കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപത മുഖപത്രം
തൃശൂർ
കോൺഗ്രസിനെ അതിരൂക്ഷമായി വിമർശിച്ച് തൃശൂർ അതിരൂപത മുഖപത്രത്തിൽ ലേഖനം.
നേതാക്കൾ തമ്മിലടിച്ച് കോൺഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണെന്നും തമ്മിലടിക്കുന്ന നേതാക്കൾ കോൺഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പിയുടെ മുദ്രാവാക്യത്തിന് കുട ചൂടി കൊടുക്കുകയാണെന്നും അതിരൂപത മുഖപത്രമായ കത്തോലിക്കാസഭയിൽ കോൺഗ്രസ് ദേശീയ ബദലിൽ നിന്ന് അകലുന്നോ’ എന്ന ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു. ലേഖനത്തിലുടനീളം കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായാണ് വിമർശിക്കുന്നത്. സ്തുതിപാഠകരുടെയും അധികാരമോഹികളുടെയും കൂട്ടായ്മയായി വീണ്ടും വീണ്ടും തരം താഴുകയാണ് കോൺഗ്രസ് . രണ്ട് വർഷങ്ങൾക്കപ്പുറം നടക്കാനിരിക്കുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പും കളഞ്ഞു കുളിക്കാനുള്ള വഴിയിലാണ് ഈ പാർട്ടിയെന്നും ലേഖനം കുറ്റപ്പെടുത്തുന്നു. പ്രസിഡൻ്റാകാൻ ഇല്ലെന്ന് പറയുകയും പ്രസിഡണ്ടിൻ്റെ റോളിൽ ചരട് വലിക്കുകയും ചെയ്യുന്ന രാഹുൽഗാന്ധിയുടെ ഇരട്ടത്താപ്പ് ജനം അംഗീകരിക്കുന്നില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണം . പേരിൽ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ലെന്ന് തിരിച്ചറിഞ്ഞില്ലെങ്കിൽ ഭാരതം ജനാധിപത്യ മതേതര മൂല്യങ്ങളിൽ നിന്നും വഴിമാറി സംഘപരിവാറിന്റെ പുതിയ ഹിന്ദുസ്ഥാനിലേക്ക് പ്രവേശിക്കുന്നത് കാണേണ്ടി വരുമെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. നേതൃത്വമില്ലായ്മയും ഉൾപ്പോരും കുതികാൽവെട്ടും കോൺഗ്രസിന് തന്നെ നാണക്കേടായി. പ്രതിപക്ഷ ഐക്യത്തിന്റെ നേതൃസ്ഥാനം എന്ന പദവി പോലും കളഞ്ഞു കുളിച്ചാണ് കോൺഗ്രസ് ശവക്കുഴി തോണ്ടുന്നതെന്നും ലേഖനം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."