനെതിരേ നമുക്ക് ഒരുമിച്ചു പോരാടണം. കശ്മീര്‍ പ്രശ്‌നം എല്ലാ ഇന്താരാഷ്ട്ര വേദികളിലും ഉന്നയിക്കുമെന്നും ഷഹബാസ് കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവായിരുന്ന ഷഹബാസ് ഷെരീഫിനെയാണ് ഇന്നു നടന്ന ദേശീയ അസംബ്ലി പാക് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട ഇമ്രാന്‍ഖാന് പകരമാണ് പുതിയ പ്രധനമന്ത്രിയെ എതിരില്ലാതെ തിരഞ്ഞെടുത്തത്.ദേശീയ അസംബ്ലിയില്‍ 174 പേര്‍ ഷഹബാസിനെ അനുകൂലിച്ച് വോട്ടുചെയ്തു.
മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരനാണ് ഷഹബാസ്. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള പ്രക്രിയ നാഷണല്‍ അസംബ്ലിയില്‍ ഞായറാഴ്ചയാണ് ആരംഭിച്ചത്.
അഴിമതി, സാമ്പത്തിക ദുര്‍ഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി മാര്‍ച്ച് എട്ടിനാണ് ഇമ്രാനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഭരണപക്ഷത്തെ പ്രധാന കക്ഷികളും ഇതിനെ പിന്തുണച്ചു. ഇതോടെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാകുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."